ചെന്നൈ: താൻ സംഗീത സംവിധാനം നിർവഹിച്ച രണ്ടു പാട്ടുകൾ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചുവെന്നാരോപിച്ച് സംഗീത സംവിധായകൻ ഇളയരാജ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അടുത്തിടെ ഇറങ്ങിയ ഡ്യൂഡ് എന്ന ചിത്രത്തിലാണ് ഇളയരാജയുടെ പാട്ടുകൾ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ആരോപണം. സോണി മ്യൂസിക് എന്‍റർടെയിൻമെന്‍റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ മൂന്ന് കമ്പനികൾക്കെതിരേ നൽകിയിരിക്കുന്ന ഹർജി പരിഗണിക്കുന്ന സിംഗിൾ ബെഞ്ചിനു മുന്നിലാണ് ഇളയരാജ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രത്യേകം ഹർജി ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു.
ഇളയരാജയുടെ പാട്ടുകളിൽ നിന്ന് ലഭിച്ച വരുമാനം മുദ്രവച്ച കവറിൽ സോണി മ്യൂസിക് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുന്നതിനാൽ ഹൈക്കോടതി ഈ കവർ സ്വീകരിച്ചില്ല. കേസിൽ നവംബർ 19ന് വീണ്ടും വാദം കേൾക്കും.