

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതചുഴി വൈകുന്നേരത്തോടെ ന്യൂനമർദമായി ശക്തി പ്രാപിക്കാനിടയുള്ളതിനാൽ സംസ്ഥാനത്ത് സെപ്റ്റംബർ 21വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും അതി തീവ്ര ന്യൂന മർദ സാധ്യതയുണ്ട്.
ചക്രവാതച്ചുഴി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂന മർദമായും 22-ന് മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതി തീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കാൻ ഇടയുണ്ടെന്നം കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള മധ്യ-പടിഞ്ഞാറൻ, സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ എത്താനും ഇടയുണ്ട്. 23വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.