ഹൈദരാബാദിൽനിന്ന് മധ്യ പ്രദേശിലെ ഖാരി ഗ്രാമം സന്ദർശിക്കാനെത്തിയ മാധ്യമ പ്രവർത്തക ഡി. പ്രാൺഷുത ചെണ്ടുമല്ലിപ്പാടത്ത്.
VK Sanju
മധ്യപ്രദേശിലെ രണ്ട് ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള യാത്രാ വിവരണം. ഭോപ്പാലിൽനിന്ന് 33 കിലോമീറ്റർ അകലെ സിഹോർ ജില്ലയിലെ ഖാരി ഗ്രാമം, ഗോണ്ട്-ഭീൽ-ഭീലാല ഗോത്രങ്ങളുടെ സാംസ്കാരിക സമന്വയയും സ്ത്രീകൾ നയിക്കുന്ന ഹോംസ്റ്റേകളും. ഛിന്ദ്‌വാഡ ജില്ലയിലെ സബർവാണി ഗ്രാമം, സത്പുര നാഷണൽ പാർക്കിന്‍റെ ബഫർ സോണിലുള്ള ഗോണ്ട് ഗോത്ര ഗ്രാമമാണ്—2024 സെപ്റ്റംബർ 27ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ "ഉത്തരവാദിത്വ ടൂറിസം" വിഭാഗത്തിൽ മികച്ച ടൂറിസം ഗ്രാമമായി തെരഞ്ഞെടുക്കപ്പെട്ടു. ഇരു ഗ്രാമങ്ങളും സമൂഹ നേതൃത്വത്തിലുള്ള ഹോംസ്റ്റേ മാതൃകയും സുസ്ഥിര ടൂറിസവും സാംസ്കാരിക സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നു.
വി.കെ. സഞ്ജു
ഭോപ്പാലിൽനിന്ന് വെറും 33 കിലോമീറ്റർ അകലെ, സിഹോർ ജില്ലയിലെ ഒരു ഗ്രാമം. ഗോണ്ട്, ഭീൽ, ഭീലാല ഗോത്രങ്ങളും മറ്റു സമുദായങ്ങളും ഇടകലർന്നു ജീവിക്കുന്ന ഒരു സാംസ്കാരിക സമന്വയം- ഖാരി. ഇവിടെ തുറക്കുന്നു, മധ്യപ്രദേശിന്‍റെ ഗ്രാമീണ വിനോദസഞ്ചാര ഭൂപടത്തിലെ ഏറ്റവും ഹൃദ്യമായ ഒരു അധ്യായം.
ഓടുമേഞ്ഞ മൺവീടുകൾക്കിടയിലൂടെ നടന്നാൽ, സമയം ഇവിടെ മറ്റൊരു താളത്തിലാണ് നീങ്ങുന്നതെന്നു തോന്നും. അടുത്തുള്ള കെസ്‌ല അണക്കെട്ടിലെ പിക്നിക്കുകളും, ഭീംബേട്ക ഗുഹാ ചിത്രങ്ങളുടെ പ്രലോഭനങ്ങളും, അൽപ്പം സഞ്ചരിച്ചാലെത്താവുന്ന സാഞ്ചി സ്തൂപത്തിന്‍റെ ശാന്തതയും ഒക്കെ ചേർന്നതാണ് ഖാരിയുടെ ചുറ്റുവട്ടം. പക്ഷേ, ഈ ഗ്രാമത്തിന്‍റെ യഥാർഥ ചാരുത ഇത്തരം കാഴ്ചകളിലല്ല, അതിന്‍റെ ലാളിത്യത്തിലാണ്.
ഖാരി ഗ്രാമത്തിലെ ഹോം സ്റ്റേകളിലേക്കുള്ള ദിശാസൂചികൾ.
മധ്യപ്രദേശ് ടൂറിസം ബോർഡിന്‍റെ റെസ്പോൺസിബിൾ ടൂറിസം മിഷന്‍റെ ഭാഗമായി, ഗ്രാമവാസികളുടെ സ്വന്തം വീടുകൾക്കരികിൽ ഇരുപതോളം ഹോംസ്റ്റേകളാണ് ഇവിടെ ഉയർന്നിരിക്കുന്നത്. ഓരോ ഹോംസ്റ്റേയ്ക്കും പിന്നിൽ ഓരോ കഥയുണ്ട്. കൃഷിക്കാരും മൺപാത്രമുണ്ടാക്കുന്നവരുമെല്ലാം അവിടെയുണ്ട്. വിരുന്നുകാർ എത്തുമ്പോൾ, ഗ്രാമം മുഴുവൻ ജോലികൾ നിർത്തിവച്ച് വാതിലുകൾ തുറന്നിടും, കഥകൾ പങ്കുവയ്ക്കും.
