സീമ ജി. നായർ, രേണു സുധി
ക്യാൻസർ ചികിത്സയിൽ കഴിയുന്ന രേണു സുധിയെ നടി സീമ ജി. നായർ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. പിന്നാലെ രേണു കടന്നുപോകുന്ന കഠിനമായ അവസ്ഥയെക്കുറിച്ച് കുറിപ്പും പങ്കുവച്ചിരുന്നു. രേണുവിനെ സോഷ്യൽ മീഡിയയിലൂടെ തെറിവിളിക്കുന്നത് അവസാനിപ്പിക്കണമെന്നും അത് അവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട് എന്നും പറഞ്ഞായിരുന്നു കുറിപ്പ്. പിന്നാലെ സീമയെ വിമർശിച്ചുകൊണ്ട് ഒരുവിഭാഗം രംഗത്തെത്തുകയായിരുന്നു.
രേണുവിനു വേണ്ടി പിരിവിന് ഇറങ്ങുമെന്നും ഇതിൽ നിന്നും പാതി പൈസ മുക്കുമെന്നും വരെ കമന്‍റുകൾ വന്നു. ഇപ്പോൾ അതിൽ മറുപടിയുമായി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സീമ. താൻ ആർക്കു വേണ്ടിയും പിരിക്കാറില്ലെന്നാണ് സീമ പറയുന്നത്. കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുതെന്നും അവർ കുറിച്ചു.
സീമ ജി. നായരുടെ കുറിപ്പ് വായിക്കാം
കഴിഞ്ഞ ദിവസം രേണു സുധിയെ കുറിച്ച് ഒരു പോസ്റ്റ് ഞാൻ ഇട്ടിരുന്നു, അതിൽ ഞാൻ വ്യക്തമായി പറയുന്ന ചില കാര്യങ്ങൾ ഉണ്ട്, അത്കാൻസർ എന്ന അസുഖത്തെക്കുറിച്ചും അതിന്റെ അവസ്ഥയെ കുറിച്ചും ആണ്, അല്ലാതെ രേണുവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്റ് അല്ല. .അത് പല മീഡിയകളും ഏറ്റെടുത്തു അവരുടെ ശൈലിയിൽ എഴുതി തുടങ്ങി, പല “വാക്കുകളും”വളച്ചൊടിക്കപ്പെട്ടു. അതിൽ ചില കമന്റുകൾ വന്നു, അതിൽ തിരുവനന്തപുരത്തു നിന്ന് ഒരു ഷീജ റാണി (പ്രൊഫൈൽ ലോക്ക് ആണ് ). എഴുതി ഞാൻ പിരിവ് തുടങ്ങും, പാതി ഞാൻ എടുക്കും, പാതി അവർക്കു കൊടുക്കും, പ്രശസ്തി എനിക്കും എന്ന്.
ഷീജ റാണിയോട് ഒരു വാക്ക്, നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും കാൻസർ വന്നിട്ട് ഞാൻ പിരിക്കാൻ ഇറങ്ങിയിട്ടില്ല, ആർക്കു വേണ്ടിയും പിരിക്കാറില്ല, സഹായങ്ങൾ അവരവരുടെ അക്കൗണ്ട് നമ്പർ കൊടുത്തിട്ട് അതിലേക്കാണ് ആരേലും സഹായിക്കുന്നെങ്കിൽ സഹായിക്കുക, അത് എടുക്കാനും, കൈകാര്യം ചെയ്യാനും അവർക്ക് മാത്രം അധികാരം, ഈ ഭൂമിയിൽ നിന്ന് കടന്നു പോയ പ്രിയപെട്ടവരുടെ മാതാപിതാക്കൾ ഇവിടെ ജീവിച്ചിരുപ്പുണ്ട്. ബന്ധുക്കൾ ജീവിച്ചിരുപ്പുണ്ട്, ഇന്നും ആ വീടുകളിൽ ഒരു പ്രശ്നം വന്നാൽ ആദ്യം അവർ എന്നെയാണ് വിളിക്കുക, പിന്നെ സെലെബ്രറ്റികളെ മാത്രം ആണ് മൈൻഡ് ചെയ്യുക എന്ന് ചിലർ,സത്യത്തിൽ ചിരിയാണ് വരുന്നത്, ഏകദേശം 34 വർഷങ്ങൾക്കു മുന്നേ ഒരു സെലിബ്രറ്റിയും അല്ലാതിരുന്ന കാലത്ത് എന്റെ അമ്മയെയും കൊണ്ട് RCC യുടെ വരാന്തകളിൽ ഇരുന്ന വ്യക്തിയാണ് ഞാൻ.
എന്തെങ്കിലും ഞാൻ ചെയ്യുന്നുവെങ്കിൽ സെലെബ്രറ്റികളെക്കാൾ കൂടുതൽ സാധാരണക്കാർക്കാണ് ചെയ്യുന്നത്, അറിയുന്നത് കലാരംഗത്തുള്ളവരുടെ കാര്യം ആണ്, ഞാൻ ആർക്കും ശല്യം ആകുന്നില്ലല്ലോ,??ആരെയും ശല്യപ്പെടുത്താനും വരുന്നില്ല, ഒരു വശത്തു കൂടി ഇങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ. .ഒരു നേരത്തെ മരുന്നെങ്കിലും സുഖമില്ലാത്തവർക്ക് മേടിച്ചു കൊടുക്ക്, വിശപ്പിന് ഒരു നേരത്തെ ആഹാരം കൊടുക്ക്, ഒരു കുട്ടിക്ക് വിദ്യാഭാസ ചിലവ് കൊടുക്ക്, പാവപെട്ട ഒരു പെൺ കുട്ടിയുടെ കല്യാണം നടത്തികൊടുക്ക്, വീടുവെക്കാൻ സ്ഥലം ഇല്ലാത്തവർക്ക് 3 സെന്റ് സ്ഥലം മേടിച്ചു കൊടുക്ക്, വീടില്ലാത്തവർക്ക് ഒരു വീട് വെച്ച് കൊടുക്ക്, എല്ലാരുടെയും പേര് എഴുതാൻ പറ്റില്ല, കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുത്, ഇതിലേതെങ്കിലും ചെയ്തു കൊടുത്തിട്ട്, എന്നിട്ട് എന്നെ ക്രിട്ടിസൈസ് ചെയ്യൂ ..ആരെയും വേദനിപ്പിക്കുന്ന രീതിയിൽ ഇന്നുവരെ ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല, എഴുതിയിട്ടുമില്ല.