രാജാസാബ് എന്ന ചിത്രത്തിൽ പ്രഭാസ്
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒട്ടേറെ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ പ്രഭാസ് ചിത്രം 'രാജാ സാബി'ന്‍റെ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകര്‍. ഡിസംബർ 5 നാണ് ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് റിലീസ്. റിലീസിന് മുമ്പേ ആകാംക്ഷയുണർത്തിക്കൊണ്ട് ചിത്രത്തിന്‍റെ ടീസർ ജൂൺ 16 ന് പുറത്തിറങ്ങും.
സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസ് എത്താൻ ഒരുങ്ങുന്നത്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ 'രാജാസാബ്' എത്തുന്നത് 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ്.
'രാജാസാബ്' പൊങ്കൽ സ്പെഷൽ പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കൂടാതെ പ്രഭാസിന്‍റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ 'രാജാസാബ്' മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിമാറിയിരുന്നു.
ആദ്യ ഗ്ലിംപ്സ് വീഡിയോയും ഏവരും ഏറ്റെടുത്തിരുന്നു. ഫാമിലി എന്‍റർടെയ്‌നറായെത്തിയ 'പ്രതി റോജു പാണ്ഡഗെ', റൊമാന്‍റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ രാജാ സാബ്.
മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. നിധി അഗർവാള്‍, റിഥി കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമിക്കുന്നത്. തമൻ എസ്. സംഗീതം പകരുന്നതാണ് ചിത്രത്തിലെ ഗാനങ്ങൾ. വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ.