

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബോളിവുഡ് നടൻ അനുപം ഖേർ കൂടിക്കാഴ്ച നടത്തുന്നു
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് നടൻ അനുപം ഖേർ. "അവിസ്മരണീയമായ അനുഭവം" എന്നാണ് കൂടിക്കാഴ്ചയെ നടൻ വിശേഷിപ്പിച്ചത്. ചൊവ്വാഴ്ചയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
അമിത് ഷായുടെ സ്നേഹത്തിനും ഊഷ്മളമായ ആതിഥേയത്തിനും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തിയ അനുപം ഖേർ രാജ്യം, സമൂഹം, സംസ്കാരം, സിനിമ, ജീവിതം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ദീർഘവും അർഥവത്തുമായ സംഭാഷണം നടത്തിയതായി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.
വിഷയങ്ങളെ കുറിച്ചുള്ള അമിത് ഷായുടെ ആഴത്തിലുള്ള അറിവും അസാധാരണമായ ഓർമ്മശക്തിയും വ്യക്തമായ കാഴ്ചപ്പാടും തന്നെ ഏറെ പ്രചോദിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വ്യക്തിത്വവുമായി നടത്തുന്ന ഓരോ കൂടിക്കാഴ്ചയും പുതിയതായി ചിന്തിക്കാനും എന്തെങ്കിലും പുതുതായി പഠിക്കാനുമുള്ള അവസരമാണെന്നും അനുപം ഖേർ കൂട്ടിച്ചേർത്തു.