ബി. ഉണ്ണികൃഷ്ണൻ | ബിജു മേനോൻ
കൊച്ചി: നടൻ ബിജു മേനോനെതിരേ ഫെഫ്ക രംഗത്ത്. ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനാണ് ബിജു മേനോനെതിരേ വാർത്താ സമ്മേളനം വിളിച്ചത്. കരാർ പ്രകാരമുള്ള പ്രമോഷനിൽ നിന്ന് ബിജു മേനോൻ മാറി നിന്നതിനാൽ നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടമായതായി ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രൊമോഷൻ എന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ കരാറിലുള്ളതാണെന്നും അതാണ് ലംഘിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറില്‍ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെത്തുടര്‍ന്ന് നിര്‍മാതാവിന്‍റെ 25 ലക്ഷം രൂപ നഷ്‍ടപ്പെടുക. ഇപ്പോള്‍ വന്ന സിനിമയിലും അത് തന്നെയാണ് സംഭവിക്കുന്നതെന്നും ബി. ഉണ്ണികൃഷ്‍ണൻ ചൂണ്ടിക്കാട്ടി. ജിത്തു ജോസഫ് സംവിധാനം ചെയ്ത വലതുവശത്തെ കളളനെന്ന സിനിമയുടെ പ്രെമോഷനിൽ നിന്നാണ് ബിജു മേനോൻ മാറി നിന്നത്.
അതേസമയം, മലയാള സിനിമ മേഖലയിൽ പുതിയ കോൾ ഷീറ്റ് നിലവിൽ വന്നതായി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇതു സംബന്ധിച്ച കരാറിൽ ഒപ്പിട്ടെന്നും അദ്ദേഹം പറഞ്ഞു. 16 മണിക്കൂർ ജോലിയെന്നത് 12 മണിക്കൂറായി കുറയ്ക്കുമെന്നും നടീനടന്മാർ വൈകുന്നത് വഴി തൊഴിലാളികൾക്ക് അധിക ജോലി ചെയ്യേണ്ട സ്ഥിതിയായിരുന്നു. ഇതുമാറും. മലയാള സിനിമയിലെ വിപ്ലവകരമായ കരാറാണിത്. വിശ്രമം, ഓവർ ടൈം തുടങ്ങിയ നിരവധി കാര്യങ്ങളിൽ തീരുമാനമായെന്നും ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.