ചാറ്റ് ജിപിടി ഉപയോഗിച്ച് 46,000 ആനിമേഷൻ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു; 15കാരൻ അറസ്റ്റിൽ
ചാറ്റ് ജിപിടിയുടെ സഹായത്തോടെ 46,000 ജാപ്പനീസ് ആനിമേഷൻ അക്കൗണ്ടുകൾ നശിപ്പിച്ച കേസിൽ 15 വയസുള്ള കുട്ടി പിടിയിൽ. ജപ്പാനിലാണ് സംഭവം. ബൻഡായ് നാംകോ ഫിലിംവർക്സിന്‍റെ ബൻഡായ് ചാനൽ സ്ട്രീമിങ് സർവീസിലെ അക്കൗണ്ടുകളാണ് കുട്ടി ചാറ്റ് ജിപിടി ഉപയോഗിച്ച് ഡിലീറ്റ് ചെയ്തത്. ആനിമേ സ്ട്രീമിറ്റ് പ്ലാറ്റ്ഫോമിലെ അക്കൗണ്ടുകൾ ലഭിക്കുന്നതിനായുള്ള പ്രോഗ്രാം കുട്ടി ചാറ്റ് ജിപിടിയുടെ സഹായത്തോടെ നിർമിച്ചുവെന്നും അതുപയോഗിച്ച് 46,812 അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
2025 നവംബർ നാലിലാണ് ഈ പ്രോഗ്രാം ഉപയോഗിച്ച് കുട്ടി ആനിമേ അക്കൗണ്ടുകൾ നശിപ്പിച്ചത്. സംഭവം പുറത്തു വന്നതോടെ പ്ലാറ്റ്ഫോമിൽ നിന്ന് ആയിരക്കണക്കിന് പേർ അക്കൗണ്ടുകൾ പിൻവലിച്ചു. കമ്പനിയുടെ പ്രവർത്തനത്തെ തന്നെ ആക്രമണം വലിയ രീതിയിൽ ബാധിച്ചു. കുറച്ചു കാലം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കമ്പനിയുടെ സേവനം തന്നെ തടസപ്പെട്ടു. സാങ്കേതിക പ്രശ്നങ്ങളെല്ലാം തീർത്ത് ഡിസംബർ മുതലാണ് ആനിമേ സ്ട്രീമിങ് പ്ലാറ്റ്ഫോം വീണ്ടും പ്രവർത്തനമാരംഭിച്ചത്. കമ്പനി നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്ര വലിയൊരു പ്ലാറ്റ്ഫോമിനെ മൊത്തത്തിൽ തകർത്തത് ഒരു കൗമാരക്കാരനാണെന്ന് കണ്ടെത്തിയതിന്‍റെ ഞെട്ടലിലാണ് പൊലീസ് ഇപ്പോഴും. തുടക്കത്തിൽ ഹാക്കിങ് കണ്ടു പിടിച്ച് കമ്പനി അതിനെ ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ കുട്ടി 30 പ്രാവശ്യത്തോളം ഐപി അഡ്രസ് മാറ്റി വീണ്ടും വീണ്ടും ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ ജൂണിൽ കുട്ടി പിടിയിലായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആനിമേ പ്ലാറ്റ്ഫോമം ഹാക്കിങ്ങിന്‍റെ വിവരങ്ങളും കിട്ടിയത്. എലമെന്‍ററി സ്കൂൾ മുതലേ താൻ കമ്പ്യൂട്ടർ പ്രോഗ്രാമിങ് സ്വയം പഠിച്ചെടുത്തിട്ടുണ്ടെന്നും ആനിം പ്ലാറ്റ്ഫോമിനോട് യാതൊരു വിധത്തിലുള്ള വൈരാഗ്യവും തനിക്കില്ലെന്നും അതിൽ ഒരുപാട് അക്കൗണ്ടുകൾ ഉണ്ടെന്ന ഒറ്റ കാരണം കൊണ്ടാണ് ഹാക്കിങ്ങിനു വേണ്ടി ആ പ്ലാറ്റ്ഫോം തന്നെ തെരഞ്ഞെടുത്തതെന്നും കുട്ടി പറയുന്നു. നാലാം ക്ലാസ് മുതൽ തന്നെ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നു. അന്നു മുതൽ സ്വയം പഠിച്ചെടുത്ത കാര്യങ്ങളാണ് താൻ പ്രയോഗിക്കുന്നതെന്നും കുട്ടി പറയുന്നുണ്ട്.