മോഹൻലാൽ, രജനികാന്ത്, ഹേമമാലിനി, ചിരഞ്ജീവി, അക്ഷയ് കുമാർ, മിഥുൻ ചക്രവർത്തി
WAVES 2025
മുംബൈ: 'ഇതിഹാസങ്ങളും പൈതൃകങ്ങളും: ഇന്ത്യയുടെ ആത്മാവിനെ രൂപപ്പെടുത്തിയ കഥകൾ' എന്ന വിഷയത്തില്‍ സജീവ പാനൽ ചർച്ചയോടെ മുംബൈയിലെ ജിയോ വേൾഡ് സെന്‍ററിൽ ആദ്യ ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടിക്കു (വേവ്സ്) ഗംഭീര തുടക്കം. കഥാഖ്യാനം, സര്‍ഗാത്മകത, സാംസ്കാരിക പൈതൃകം എന്നിവയെക്കുറിച്ച് നടന്ന ആകർഷകമായ ചർച്ച ഇന്ത്യയിലെ ആദരണീയ ജനപ്രിയ ചലച്ചിത്ര പ്രവര്‍ത്തകരെ ഒരുമിച്ചുകൊണ്ടുവന്നു. സൂപ്പർസ്റ്റാർ അക്ഷയ് കുമാർ നിയന്ത്രിച്ച ഉദ്ഘാടന സംവാദത്തില്‍ ഹേമ മാലിനി, മോഹൻലാൽ, ചിരഞ്ജീവി എന്നിങ്ങനെ പ്രതിഭാധനരായ താരങ്ങൾ പങ്കെടുത്തു.
പ്രശസ്ത മലയാള നടൻ മോഹൻലാൽ സിനിമയുടെ പരിണാമ സ്വഭാവം സംബന്ധിച്ച ഉൾക്കാഴ്ചകൾ പങ്കുവച്ചു. കലാ സിനിമകൾക്കും വിനോദ മൂല്യമുണ്ടെന്നതിനാല്‍ കലാ-വിനോദ സിനിമകൾക്കിടയിലെ അന്തരം വളരെ നേർത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കലാ-വാണിജ്യ സിനിമകളെ വേര്‍തിരിച്ചു കാണുന്നില്ലെന്നും കഥാഖ്യാനമാണ് ജനങ്ങളെ സ്പർശിക്കുന്നതെന്നും മോഹന്‍ലാല്‍.
അചഞ്ചലമായ അഭിനിവേശവും മികവിനായി നിരന്തരപരിശ്രമവും നിറഞ്ഞ തന്‍റെ ചലച്ചിത്ര യാത്രയെക്കുറിച്ച് ഹൃദയംഗമമായ അനുസ്മരണമാണ് മുതിർന്ന നടൻ ചിരഞ്ജീവി പങ്കുവച്ചത്. കുട്ടിക്കാലം മുതല്‍ ആദ്യ പ്രണയം അഭിനയമായിരുന്നുവെന്ന് തന്‍റെ ആദ്യകാല അഭിലാഷങ്ങൾ വിവരിക്കവെ അദ്ദേഹം പറഞ്ഞു. ആ സ്വപ്നം സ്വന്തമാക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് മുന്നോട്ടുനയിച്ചത്. ഒരു മികച്ച നടനാകാൻ എന്ത് അതുല്യമായി സൃഷ്ടിക്കാനാവുമെന്ന് സ്വയം നിരന്തരം ചോദിച്ചുകൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആധികാരികതയോടുള്ള പ്രതിബദ്ധത എടുത്തുപറഞ്ഞ ചിരഞ്ജീവി, സ്വയം തിരിച്ചറിഞ്ഞും ബന്ധങ്ങള്‍ കൈവിടാതെയും നിലകൊള്ളാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പ്രേക്ഷകർ എപ്പോഴും തൊട്ടടുത്ത വീട്ടിലെ ആൺകുട്ടിയായി കാണണമെന്ന് ആഗ്രഹിച്ചിരുന്നതായും അതുകൊണ്ടാണ് കഴിയുന്നത്ര സ്വാഭാവികതയോടെയും ആത്മാർത്ഥമായും പ്രകടനങ്ങൾ നിലനിർത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കലാകാരനെന്ന നിലയിൽ തന്‍റെ വളര്‍ച്ചയില്‍ മിഥുൻ ചക്രവർത്തി, അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങി ചലച്ചിത്രരംഗത്തെ ജനപ്രിയരുടെ അഗാധ സ്വാധീനത്തിന് കൃതജ്ഞത രേഖപ്പെടുത്തിയ ചിരഞ്ജീവി തന്‍റെ കഴിവിനെ രൂപപ്പെടുത്തിയ ഇതിഹാസങ്ങൾക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
ഭാരതസര്‍ക്കാറിന്‍റെ മനോഹര സംരംഭമാണിതെന്നും ഉച്ചകോടിയുടെ ഭാഗമാകാനായതില്‍ സന്തോഷമുണ്ടെന്നും ചടങ്ങില്‍ സംസാരിച്ച ഹേമ മാലിനിപറഞ്ഞു. പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച അവര്‍ അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടും നേതൃത്വവും വേവ്സിനെ സര്‍ഗാത്മക പ്രതിഭകള്‍ക്കും നൂതനാശയക്കാര്‍ക്കും മികച്ച വേദിയാക്കി മാറ്റിയെന്നും പറഞ്ഞു.