പരപാടിയിൽ നിന്നും
അനാവശ‍്യ ചോദ‍്യങ്ങൾ ചോദിക്കുന്നതിന്‍റെ പേരിൽ പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായിട്ടുള്ളയാളാണ് മിനിസ്ക്രീൻ അവതാരകയായ മീര അനിൽ. ഇപ്പോഴിതാ അത്തരത്തിൽ ഒരു സംഭവം വീണ്ടും നടന്നിരിക്കുകയാണ്. കോഴിക്കോട് വച്ച് നടൻ ആസിഫ് അലി പങ്കെടുത്ത ഒരു സ്വകാര‍്യ സ്ഥാപനത്തിന്‍റെ വേദിയിൽ ഐഫോൺ 18 ലോഞ്ചിനിടെയാണ് മീര അനാവശ‍്യ ചോദ‍്യം ചോദിച്ചത്.
പ്രൊമോഷന്‍റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിൽ വിജയിക്കുന്നയാൾക്ക് ഐഫോൺ സമ്മാനമായി നൽകാനെത്തിയതായിരുന്നു ആസിഫ് അലി. നറുക്കെടുപ്പിലൂടെ വിജയിച്ച ആളോട് മീര സ്റ്റേജിലേക്ക് വരാൻ ആവശ‍്യപ്പെടുകയും തുടർന്ന് യുവാവിനെ ആശംസിച്ച ശേഷം പെട്ടെന്ന് തന്‍റെ പഴയ മൊബൈൽ ഫോൺ ഏതാണെന്ന് കാണിക്കാൻ ആവശ‍്യപ്പെടുകയായിരുന്നു. പോക്കറ്റിൽ നിന്നും യുവാവ് പഴയ ഫോണെടുക്കുന്നതിനു മുൻപ് തന്നെ ആസിഫ് മീരയെ തടയുകയും അനാവശ‍്യ ചോദ‍്യം ഒഴിവാക്കാനായി ആംഗ‍്യം കാണിക്കുകയും ചെയ്തു.
ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ വൈറലായതോടെ ആസിഫ് അലിക്ക് കൈയടിയുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഒരു വ‍്യക്തിയുടെയും ആത്മാഭിമാനത്തെ ചോദ‍്യം ചെയ്യരുതെന്നും ഇനിയെങ്കിലും പക്വതയോടെ പെരുമാറാൻ മീര ശ്രമിക്കണമെന്നും വിമർശനമുയർന്നു. യഥാർഥ മനുഷ‍്യസ്നേഹി, തങ്കമാന പയ്യൻ എന്നൊക്കെയായിരുന്നു ആളുകൾ വിഡിയോയ്ക്കു പിന്നാലെ ആസിഫ് അലിയെ വിശേഷിപ്പിച്ചത്.