സി.എസ്. മീനാക്ഷി ഡബ്ബിങ്ങിൽ.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ഈവര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ സി.എസ്. മീനാക്ഷി അഭിനയരംഗത്തേക്ക്. ആപ്പിള്‍ട്രീ സിനിമാസിന്‍റെ ബാനറില്‍ സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ഭാഗ്യലക്ഷ്മിയില്‍ അധ്യാപികയുടെ വേഷത്തിലാണ് എൻജിനീയറായ മീനാക്ഷിയെത്തുന്നത്.
മാധ്യമപ്രവര്‍ത്തകനായ ബാബു വെളപ്പായ കഥയും തിരക്കഥയുമെഴുതുന്ന സിനിമയിലെ ശ്രദ്ധേയമായ ഈ കഥാപാത്രത്തിന് മീനാക്ഷി തന്നെയാണ് ശബ്ദം നല്‍കുന്നത്. ചിത്രത്തിന്‍റെ ഡബ്ബിങ് കൊച്ചിയിലെ ഫുള്‍സ്‌ക്രീന്‍ സ്റ്റുഡിയോയില്‍ അവസാനഘട്ടത്തിലാണ്.
സി.എസ്. മീനാക്ഷി
സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് എക്‌സിക്യൂട്ടീവ് എൻജിനീറായി വിരമിച്ച മീനാക്ഷിയുടെ, പെണ്‍പാട്ടു താരകള്‍ എന്ന പുസ്തകമാണ് ഇത്തവണ സംസ്ഥാനചലച്ചിത്രപുരസ്‌കാരത്തിന് അര്‍ഹമായത്. പുരസ്‌കാരത്തിനൊപ്പം അഭിനയത്തിലേക്കും വഴിതുറന്നതിന്‍റെ ആഹ്‌ളാദത്തിലും അമ്പരപ്പിലുമാണ് ഈ എഴുത്തുകാരി. കോഴിക്കോട് സ്വദേശിയായ മീനാക്ഷിയുടെ ആദ്യപുസ്തകം ഭൗമചാപം സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മൂന്നാമത്തെ പുസ്തകം, പി. ഭാസ്‌കരനെക്കുറിച്ചുള്ള, അന്‍പേന്തിയ വില്ലാളി ഈയിടെയാണ് പുറത്തിറങ്ങിയത്.
സഹോദരന്‍ സി.എസ്. വെങ്കിടേശ്വന് സിനിമാഗ്രന്ഥത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇറിഗേഷന്‍ വകുപ്പില്‍നിന്ന് വിരമിച്ച സൂപ്രണ്ടിങ് എൻജിനീയര്‍ അജിത്കുമാറാണ് ഭര്‍ത്താവ്. കവിയും ഡോക്യുമെന്‍ററി സംവിധായകനുമാണ് അജിത്കുമാര്‍.
മാക്ട ട്രഷറര്‍ കൂടിയായ സജിന്‍ലാലിന്‍റെ അഞ്ചാമത്തെ സിനിമയാണ് ഭാഗ്യലക്ഷ്മി. അംഗവൈകല്യം വന്ന യുവതിയുടെയും മകളുടെയും അസാധാരണമായ അതിജീവനത്തിന്‍റെ കഥയാണ് ഭാഗ്യലക്ഷ്മി അവതരിപ്പിക്കുന്നത്. തമിഴ്‌നടന്‍ സമ്പത്‌റാം, നൈറ, കൈലാഷ്, സ്ഫടികം ജോര്‍ജ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. കൂട്ടത്തിലൊരാള്‍ സംസ്ഥാനപുരസ്‌കാരത്തിന് അര്‍ഹയായതിന്‍റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍.