കെപിഎസി ലീല
അടുത്തകാലത്തായി ന്യൂജെൻസിനിടയിലും കൈയടി നേടി തന്‍റെ രണ്ടാം വരവ് ആഘോഷമാക്കിയിരിക്കുകയാണ് നടി കെപിഎസി ലീല. ഈ മുത്തശ്ശി പോളിയാണെന്നാണ് ജെൻസി പിള്ളേരുടെ അഭിപ്രായം. അടുത്തിടെ യൂട്യൂബിൽ വൈറലായ ഗ്രാനി എന്ന ഷോട്ട് ഫിലിമിലും ഇപ്പോഴിതാ മുത്തശ്ശി എന്ന സീരിസിലും കെപിഎസി ലീല തന്‍റെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.
എന്തൊരു അഭിനയമാണിത്, ഒരു രക്ഷയുമില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്‍റുകൾ. ന്യൂജൻസിന് പൂക്കാലത്തിലെ മുത്തശ്ശിയാണ് കെപിഎസി ലീല. എന്നാൽ ഇത് നിങ്ങളുദേശിക്കുന്ന ആളല്ലെന്ന് വ്യക്തമാക്കി നയന്‍റീസും എയ്റ്റീസുമൊക്കെ രംഗത്തെത്തി. ഇവർ നിസാരക്കാരിയല്ലെന്നും കെപിഎസി എന്ന് മഹത്തായ സ്ഥാപനം തൊടുത്തുവിട്ട പ്രതിഭാസങ്ങളിലൊരാളാണെന്നുമാണ് ഇവർ വ്യക്തമാക്കുന്നു.
1960-കളിൽ കെപിഎസി നാടകങ്ങളിലൂടെയാണ് ലീല തന്‍റെ അഭിനയജീവിതം ആരംഭിച്ചത്. നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. രൗദ്രം, പൂവ്, പൂക്കാലം എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. വിവാഹത്തോടെ അഭിനയ ജീവിത്തിൽ നിന്ന് ബ്രേക്കെടുത്ത ലീലയുടെ രണ്ടാം വരവാണിത്.
ഗ്രാനി എന്ന ഹ്രസ്വ ചിത്രം ഡിജിറ്റൽ ക്രിയേറ്ററും നടനുമായ അനന്തരാമൻ അജയ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹൊറർ മിസ്റ്ററി മൂഡിലാണ് ചിത്രം മുന്നോട്ടു പോവുന്നത്. ചിത്രത്തിൽ ഗ്രാനി എന്ന പ്രധാനകഥാപാത്രമായാണ് കെപിഎസി ലീല എത്തിയിരിക്കുന്നത്. ഷോർട്ട് ഫിലിം ഈ മാസം ആദ്യമാണ് യൂട്യൂബിൽ പ്രദർശനം ആരംഭിച്ചത്. പിന്നാലെ തന്നെ മില്യണുകൾ ഭേദിച്ച് മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്.
ഗ്രാനിക്കൊപ്പം തന്നെ സീ 5 ൽ മുത്തശ്ശി എന്ന വെബ് സീരീസുമായി കെപിഎസി ലീല എത്തിയിരിക്കുന്നത്. നവാഗതനായ എം.എസ്. നന്ദുലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'മുത്തശ്ശി' പ്രേക്ഷക പ്രശംസ നേടി സ്ട്രീമിങ് തുടരുകയാണ്. 6 ഭാഗങ്ങളായാണ് ഈ സീരീസ്. രക്ഷസിനെക്കുറിച്ചാണ് ഈ സീരീസിൽ പറയുന്നത്. ഇതിൽ കാന്തി എന്ന കലാപാത്രമായാണ് കെപിഎസി ലീല എത്തുന്നത്. കാഴ്ചക്കാരെ ഭയപ്പെടുത്ത ഭാവവും വേഷവിതാനങ്ങളുമാണ് ഇവരുടേത്.