നവാസുദ്ദീൻ സിദ്ദിഖി
അനുരാഗ് കശ‍്യാപിന്‍റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗ‍്യാങ്സ് ഓഫ് വസീപൂർ 2. റിലീസായി വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ചതിനു ശേഷമുള്ള തന്‍റെ ജീവിതത്തെ പറ്റി മനസു തുറന്നിരിക്കുകയാണ് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി.
ഒരു ദേശീയ മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രം തന്‍റെ വ‍്യക്തിജീവിതത്തിലുണ്ടായ സ്വാധീനം അദ്ദേഹം വെളിപ്പെടുത്തി. ചിത്രം റീലിസായതിനു പിന്നാലെ 200ഓളം തിരക്കഥകൾ തനിക്ക് ലഭിച്ചുവെന്നും പ്രതിഫലത്തിന്‍റെ കാര‍്യത്തിൽ തനിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ നിർമാതാക്കൾ തയാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒപ്പിടാത്ത ചെക്കുകൾ തന്‍റെ മേശപ്പുറത്തത് കിടപ്പുണ്ടായിരുന്നുവെന്നും ആളുകൾ ഇഷ്ടമുള്ള തുക എഴുതാനും സൗകര‍്യമുള്ള തീയതികൾ നൽകാനും ആവശ‍്യപ്പെട്ടെന്ന് നടൻ പറഞ്ഞു. എന്നാൽ അതിലൊന്നു പോലും തനിക്ക് ഇഷ്ടപ്പെടാത്തതിനാൽ നിരസിക്കുകയായിരുന്നുവെന്നും താരം വ‍്യക്തമാക്കി. തനിക്ക് അനുയോജ‍്യമായ തിരക്കഥയ്ക്കായി കാത്തിരിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്നും അവസരങ്ങൾക്കായി വർഷങ്ങളോളം കാത്തിരിക്കുന്ന ശീലം തനിക്കുണ്ടായിരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.
എന്നാൽ ദൈവത്തിന്‍റെ അനുഗ്രഹംകൊണ്ട് തനിക്ക് അധികനാൾ കാത്തിരിക്കേണ്ടി വന്നില്ലെന്നും വളരെ പെട്ടെന്നു തന്നെ മികച്ച ചിത്രങ്ങൾ തന്നെ തേടിയെത്തിയെന്നുമാണ് നവാസുദ്ദീൻ സിദ്ദിഖി പറയുന്നത്. ഫൈസൽ ഖാൻ എന്ന കഥാപാത്രത്തെയാണ് നവാസുദ്ദീൻ സിദ്ദിഖി ഗ‍്യാങ്സ് ഓഫ് വസീപൂർ 2 എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. മനോജ് ബാജ്പേയി, പങ്കജ് ത്രിപാഠി അടക്കമുള്ളവരും നവാസുദ്ദീനൊപ്പം ചിത്രത്തിൽ മുഖ‍്യ വേഷം ചെയ്തിട്ടുണ്ട്.