ചെറുപ്പം മുതൽ ശ്രീനിവാസന്‍റെ ആരാധകൻ; അവസാനമായി കാണാനെത്തി സൂര്യ
കൊച്ചി: നടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിക്കാനെത്തി തമിഴ് നടൻ സൂര്യ. ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലെത്തിയാണ് നടൻ അന്ത്യോപചാരം അർപ്പിച്ചത്. തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സൂര്യ എറണാകുളത്ത് ഉണ്ട്. ചെറുപ്പം മുതൽ ശ്രീനിവാസന്‍റെ ആരാധകനാണെന്ന് സൂര്യ പറഞ്ഞു.
ചെറുപ്പം മുതൽ ശ്രീനിവാസന്റെ ആരാധകനായിരുന്നു. വിയോഗ വാർത്ത അറിഞ്ഞപ്പോൾ കാണണമെന്ന് ആഗ്രഹിച്ചതിനാലാണ് വന്നത്. ശ്രീനിവാസന്റെ എല്ലാ സിനിമകളും ഫോളോ ചെയ്യുന്നയാളാണ്. അദ്ദേഹത്തിന്റെ സിനിമകളും എഴുത്തും എന്നും ജനങ്ങളുടെ മനസ്സിലുണ്ടാകും.- സൂര്യ പറഞ്ഞു.
ശനിയാഴ്ച രാവിലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീനിവാസനെ ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. സിനിമ- രാഷ്ട്രീയരംഗത്തെ പ്രമുഖർ ശ്രീനിവാസന് അന്ത്യാജ്ഞലി അർപ്പിക്കാനായി എത്തി.