"ജിന്നയുടെ പടം കണ്ടിട്ടാണ് കമന്‍റിട്ടത്, മുസ്ലീങ്ങളോട് ഇറങ്ങിപ്പോവാൻ ഞാൻ പറയില്ല"; വിശദീകരണവുമായി ദിയ കൃഷ്ണ

 
Entertainment

"ജിന്നയുടെ പടം കണ്ടിട്ടാണ് കമന്‍റിട്ടത്, മുസ്ലീങ്ങളോട് ഇറങ്ങിപ്പോവാൻ ഞാൻ പറയില്ല"; വിശദീകരണവുമായി ദിയ കൃഷ്ണ

മുസ്ലീം സമുദായം കേരളത്തിൽ വർധിച്ച് വരികയാണെന്നും സംസ്ഥാനം അപകടകരമായ അവസ്ഥയിലാണെന്നുമായിരുന്നു ഉത്തരേന്ത്യൻ വ്ലോഗറുടെ പ്രതികരണം

Namitha Mohanan

കേരളത്തെക്കുറിച്ചുള്ള ഉത്തരേന്ത്യന്‍ വ്‌ളോഗറുടെ വിദ്വേഷ വീഡി‍യോയ്ക്ക് താഴെ കമന്‍റിട്ടതിൽ വിമർശനം ശക്തമായതിനു പിന്നാലെ വിശദീകരണവുമായി ദിയ കൃഷ്ണ. ഫോര്‍ട്ട് കൊച്ചിയില്‍ മുഴുവന്‍ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നുമായിരുന്നു ലിറ്റിചോക്ക് അപ്പ് എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വിഡോയയില്‍ പറഞ്ഞത്. ഈ വിഡിയോയ്ക്ക് താഴെ 'സാഡ് റിയാലിറ്റി' എന്ന് ദിയ കമന്‍റ് ചെയ്തത്. ഇത് വലിയ വിവാദത്തിന് വഴിവയ്ക്കുകയും നിരവധി പേർ ദിയക്കെതിരേ പരസ്യപ്രതികരണമായി എത്തുകയും ചെയ്തിരുന്നു.

ഇതോടെയാണ് ദിയ വിശദീകരണവുമായെത്തിയത്. വിഡിയോയുടെ ആദ്യ പകുതി മാത്രമേ താന്‍ കണ്ടിട്ടുള്ളൂവെന്നും കേരളത്തിലെ കഫേയില്‍ ജിന്നയുടെ ഫോട്ടോ വച്ചതിനെക്കുറിച്ചായിരുന്നു തന്‍റെ കമന്‍റെന്നുമാണ് ദിയ വിശദീകരിക്കുന്നത്. മുസ്ലീങ്ങളോട് വിരോധമില്ലെന്നും അവര്‍ കേരളം വിടണമെന്ന് ഒരിക്കലും പറയില്ലെന്നും ദിയ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ദിയയുടെ പ്രതികരണം.

"ഞാൻ രാവിലെ എണീറ്റപ്പോള്‍ കാണുന്നത് സോഷ്യല്‍ മീഡിയയില്‍ കുറച്ച് പേര്‍ എനിക്ക് അയച്ചു തന്നിട്ടുള്ള ട്വിസ്റ്റഡ് ആയിട്ടുള്ള എന്നെപ്പറ്റിയുള്ള, മീഡിയക്കാരുടെ സ്ഥിരം പരിപാടിയാടിയാണ് കണ്ടത്. ഒരു വാര്‍ത്ത. ഇത് പറയുന്നത് സങ്കടത്തോടെയാണ്. ഇന്ന് കേരളത്തില്‍ ഹിന്ദു-മുസ്ലിം, ഹിന്ദു-ക്രിസ്ത്യന്‍ വിഷം വന്നാല്‍ അതിന്‍റെ ഒത്ത നടുക്ക് ഞാന്‍ അല്ലെങ്കില്‍ അച്ഛന്‍ ഉണ്ടാകും. അങ്ങനെ പിടിച്ചിടുന്നത് ട്രെന്‍റായി മാറിയിരിക്കുകയാണ്. അതൊരു സാഡ് റിയാലിറ്റിയാണ്.

