പ്രതീകാത്മക ചിത്രം
ഓസ്ട്രേലിയയിലെ ഒരു പബ്ലിക് ലൈബ്രറിയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ തിരിച്ചെത്തി. എന്നാൽ പുസ്തകം തിരിച്ചേൽപ്പിക്കാൻ വൈകിയതിന് ലൈബ്രറി അധികൃതർ നിശ്ചയിച്ചത് വൻ പിഴ. ഒന്നും രണ്ടുമല്ല ഏകദേശം 19 ലക്ഷം (28,000 ഓസ്ട്രേലിയൻ ഡോളർ) രൂപ ആണ് പിഴ.
1858ൽ പ്രസിദ്ധീകരിച്ച "ആന്‍റിക്വിറ്റ്സ് ഓഫ് ഏതൻസ്" എന്ന പുസ്തകമാണ് ന്യൂ സൗത്ത് വെയിൽസിലെ കടൽത്തീര നഗരമായ കിയാമയിലെ ലൈബ്രറിയിലേക്ക് ഒന്നര നൂറ്റാണ്ടിനുശേഷം തിരിച്ചെത്തിയത്. വീടിന്‍റെ നവീകരണത്തിനിടെ അടച്ചുപൂട്ടിയിരുന്ന അടുപ്പിനുള്ളിൽ ഇഷ്ടികകൊണ്ട് മറച്ചുവെച്ച ചായപ്പെട്ടിയിൽ നിന്നാണ് പുസ്തകം കണ്ടെത്തിയത്. തുടർന്ന് അത് ലൈബ്രറിയിൽ ഏൽപ്പിക്കുകയായിരുന്നു.
1872ൽ ലൈബ്രറി പ്രവർത്തനം ആരംഭിച്ച സമയത്ത് നിലവിലുണ്ടായിരുന്ന നിയമപ്രകാരം പുസ്തകം വൈകി തിരികെ നൽകിയാൽ ആഴ്ചയിൽ മൂന്ന് പെൻസ് വീതം പിഴ ഈടാക്കുമായിരുന്നു. ഇതുപ്രകാരം പണപ്പെരുപ്പം കൂടി കണക്കിലെടുത്താൽ ഇന്ന് പിഴ തുക ഏകദേശം 28,000 ഓസ്ട്രേലിയൻ ഡോളറാകുമെന്ന് ലൈബ്രറി മാനേജർ മിഷേൽ ഹഡ്സൺ പറഞ്ഞു.
എന്നാൽ പുസ്തകം ആദ്യം ആരാണ് വായനയ്ക്കായി എടുത്തതെന്ന് കണ്ടെത്താൻ ഇനി സാധിക്കില്ല. 1870കളിലെ വായനക്കാരുടെ രേഖകൾ അടങ്ങിയ രജിസ്റ്റർ പിന്നീട് നഷ്ടമായതാണ് ഇതിനു കാരണം.
ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഈ അപൂർവ പുസ്തകം ഇനി സാധാരണ വായനയ്ക്കായി നൽകില്ല. പകരം, ലൈബ്രറിയുടെ പ്രാദേശിക ചരിത്ര ശേഖരത്തിന്‍റെ ഭാഗമായി സംരക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.