അക്ഷയ് കുമാർ
മുംബൈ: സ്വന്തം മകൾക്കുണ്ടായ ദുരനുഭവം പങ്കു വച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ഗെയിമിനിടെ അപരിചിതൻ മകളോട് നഗ്നചിത്രം ആവശ്യപ്പെട്ടുവെന്നും അവൾ ഭയന്നുവെന്നുമാണ് അക്ഷയ് കുമാർ വെളിപ്പെടുത്തിയിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകണമെന്നും അക്ഷയ് കുമാർ ആവശ്യപ്പെട്ടു.
കുറച്ചു മാസങ്ങൾക്കു മുൻപാണ് സംഭവം. മകൾ ഓൺലൈൻ വിഡിയോ ഗെയിം കളിക്കുകയായിരുന്നു. ചില ഗെയിമുകൾ അപരിചിതർക്കൊപ്പവും കളിക്കാൻ സാധിക്കും. അവർ തമ്മിൽ സന്ദേശങ്ങൾ അയക്കാനും സാധിക്കും. അത്തരം ഗെയിം കളിക്കുന്നതിനിടെയാണ് ദുരനുഭവമുണ്ടായത്. അപരിചിതൻ ആദ്യം നിങ്ങൾ സ്ത്രീയാണോ പുരുഷനാണോ എന്നാണ് ചോദിച്ചത്. മകൾ സ്ത്രീ എന്നു മറുപടി നൽകി. തൊട്ടു പിന്നാലെയാണ് മകളോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടത്. ഭയന്നു പോയ മകൾ ഗെയിം നിർത്തി അമ്മയോട് കാര്യം പറഞ്ഞു.
ഇതും സൈബർ കുറ്റകൃത്യമാണെന്ന് അക്ഷയ് കുമാർ പറയുന്നു. എല്ലാ ആഴ്ചയിലും ഏഴു മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഒരു പിരീഡ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദീകരിക്കാനായി ഉപയോഗിക്കണമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതെന്നും സൈബർ കുറ്റകൃത്യങ്ങൾ തെരുവിലെ കുറ്റകൃത്യങ്ങളേക്കാൾ വലുതാണെന്നും അക്ഷയ് കുമാർ പറഞ്ഞു.