കൊവിഡ്-19 വ്യാപനം: ആശങ്ക വേണ്ടെന്ന് വിദഗ്ധർ
ന്യൂഡല്‍ഹി: ഹോങ്കോങ്, സിംഗപ്പൂര്‍, തായ്ലന്‍ഡ്, ചൈന തുടങ്ങിയ നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ആഴ്ച കൊവിഡ്-19 കേസുകള്‍ വർധിച്ചതില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ഇന്ത്യയിലെ മെഡിക്കല്‍ വിദഗ്ധര്‍. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കൊവിഡ് കണക്ക് പ്രകാരം, ഏപ്രില്‍ 28 മുതല്‍ ഇന്ത്യയില്‍ 58 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 93 ആയി.
രാജ്യങ്ങള്‍ പുതിയൊരു തരംഗത്തിലേക്ക് കടക്കുന്നുണ്ടെന്നാണു സമീപകാല ഡേറ്റ സൂചിപ്പിക്കുന്നത്. പ്രതിരോധശേഷി കുറയുന്നതും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കിടയില്‍ ബൂസ്റ്റര്‍ വാക്‌സിനേഷന്‍ എടുക്കുന്നതില്‍ വന്ന കുറവുമാണ് ഇതിനു കാരണമായി കരുതുന്നത്. കൊവിഡ്-19ന്‍റെ ഒരു പുതിയ തരംഗത്തിലേക്ക് ഹോങ്കോങ്ങ് പ്രവേശിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. 31 മരണങ്ങള്‍ സംഭവിച്ചു. ഗുരുതര കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവിലെ തരംഗം രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ അതിന്‍റെ ഉച്ചസ്ഥായിയിലെത്തുമെന്നും മൂന്ന് മാസം വരെ നീണ്ടുനില്‍ക്കുമെന്നുമാണു ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും ഡോക്ടര്‍മാര്‍ പറയുന്നത്.
കേസുകളുടെ എണ്ണത്തില്‍ ആഴ്ചയില്‍ 28% വര്‍ധന ഉണ്ടായതിനെത്തുടര്‍ന്നു സിംഗപ്പൂരിലെ ആരോഗ്യ മന്ത്രാലയം വിശദമായ അപ്ഡേറ്റ് പുറത്തിറക്കി. ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും ഏകദേശം 30% വർധിച്ചു. ചൈനയില്‍ കൊവിഡ്-19 വീണ്ടും ഉയര്‍ന്നുവരുന്നുണ്ട്. എങ്കിലും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന്.
ഏപ്രിലിലെ സോങ്ങ്ക്രാന്‍ ഉത്സവത്തിനുശേഷം തായ്ലന്‍ഡില്‍ കേസുകളുടെ എണ്ണത്തില്‍ വർധന അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആ ഉത്സവത്തില്‍ വലിയ ഒത്തുചേരലുകള്‍ ഉണ്ടായിരുന്നു. അത് കൊവിഡ് പകരാനുള്ള സാധ്യതയും വർധിപ്പിച്ചു.
കൊവിഡ്-19 ഇല്ലാതാകുന്നില്ല. അത് പ്രത്യേക സാഹചര്യത്തില്‍ വ്യാപിക്കും. നിലവിലെ വകഭേദങ്ങള്‍ കൂടുതല്‍ അപകടകരമല്ലെങ്കിലും, ബൂസ്റ്റര്‍ ഡോസ് എടുത്തവരുടെ കുറഞ്ഞ നിരക്കുകളും ദുര്‍ബലമായ പ്രതിരോധശേഷിയും നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍ വൈറസിന് നിശബ്ദമായി തിരിച്ചുവരാന്‍ സാഹചര്യമൊരുക്കിയിട്ടുണ്ട്.
നിലവില്‍, ആരോഗ്യ അധികൃതര്‍ ജാഗ്രത തുടരാന്‍ ആവശ്യപ്പെടുന്നുണ്ട്, പ്രത്യേകിച്ച് ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്കിടയില്‍.