ഷാരൂഖ് ഖാനും സുഹാന ഖാനും
മുംബൈ: ഷാരൂഖ് ഖാന്‍റെ മകളും നടിയുമായ സുഹാന ഖാൻ നിയമക്കുരുക്കിൽ പെട്ടതായി റിപ്പോർട്ടുകൾ. അലിബാഗിലെ താൽ ഗ്രാമത്തിലെ കാർഷിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സുഹാന ഖാനെതിരേ കേസ് രജിസ്റ്റർ ചെയ്തതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സർക്കാർ കർഷകർക്ക് അനുവദിച്ച ഭൂമി ശരിയായ അനുമതികളും രേഖകളും ഇല്ലാതെ വാങ്ങിയെന്നാണ് കേസ്.
മുംബൈയിലെ കഫെ പരേഡിലുള്ള ഖോട്ട് കുടുംബത്തിൽ നിന്ന് സുഹാന ഖാൻ 12.91 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയതായും രജിസ്ട്രേഷൻ സമയത്ത് സുഹാന ഖാൻ 77.47 ലക്ഷം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചതായും ആരോപണം ഉയരുന്നു. കൈമാറ്റം 2023 മെയ് 30 ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് വഴി നടന്നതായാണ് വിവരം.
അന്വേഷണത്തിന്‍റെ ഭാഗമായി അലിബാഗ് തഹസിൽദാരിൽ നിന്ന് നിഷ്പക്ഷമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. റസിഡന്‍റ് ഡപ്യൂട്ടി പൊലീസ് കമ്മീഷണറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരാനുണ്ട്.
ഷാരൂഖ് ഖാനൊപ്പം വരാനിരിക്കുന്ന കിങ് എന്ന ചിത്രത്തിനായി തയ്യാറെടുക്കുന്നതിനിടെയാണ് 12.91 കോടി രൂപയുടെ ഇടപാടിനെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തുന്നത്.