ഓറി

 
Entertainment

ഒരു റീലിന് വാങ്ങുന്നത് 76 ലക്ഷം; ആരാണ് ഈ ഓറി?

ഓര്‍ഹാന്‍ അവത്രാമണി എന്ന ഓറി ഒരു ഇന്‍സ്റ്റഗ്രാം റീലിന് 76 ലക്ഷം രൂപയും സ്വകാര്യ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ 25 ലക്ഷം രൂപയുമാണ് ഈടാക്കുന്നത്

Sarath Nath MS

ഇൻസ്റ്റഗ്രാമിൽ ഒരു റീലിന് പ്രതിഫലമായി വാങ്ങുന്നത് 'വെറും' 76 ലക്ഷം രൂപ. 25 ലക്ഷം രൂപ നൽകിയാൽ കൂടെ അത്താഴം കഴിക്കാൻ എത്തും. കേൾക്കുമ്പോൾ വിശ്വസിക്കാൻ ഇത്തിരി പ്രയാസം തോന്നുന്നുണ്ടാകും. എന്നാൽ, സംഗതി സത്യമാണ്. അടുത്തിടെയായി ബോളിവുഡ് ലോകത്ത് സുപരിചിതമായ പേരിന് ഉടമയാണ് തന്‍റെ സേവനങ്ങൾക്ക് ഈ കനത്ത പ്രതിഫലം ഈടാക്കുന്നത്. അത് മറ്റാരുമല്ല. ജാൻവി കപൂർ അടക്കമുള്ള ബോളിവുഡ് സെലിബ്രിറ്റിമാരുടെ കണ്ണിലുണ്ണിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഓറി ആണത്.

ബോളിവുഡിലെ നിശാപാർട്ടികളിലെല്ലാം തന്നെ നിറസാന്നിധ്യമാണ് ഓറി. പ്രമുഖ ബോളിവുഡ് നടിമാർക്കൊപ്പമെല്ലാം ഓറിയെ കാണാം. ഇപ്പോഴിതാ തന്‍റെ വരുമാന സ്രോതസിനെപ്പറ്റി വെളിപ്പെടുത്തിയാണ് ഓറി ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ഒരു പോഡ്കാസ്റ്റിലൂടെയാണ് ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയങ്കരനായ ഓറി തന്‍റെ വരുമാനക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞമാസം ഒരു ഇൻസ്റ്റഗ്രാം റീലിലൂടെ മാത്രം തനിക്ക് 76 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായി ഓറി പറയുന്നു. പെയ്ഡ് ഫ്രണ്ട്ഷിപ്പുകളിലൂടെയാണ് ഓറി തന്‍റെ വരുമാനത്തിൽ ഏറിയപങ്കും സമ്പാദിക്കുന്നത്. അതായത് പണം നൽകിയാൽ വ്യക്തികളുടെ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാൻ ഓറി എത്തും. 15 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ നൽകിയാൽ ബർത്ത് ഡേ പാർട്ടികൾ, കല്യാണങ്ങൾ, അത്താഴവിരുന്നുകൾ തുടങ്ങിയവയിൽ പങ്കെടുക്കാൻ താൻ എത്തുമെന്ന് ഓറി പറയുന്നു. പണം നൽകുന്നവർ‌ക്കൊപ്പം താൻ സമയം ചെലവഴിക്കുമെന്നും തനിക്കൊപ്പം അവർക്ക് ഫോട്ടോ എടുക്കാമെന്നും വളരെ വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും ഓറി വിശദീകരിക്കുന്നു. ഇന്ത്യയിൽ ഷാറൂഖ് ഖാന് സമാനമായ രീതിയിലേക്ക് ഉയരാൻ കഴിഞ്ഞ മറ്റൊരു വ്യക്തി താനാണെന്നും ഓറി തമാശരൂപേണ പറയുന്നു.

ഇൻഫ്ലൂവൻസർ ലോകത്തെ കിങ് ഖാൻ എന്നറിയപ്പെടുന്ന ഓറിയുടെ വരുമാനത്തെക്കുറിച്ച് കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം. ഇൻസ്റ്റഗ്രാമിൽ 2.5 മില്യൺ ആളുകളാണ് ഓറിയെ ഫോളോ ചെയ്യുന്നത്. ബോളിവുഡ് സെലിബ്രിറ്റികൾക്കൊപ്പമുള്ള ഓറിയുടെ ചിത്രങ്ങളെല്ലാം വൻ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

മുംബൈ സ്വദേശിയാണ് ഒര്‍ഹാന്‍ അവത്രാമണി എന്ന ഓറി. 26 വയസുകാരനായ ഓറി സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ആഡംബര ജീവിതവും ബോളിവുഡ് നടിമാരുമായുള്ള സൗഹൃദത്തിലൂടെയാണ് സെലിബ്രിറ്റിയായി ഉയര്‍ന്നുവന്നത്. ജാന്‍വി കപൂര്‍, സാറാ അലിഖാന്‍, നൈസ ദേവ്ഗണ്‍ തുടങ്ങിയ യുവബോളിവുഡ് നടിമാരുടെ കൂട്ടുകാരനെന്ന നിലയിലാണ് ഓറി ശ്രദ്ധപിടിച്ചുപറ്റിയത്.

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്; എഡിജിപി ഓഫിസിൽ പരിശോധന നടത്തി എസ്ഐടി

സൈബർ തട്ടിപ്പിൽ കുടുങ്ങി മുൻ പ്രധാനമന്ത്രിയുടെ മകൻ; നഷ്ടമായത് കോടികൾ

'പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരള സർക്കാരിന്‍റെ ശ്രമങ്ങൾ തടയും'; മുല്ലപ്പെരിയാർ വിഷയത്തിൽ വിജയ്

എം.വി. ഗോവിന്ദനെതിരേ കെ. സുധാകരൻ നൽകിയ മാനനഷ്ട കേസ് കോടതി തള്ളി

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവിന് ജാമ‍്യമില്ല