ഗ്രാമത്തിന്‍റെ നായികമാർ
ഗ്രാമത്തിന്‍റെ പേരെഴുതി വച്ച ബോർഡ് കടന്നു പോകുമ്പോൾ ഒരു കാഴ്ച കണ്ടു. വിശാലമായി തണൽ വിരിച്ചു നിൽക്കുന്ന ഒരു മരം. അതിനു താഴെ ചെറിയൊരു ഗ്രാമസഭ പോലെ കുറച്ചാളുകൾ വട്ടത്തിൽ ഇരിക്കുന്നുണ്ട്. ഒത്ത നടുക്ക് കലുങ്ക് പോലൊരു നിർമിതിക്കു മുകളിൽ തലയെടുപ്പോടെ നിവർന്നിരുന്ന് വർത്തമാനം പറയുന്ന ഒരു സ്ത്രീ. ചുറ്റുമുള്ളതിൽ ഏറെയും പുരുഷൻമാരാണ്. ഖാരി എന്ന ഗ്രാമത്തിന്‍റെ മിനിയേച്ചർ ഈ ഫ്രെയിമിലുണ്ട്.
ട്വിൻസ് കില്ല വ്യൂ ഹോം സ്റ്റേ, ഖാരി വില്ലേജ്, സിഹോർ, മധ്യപ്രദേശ്.
അലങ്കരിച്ച വീടുകളും ശാന്തമായ അന്തരീക്ഷവും നിശബ്ദമായൊഴുകുന്ന തെളിനീർച്ചാലുമല്ല, മറിച്ച് അവിടത്തെ സ്ത്രീകളുടെ കരുത്താണ് ഖാരിയിലെ ഏറ്റവും തീക്ഷ്ണമായ കാഴ്ച. ഹോംസ്റ്റേകളുടെ നടത്തിപ്പ് മുഴുവൻ സ്ത്രീകളുടെ കൈകളിലാണ്. വീട്ടിലെ പുരുഷൻമാർ കൃഷിപ്പണിയിലും മറ്റും മുഴുകുമ്പോൾ, ഹോം സ്റ്റേകളിൽ അതിഥികളെ സ്വീകരിക്കുന്നതും, അവർക്കു വേണ്ടി ഭക്ഷണം ഒരുക്കുന്നതും, ഇഷ്ടത്തോടെ ഗ്രാമത്തിന്‍റെ കഥ പറയുന്നതുമൊക്കെ ഈ സ്ത്രീകളാണ്.
ഖാരി ഗ്രാമത്തിലെ മറ്റൊരു ഹോംസ്റ്റേ.
ബുന്ദേലി ഗോത്ര നൃത്തവും ഭജൻ മണ്ഡലി ആലാപനവും ഗ്രാമത്തിലെ തനത് വിഭവങ്ങളുടെ രുചിയും ഒക്കെ ചേർന്നതാണ് ഖാരിയിലെ ഒരു സായാഹ്നം. തിലകവും പൂക്കളുമായി ഖാരി ഗ്രാമ പര്യടൻ സമിതിയുടെ പരമ്പരാഗതരീതിയിലുള്ള വരവേൽപ്പാണ് ഓരോ സന്ദർശകരെയും കാത്തിരിക്കുന്നത്.
സത്പുരയുടെ തണലിൽ സബർവാണി
ഖാരിയിൽനിന്ന് ദൂരേക്ക്, ഛിന്ദ്‌വാഡ ജില്ലയിലെ തമിയ തെഹ്സിലിൽ, സത്പുര നാഷണൽ പാർക്കിന്‍റെ ബഫർ സോണിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ഗ്രാമം- സബർവാണി. 2000 ഹെക്റ്ററിൽ താഴെ വിസ്തൃതിയിൽ, വെറും 712 പേർ മാത്രം താമസിക്കുന്ന ചെറിയൊരു ഗോണ്ട് ഗോത്ര ഗ്രാമം. 2019 മുതൽ ഇതൊരു ടൂറിസം ഹബ്ബായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള സഞ്ചാരികൾക്ക് ഇപ്പോഴിവിടം ആതിഥ്യമരുളുന്നു.
ഗ്രാമജീവിതത്തിന്‍റെ കാഴ്ചയല്ല, അനുഭവം തന്നെയാണ് മധ്യ പ്രദേശിലെ വില്ലേജ് ടൂറിസം പദ്ധതികൾ വാഗ്ദാനം ചെയ്യുന്നത്.
