ജൂനിയർ ആർട്ടിസ്റ്റുകളുടെ കഞ്ഞിയിലെ പാറ്റയായി എഐ; സിനിമാ സ്വപ്നങ്ങൾ ഇല്ലാതാകുന്നു
ആദ്യകാലം മുതലേ സിനിമയുടെ അവിഭാജ്യഘടകങ്ങളായിരുന്നു ജൂനിയർ ആർട്ടിസ്റ്റുകൾ. പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ലാത്ത കുറേ കഥാപാത്രങ്ങളായി അഭിനയിക്കാൻ എത്തുന്നവർ. ജൂനിയർ ആർട്ടിസ്റ്റുകളായി സിനിമയിലേക്കെത്തി പിന്നീട് സൂപ്പർസ്റ്റാറുകളായി മാറിയ എത്രയോ താരങ്ങളുണ്ട്. മിഥുൻ ചക്രവർത്തി, നവാസുദ്ദീൻ സിദ്ദിഖി, പങ്കജ് ത്രിപാഠി തുടങ്ങി സായ് പല്ലവി വരെയുള്ളവർ ജൂനിയർ ആർട്ടിസ്റ്റുകളായി അഭിനയിച്ചിട്ടുണ്ട്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ജൂനിയർ ആർട്ടിസ്റ്റുകളുടെ മുഖം പോലും ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതമാണ്.
അത്തരത്തിൽ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെ കഞ്ഞിയിൽ പാറ്റയായി മാറുകയാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്. മുംബൈയിൽ സിനിമാമോഹവുമായി എത്തുന്ന ആയിരക്കണക്കിന് പേർ അവരുടെ സ്വപ്നത്തിലേക്കുള്ള ആദ്യപടിയായി കരുതിയിരുന്നത് ജൂനിയർ ആർട്ടിസ്റ്റായി ഒരു അവസരം ലഭിക്കുന്നതിനെയായിരുന്നു. അതു വഴി ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നവരും അനവധിയാണ്. പക്ഷേ ഇപ്പോൾ മുന്നൂറു പേരുള്ള ഒരു സീനിൽ അഭിനയിക്കാൻ വെറും അറുപതു ജൂനിയർ ആർട്ടിസ്റ്റുകളെ മാത്രം മതിയെന്ന അവസ്ഥയാണുള്ളത്. ഒരു വലിയ ആൾക്കൂട്ടം കാണിക്കാൻ ഇപ്പോൾ ധാരാളം ആളുകൾ വേണമെന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. ഇന്ത്യൻ സിനിമയിൽ ഇപ്പോൾ എഐ ഉപയോഗിച്ച് ആൾക്കൂട്ടം നിർമിക്കാറുണ്ടെന്ന് സ്ക്വാഡ് വിഎഫ്എക്സ് വിഷ്വൽ എഫക്റ്റ്സ് ഹെഡ് അഖിലേഷ് ജെയിൻ പറയുന്നു. കണ്ണപ്പ, ബോർഡർ 2 എന്നിവയിലെല്ലാം എഐ ഉപയോഗിച്ച് ആൾക്കൂട്ടം ഉണ്ടാക്കിയിട്ടുണ്ട്.
സിനിമയിൽ ഗോഡ്ഫാദർ ഇല്ലാത്തവർക്കും ഫിലിം അക്കാഡമികളിൽ പഠിക്കാത്തവർക്കും എളുപ്പത്തിൽ ലഭിക്കാവുന്ന അവരമായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന്‍റേത്. എന്നാൽ അവർക്കു വേണ്ട ഭക്ഷണം, വസ്ത്രം, ഗതാഗതം, കൂലി എന്നിവ നൽകുന്നത് വലിയ ചെലവുണ്ടാക്കാറുമുണ്ട്. എഐ ഈ ചിലവുകൾ കുറയ്ക്കുമെന്നത് നിർമാതാക്കൾക്ക് ആശ്വാസകരമാണ്. 100 പേരുടെ ഒരു ആൾക്കൂട്ടം ഉണ്ടാക്കുന്നുവെങ്കിൽ അതിൽ 20 ശതമാനം മാത്രമേ യഥാർഥ ആളുകൾ ആകേണ്ടതുള്ളൂ. അത്രയും പേരുടെ ഫീച്ചറുകൾ ഉപയോഗിച്ച് ബാക്കിയുള്ളവരെ എഐ നിർമിക്കുകയാണ് പതിവ്. എങ്കിലും യഥാർഥ ആർട്ടിസ്റ്റുകൾ അഭിനയിക്കുന്നതു പോലുള്ള ഉയർന്ന ഗുണമേന്മയുള്ള വിഡിയോകൾ നിർമിക്കാൻ ഇനിയും എഐ ക്ക് സാധിച്ചിട്ടില്ലെന്ന് ബാഹുബലി അടക്കമുള്ള സിനിമകളിലെ വിഎഫ്എക്സ് മേധാവിയായ ശ്രീനിവാസ് മോഹൻ പറയുന്നു.