"സാറിന്‍റെ കണ്ണിൽ നോക്കരുത്, ഹസ്തദാനം ചെയ്യരുത്", അല്ലു അർജുനെ കാണാൻ 42 നിബന്ധനകൾ പാലിക്കണമെന്ന് യുവതി, കേസ് കൊടുത്ത് താരം
പുഷ്പയുടെ വമ്പൻ വിജയത്തോടെ ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് അല്ലു അർജുൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തെ കാണുന്നതിന് മുൻപ് പാലിക്കേണ്ടി നിബന്ധനകളെക്കുറിച്ച് ബ്രാൻഡ് മാനേജർ നടത്തിയ ആരോപണങ്ങളാണ്. താരത്തിന്‍റെ കണ്ണിൽ നോക്കരുത്, ഹസ്തദാനം ചെയ്യരുത് തുടങ്ങിയ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ 42 നിബന്ധനകളുടെ ലിസ്റ്റ് താരത്തിനെ കാണുന്നതിന് മുൻപ് നൽകി എന്നാണ് ബ്രാൻഡ് മാനേജർ കാവേരി ബറുവ ഒരു ബ്രോഡ്കാസ്റ്റിൽ പറഞ്ഞത്. ഇതിന്‍റെ വിഡിയോ വൈറലായതോടെ ഇവർക്കെതിരേ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് താരത്തിന്‍റെ ടീം.
ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് കാവേരി ബറുവ നടനേക്കുറിച്ച് പരിഹാസരൂപേണയുള്ള പരാമർശങ്ങൾ നടത്തിയത്. താരത്തെ നേരിട്ട് കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 കർശന നിബന്ധനകൾ അടങ്ങിയ ഒരു പട്ടിക തനിക്ക് ലഭിച്ചിരുന്നുവെന്നാണ് കാവേരി അവകാശപ്പെട്ടത്. ‘സാറിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, അദ്ദേഹത്തിന് ഹസ്തദാനം നൽകരുത്, നിശ്ചിത അകലം പാലിക്കണം’ തുടങ്ങിയ വിചിത്രമായ നിർദ്ദേശങ്ങൾ ഇതിലുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഫോൺ ഉപയോഗിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അത് തടഞ്ഞുവെന്നും അവർ ആരോപിച്ചിരുന്നു.
താരത്തിന് ചുറ്റും നിരവധി മാനേജർമാരുടെ നിരയുണ്ടെന്നും അവരെല്ലാം വളരെ സ്ട്രിക്റ്റ് ആണെന്നും ഇവർ പറഞ്ഞു. പോഡ്കാസ്റ്റിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു. ഇതോടെയാണ് പ്രതികരണവുമായി താരത്തിന്‍റെ ടീം രംഗത്തെത്തിയത്.
ആരോപണങ്ങൾ തികച്ചും അസത്യമാണെന്നും താരത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നീക്കമാണിതെന്നും അല്ലു അർജുന്റെ ടീം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. എപ്പോഴും മാന്യമായും വിനയത്തോടെയുമാണ് അല്ലു അർജുൻ മറ്റുള്ളവരോട് പെരുമാറുന്നതെന്നും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും താരത്തിന്റെ നിയമവിഭാഗം അറിയിച്ചു. കാവേരി ബറുവയ്ക്കെതിരേ അപകീർത്തിക്കേസ് ഫയൽ ചെയ്തതായും ടീം വ്യക്തമാക്കി.
അതിനിടെ അല്ലു അർജുന്‍റെ 42 നിബന്ധനകൾ എന്ന പേരിൽ പിആർ നോട്ടും പുറത്തായിട്ടുണ്ട്. ഇത് ഔദ്യോഗികമാണോ അതോ വ്യാജമാണോ എന്നത് കൃത്യമല്ല.