ആക്ഷനുണ്ട്, കോമഡിയുണ്ട് ത്രില്ലറുണ്ട്; ഓഗസ്റ്റിൽ തിയെറ്ററുകൾ പിടിച്ചടക്കാൻ ബിഗ് റിലീസുകൾ
ബോക്സ് ഓഫിസ് പിടിച്ചടക്കണമെന്ന ലക്ഷ‍്യത്തോടെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം അടക്കമുള്ള ഭാഷകളിൽ ഓഗസ്റ്റിൽ നിരവധി ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നു. പൃഥ്വിരാജ് സുകുമാരന്‍റെ ഖലീഫ, ഗീതു മോഹൻദാസ്- യഷ് കൂട്ടുകെട്ടിലൊരുങ്ങുന്ന ടോക്സിക്, ലോകേഷും വാമിഖ ഖബ്ബിയും ഒന്നിക്കുന്ന ഡിസി എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്
ആര‍്യഭട്ട് കാ സീറോ
കമൽ ചന്ദ്രയുടെ സംവിധാനത്തിൽ ഹിമാൻഷ് കോലി കേന്ദ്ര വേഷത്തിലെത്തുന്ന ചിത്രമാണ് ആര‍്യഭട്ട് കാ സീറോ. ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഓഗസ്റ്റ് 7നാണ് ചിത്രം തിയെറ്റിലെത്തുന്നത്. ശിൽപ്പ ഷിൻഡെ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വ‍്യക്തമായ ജീവിത ലക്ഷ‍്യമൊന്നും ഇല്ലാത്ത ബഗ്ഗു എന്ന് വിളിക്കുന്ന ബ്രഹ്മഗുപ്ത ശ്രീവാസ്തവ എന്ന യുവാവിന്‍റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
ഓ മൈ ഡോഗ്
അമിത് റായ് സംവിധാനവും നിർമാണവും നിർവഹിക്കുന്ന ചിത്രമാണ് ഓ മൈ ഡോഗ്. പങ്കജ് ത്രിപാതിയും പവൻ മൽഹോത്രയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഓഗസ്റ്റ് 7നാണ് ചിത്രത്തിന്‍റെ റിലീസ്.
ഡിസി
അരുൺ മതേശ്വരന്‍റെ സംവിധാനത്തിൽ ലോകേഷ് കനകരാജ് വാമിഖ ഖബ്ബി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഡിസി. അനിരുദ്ധ് സംഗീതം കൈകാര‍്യം ചെയ്യുന്ന ചിത്രത്തിൽ ദേവദാസ് എന്ന കഥാപാത്രത്തെയാണ് ലോകേഷ് അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 7നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
കിങ് ജാക്കി ക‍്യൂൻ
അന്തരിച്ച സംവിധായകൻ കിരൻ കുമാറിന്‍റെ തെലുങ്ക ചിത്രമാണ് കിങ് ജാക്കി ക‍്യൂൻ. 1990കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈം ഡ്രാമയായ ചിത്രം ഓഗസ്റ്റ് 7ന് റിലീസ് ചെയ്യും. ദീക്ഷിത് ഷെട്ടി, ശശി ഒഡേല, യുക്തി തരേജ തുടങ്ങിയവരാണ് പ്രധാന വേഷം കൈകാര‍്യം ചെയ്യുന്നത്.