ഞാന്‍ നോര്‍ത്തിലുള്ള ഒരു ഇന്‍ഫ്‌ളുവന്‍സറെ ഫോളോ ചെയ്യുന്നുണ്ട്. പുള്ളിയുടെ ചില കണ്ടന്റുകളൊക്കെ എനിക്ക് ഇഷ്ടമാണ്. ഒരാഴ്ച മുമ്പേ മറ്റോ ചെയ്തിട്ടുള്ളൊരു വിഡിയോയാണ്. കേരളത്തില്‍ വന്നതിനെക്കുറിച്ചുള്ള വിഡിയോയായിരുന്നു. അറിയാത്തവര്‍ക്ക് വേണ്ടി പറയാം. ആ വിഡിയോയുടെ ആദ്യ പകുതിയില്‍ പറയുന്നത് വര്‍ക്കലയില്‍ വന്നപ്പോല്‍ കാശി എന്ന് പറയുന്നൊരു കഫേയില്‍ കയറി. കേരളത്തില്‍, തിരുവനന്തപുരത്തിന്‍റേയും കൊല്ലത്തിന്‍റേയുമൊക്കെ അടുത്തായിട്ട് വരും വര്‍ക്കല.

കാശി എന്ന് പേരുള്ള കഫേയില്‍ മഹാത്മാ ഗാന്ധിയുടേയും ജിന്നയുടേയും ഫോട്ടോ ചുമരില്‍ ഡെക്കറേറ്റ് ചെയ്ത് വച്ചിരുന്നു. നൂറ് മഹാത്മാ ഗാന്ധിയുടെ തലയും നൂറ് ജിന്നയുടെ തലയും. കേരളത്തിന് അകത്ത് എന്തിനാണ് പാക്കിസ്ഥന്‍റെ പ്രധാനമന്ത്രിയായിരുന്ന ജിന്നയുടെ ഫോട്ടോ വച്ചിരിക്കുന്നതെന്നായിരുന്നു വിഡിയോയില്‍ പുള്ളി സംസാരിച്ചിരുന്നത്.

കാശി എന്നാല്‍ ഏറ്റവും പഴയ നഗരമാണെന്നാണ്. ഗാന്ധിയുടെ ഫോട്ടോ വച്ചാല്‍ ഓക്കെയാണ്, രാഷ്ട്രപിതാവാണല്ലോ, ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ഫോട്ടോ വച്ചാലും മനസിലാക്കാം. ജിന്നയുടെ പടം വച്ചത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല. മനസിലാകുന്നവര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ അതേപ്പറ്റി വിഡിയോ ഇട്ടോളു, എനിക്ക് അതേക്കുറിച്ച് ഒന്നും സംസാരിക്കാനില്ല. വിഡിയോയുടെ ആദ്യ പകുതി കണ്ടാണ് ഞാന്‍ സാഡ് റിയാലിറ്റി എന്ന കമന്‍റിട്ടത്. സ്വല്‍പ്പമെങ്കിലും എന്നെ അറിയുന്ന, ബോധമുള്ളവര്‍ക്ക് കണ്ടാല്‍ മനസിലാകും.

അതിന്‍റെ രണ്ടാം പകുതിയില്‍ ചെറിയ രീതിയില്‍ പുള്ളി പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചില്ല. ഫുള്‍ വിഡിയോ കണ്ടിട്ടില്ല. കൊച്ചിയില്‍ മുസ്ലീമുകള്‍ കൂടിയെന്നോ മറ്റോ ആണ് പുള്ളി പറയുന്നത്. ഞാന്‍ കൃത്യമായി കണ്ടില്ല. ഒരാള്‍ അയച്ചു തന്ന ശേഷമാണ് രണ്ടാം പകുതി ഞാന്‍ കാണുന്നത്. ആദ്യ പകുതി കണ്ട് ജിന്നയുടെ ഫോട്ട് കണ്ട് മൂഡ് പോയിട്ടാണ് ഞാന്‍ സാഡ് റിയാലിറ്റി എന്ന് കമന്‍റിട്ടത്. കേരളത്തിന് അകത്ത് ഇതെങ്ങനെ സംഭവിച്ചു? ആരാണ് ഇത് വെക്കാനുള്ള ആശയം കേരളത്തിന് അകത്ത് ഒരാള്‍ക്ക് കൊടുക്കുന്നതെന്ന് എനിക്കറിയില്ല. അത് സങ്കടകരമാണ്. അതൊരു സാഡ് റിയാലിറ്റിയാണ്. അതാണ് ഞാന്‍ കമന്‍റിട്ടത്.", എന്നാണ് ദിയ പറഞ്ഞത്.