സിനിമയുടെ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽനിന്ന്.
ബാബു ജനാർദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഗാന്ധിനഗർ സൺഡേ മാർക്കറ്റ് എന്നു പേരിട്ടു. കൊച്ചിയിലെ ഐഎംഎ ഹാളിൽ, ചിത്രത്തിന്‍റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിലാണ് സംവിധായകൻ എം. പത്മകുമാർ ടൈറ്റിൽ പ്രകാശനം ചെയ്തത്.
തൊണ്ണൂറുകളിൽ കേരളത്തിലെ പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറികളിൽ ജോലി ചെയ്യാനാണ്, ഭായിമാർ എന്നു വിളിക്കപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ആദ്യമായി കേരളത്തിലേക്ക് വലിയ തോതിൽ എത്തിച്ചേരുന്നത്. ഇപ്പോൾ പശ്ചിമ ബംഗാൾ, ബിഹാർ, അസം, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ട്. രണ്ടു തലമുറയ്ക്കു മുൻപ് പാക്കിസ്ഥാൻ വിഭജിച്ച ബംഗ്ലാദേശ് രൂപീകരിച്ച സമയത്തെ കലാപത്തിൽനിന്നു രക്ഷപെട്ടു വന്നവരുടെപരമ്പരകളും ഇക്കൂട്ടത്തിലുണ്ട്.
ഇന്ന് കേരളീയ സമൂഹത്തിൽ ഇവരുടെ സാന്നിധ്യം നിർണായകമാണ്. ഇവരിൽ നാലു സുഹൃറുത്തുക്കളെ കേന്ദ്രികരിച്ചാണ് ചിത്രത്തിന്‍റെ അവതരണം. പ്രശസ്‌ത നടനായിരുന്ന അന്തരിച്ച ഇൻഫാൻ ഖാന്‍റെ മകൻ ബബിൽ ഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപർണ ബാലമുരളി, ആത്മീയ, പുതുമുഖം നിഖിൽ നായർ, സുധീർ കരമന, ജഗദീഷ്, ജോണി ആന്‍റണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജാ, ജയശങ്കർ എന്നിവരും പ്രധാന വേഷങ്ങളിൽ.
സംഗീതം വി. നന്ദഗോപൻ, ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിങ് ഇ.എസ്. സൂരജ്. മേയ് 19ന് ഝാർഖന്ധിലെ സിലിഗുരിയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ പിന്നീട് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യും. പെരുമ്പാവൂർ കൊച്ചി ഭാഗങ്ങളിലായാണ് കേരളത്തിലെ ചിത്രീകരണം
ഗുരുകൃപാ ഫിലിംമ്പിന്‍റെ ബാനറിൽ അനിൽകുമാർ ശിവദാസാണ് ചിത്രം നിർമിക്കുന്നത്. നിർമാണ സ്ഥാപനമായ ഗുരുകൃപാ ഫിലിംസിന്‍റെ ലോഗോ പ്രകാശനം ജോണി ആന്‍റണി നിർവഹിച്ചു. സംവിധായകരായ അരുൺ ഗോപി, ടിനു പാപ്പച്ചൻ, അഭിനേതാക്കളായ അപർണ മുരളി, സുധീർ കരമന, പ്രശാന്ത് അലക്‌സാണ്ടർ, ദിനേശ് പ്രഭാകർ, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നിർമാതാക്കളായ
അരുൺ നാരായണൻ, എൻ. എം. ബാദുഷ എന്നിവർ സംസാരിച്ചു. നിർമാതാക്കളായ ജോളി ജോസഫ്, ഔസേപ്പച്ചൻ, സുകുമാർ തെക്കേപ്പാട്ട്, ആനന്ദ് പയ്യന്നൂർ എന്നിവരും സംബന്ധിച്ചു.