വിശ്വനാഥ് ആൻഡ് സൺസ്
സൂര‍്യയും മമിത ബൈജുവും ഒന്നിക്കുന്ന തമിഴ് ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസ്. റൊമാന്‍റിക് കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രം ഓഗസ്റ്റ് 14നാണ് പുറത്തിറങ്ങുന്നത്. സൂര‍്യയ്ക്കും മമിതയ്ക്കും പുറമെ രാധിക ശരത് കുമാർ, രവീണ ടാൻഡൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കേയു ബോലേ ബിപ്ലോബി കേയു ബോലേ ദാകത്
സ്വാതന്ത്ര്യ സമര സേനാനി അനന്ത സിങ്ങിന്‍റെ ജീവിതത്തെ ആസ്പദമാക്കി പഥിക്രിത് ഭാസു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കേയു ബോലേ ബിപ്ലോബി കേയു ബോലേ ദാകത്. ജീത്, ടോറ്റ റോയ് ചൗധരി, കൗശിക് സെൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
അവരാപൻ 2
ഇമ്രാൻ ഹാഷ്മിയുടെ കൾട്ട് ക്ലാസിക് ചിത്രമായ അവരാപൻ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. ഇമ്രാൻ ഹാഷ്മിക്കു പുറമെ ഷബാന ആസ്മിയും ദിഷ പഠാനിയും ചിത്രത്തിൽ എത്തുന്നുണ്ട്. നിതിൻ കക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 14നാണ് ചിത്രം തിയെറ്ററിലെത്തുന്നത്.
ബത്‌വാര 1947
ഇന്ത‍്യ- പാക്കിസ്ഥാൻ വിഭജനത്തിന്‍റെ കഥ പറയുന്ന ഹിന്ദി ചിത്രമാണ് ബത്വാര 1947. സണ്ണി ഡിയോൾ, പ്രീതി സിൻഡ, അലി ഫസൽ എന്നിവരാണ് മുഖ‍്യ വേഷത്തിലെത്തുന്നത്. ഓഗസ്റ്റ് 14ന് ചിത്രം തിയെറ്റിലെത്തും.
ഖലീഫ
പൃഥ്വിരാജ് സുകുമാരൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രമാണ് ഖലീഫ. വൈശാഖ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം ഓഗസ്റ്റ് 20ന് തിയെറ്ററിലെത്തും. പൃഥ്വിരാജിനും മോഹൻലാലിനും പുറമെ ടോവിനോ തോമസ്, മാളവിക ശർമ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര‍്യം ചെയ്യും.
ഐ ആം ഗെയിം
ദുൽക്കൽ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. രാജ്യാന്തര ഗാങ്‌സ്റ്റർ പോരാട്ടങ്ങളിൽ അകപ്പെടുന്ന ഒരു ഹൈ-സ്റ്റേക്ക് ഗാംബ്ലറുടെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ആന്റണി വർഗീസ്, കതിർ, മിഷ്കിൻ, സംയുക്ത വിശ്വനാഥൻ, കയാദു ലോഹർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഓഗസ്റ്റ് 20നാണ് ചിത്രത്തിന്‍റെ തിയെറ്റർ റിലീസ്.
ദി പാരഡൈസ്
നാനി പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത‍്യൻ ചിത്രമായ ദി പാരഡൈസ് ഓഗസ്റ്റ് 21ന് റിലീസ് ചെയ്യും. കയാദു ലോഹർ, സമ്പൂർണേഷ് ബാബു, സൊനാലി കുൽക്കർണി, മോഹൻ ബാബു എന്നിവരാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.
ടോക്സിക്
ഗീതു മോഹൻദാസിന്‍റെ സംവിധാനത്തിൽ യഷ് നായകനായെത്തുന്ന ചിത്രമാണ് ടോക്സിക്. ഓഗസ്റ്റ് 26ന് ഓണം റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. കന്നഡ, ഹിന്ദി, തമിഴ്, മലയാളം എന്നിങ്ങനെ വിവിധ ഭാഷകളിലായി എത്തുന്ന പാൻ ഇന്ത‍്യൻ ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വാസന്ത് എന്നിങ്ങനെ വമ്പൻ താരനിരയാണുള്ളത്.
ജീവൻ ഭീമ യോജന
അഭിഷേക് ഡോഗ്രയുടെ സംവിധാനത്തിൽ അർഷാദ് വർസിയും, സഞ്ജീദ ഷെയ്ഖും വിജയ് റാസും അഭിനയിച്ചിരിക്കുന്ന ചിത്രമാണ് ജീവൻ ഭീമ യോജന. ഡാർക്ക് കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രം ഓഗസ്റ്റ് 28ന് തിയെറ്ററിലെത്തും.