'തകർന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ കാത്തു, മുറിപ്പാടുകളുണ്ട്, പക്ഷേ മനസ്സ് തകർന്നിട്ടില്ല': ആന്‍റണി വർഗീസ്
2025ൽ കടന്നുപോയ പ്രതിസന്ധിഘട്ടങ്ങളെക്കുറിച്ച് പറഞ്ഞ് ആന്‍റണി വർഗീസ്. വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നു എന്നാണ് താരം പറയുന്നത്. വാഗമണ്ണിൽ വച്ചുണ്ടായ വലിയ അപകടത്തേക്കുറിച്ചാണ് നടൻ പറഞ്ഞത്. അപകടത്തിൽ തന്‍റെ ആദ്യത്തെ വണ്ടി പൂർണമായി തകർന്നെന്നും അത്യാവശ്യം തരക്കേടില്ലാത്ത പരുക്കോടു കൂടി വണ്ടിയിൽ ഉണ്ടായിരുന്ന തങ്ങൾ 3 പേരും രക്ഷപെട്ടെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങൾക്കൊപ്പമാണ് താരത്തിന്‍റെ കുറിപ്പ്.
ആന്‍റണി വർഗീസിന്‍റെ കുറിപ്പ്
‘‘കൊല്ലാത്തതൊന്നും നമ്മളെ തളർത്തില്ല, കരുത്തരാക്കുകയേയുള്ളൂ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ 2025 ആ വാചകം അൽപം കടത്തി കയ്യിലെടുത്തു എന്നാണ് എന്റെയൊരു തോന്നൽ. ജിമ്മിലെ പരുക്ക്, ഷൂട്ടിനിടയിലെ അപകടം... അങ്ങനെ വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നു. അങ്ങനെ പോകുമ്പോൾ ആണ് 15 നവംബർ 2025, വാഗമൺ വച്ച് ഒരു അപകടം കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരുക്കോടു കൂടി വണ്ടിയിൽ ഉണ്ടായിരുന്ന ഞങ്ങൾ 3 പേരും രക്ഷപെട്ടു.
എന്റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി ‘ടോട്ടൽ ലോസ്’ ആയി മാറി. പക്ഷേ തകർന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ കാത്തു. വണ്ടിയുടെ നമ്പർ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു.എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി. വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ, അത് മതി.
ഒരു വശത്ത്, ഇത് എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമായിരുന്നു. എന്നാൽ ആ പ്രതിസന്ധികൾക്കിടയിലും ഒരു മാന്ത്രികതയുണ്ടായിരുന്നു. 2025-ൽ എനിക്ക് ചില നല്ല കാര്യങ്ങൾ ചെയ്യാനും സാധിച്ചു. മുറിവുണങ്ങാത്ത നിമിഷങ്ങളിൽ ഞാൻ പുതിയവ സൃഷ്ടിക്കുകയും, ചിത്രീകരിക്കുകയും, ഞാൻ എക്കാലവും സ്വപ്നം കണ്ട ഭാവിയിലേക്ക് കാലെടുത്തുവയ്ക്കുകയുമായിരുന്നു. അപ്പൊ എല്ലാം പറഞ്ഞപോലെ...... പുതിയ പരിപാടികളുടെ ആവേശവുമായി 2026-ലേക്ക് കടക്കുന്നു. മുറിപ്പാടുകളുണ്ട്, പക്ഷേ മനസ്സ് തകർന്നിട്ടില്ല. പുതിയൊരു തുടക്കത്തിനായി... പുതുവത്സരാശംസകൾ, പറക്കൂ, ഫുൾ ഓണ്‍ ഫുൾ പവർ.’’