ഗ്രാമത്തിലൂടെയുള്ള നടത്തം, കാളവണ്ടി സവാരി, മീൻപിടിത്തം, പക്ഷിനിരീക്ഷണം, സൈക്കിൾ സവാരി, കൃഷിപ്പണികളിൽ പങ്കാളിയാകൽ- സബർവാണി സന്ദർശകർക്ക് നൽകുന്നത് കേവലം കാഴ്ചയല്ല, അനുഭവമാണ്. പരമ്പരാഗത ഹോംസ്റ്റേകളിൽ തങ്ങി, ഗ്രാമജീവിതത്തിന്‍റെ ശാന്തത നേരിട്ടറിയാം.
2024 സെപ്റ്റംബർ 27- ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടത്തിയ ചടങ്ങിൽ, കേന്ദ്ര ടൂറിസം മന്ത്രാലയം സബർവാണിയെ ഉത്തരവാദിത്വ ടൂറിസം വിഭാഗത്തിൽ മികച്ച ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചു. സാമൂഹിക മൂല്യങ്ങളും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, സാംസ്കാരികവും പ്രകൃതിദത്തവുമായ വിഭവങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന 'ബെസ്റ്റ് ടൂറിസം വില്ലേജസ്' മത്സരത്തിലെ അംഗീകാരമായിരുന്നു ഇത്.
സമൂഹ നേതൃത്വത്തിലുള്ള ഹോംസ്റ്റേകളും, സുസ്ഥിര പ്രവർത്തനങ്ങളും, സാംസ്കാരിക സംരക്ഷണവും ചേർന്ന ഈ അംഗീകാരം സബർവാണിയെ ആഗോള ശ്രദ്ധയിലേക്ക് ഉയർത്തുമെന്നാണ് മധ്യപ്രദേശ് ടൂറിസം ബോർഡിന്‍റെ പ്രതീക്ഷ.
ടൂറിസം ഗ്രാമം സന്ദർശിക്കുന്നവർക്കുള്ള പരമ്പരാഗത ഭക്ഷണം.
രണ്ടു ഗ്രാമങ്ങൾ, ഒരു തത്വശാസ്ത്രം
ഖാരിയിൽ നിന്ന് വിദേശത്തു പോയി ഹോട്ടൽ മാനെജ്മെന്‍റ് പഠിച്ച് തിരിച്ചുവന്ന് ഹോം സ്റ്റേകളുടെ പ്രവർത്തനം ഉഷാറാക്കാൻ സഹായിക്കുന്ന ബന്ധുവിനെക്കുറിച്ച് ട്വിൻസ് കില്ല വ്യൂ ഹോം സ്റ്റേയുടെ നടത്തിപ്പുകാരി ബബ്‌ലി ഗൗർ അഭിമാനത്തോടെ വിവരിച്ചു. വീട്ടിലെ ഇരട്ട പെൺകുട്ടികളെ ഉദ്ദേശിച്ചാണ് ഹോംസ്റ്റേയുടെ പേരിൽ ട്വിൻസ് എന്നു ചേർത്തിരിക്കുന്നത്.
ഹോം സ്റ്റേ വാടക ഇനത്തിൽ ലഭിക്കുന്ന തുകയുടെ അഞ്ച് ശതമാനമാണ് സർക്കാർ പദ്ധതികളിലേക്കു പോകുന്നത്. ബാക്കി 95 ശതമാനവും നടത്തിപ്പുകാർക്കു തന്നെയാണെന്ന് നോഡൽ ഓഫിസർ പ്രിയങ്ക സിൻഹ പറഞ്ഞു. വാടക കൂടാതെ, പ്രാദേശിക ഉത്പന്നങ്ങളുടെ വിൽപ്പന പോലെ അനുബന്ധ വ്യവസായങ്ങൾ വഴിയുള്ള വരുമാനം വേറെ.
സന്ദർശകരുമായി സംസാരിക്കുന്ന ഹോംസ്റ്റേ ഉടമ ബബ്‌ലി ഗൗർ.
ഖാരിയും സബർവാണിയും, 200 കിലോമീറ്റർ അകലത്തു നിൽക്കുന്നെങ്കിലും, ഒരേ ആശയത്തിലാണ് വേരൂന്നിയിരിക്കുന്നത്- ടൂറിസം എന്നാൽ കേവലം കാഴ്ചകളല്ല, മറിച്ച് സമൂഹങ്ങളെ ശാക്തീകരിക്കാനുള്ള ശക്തമായ ഉപാധികൾ കൂടിയാണ് എന്ന ബോധ്യം. വിനോദസഞ്ചാരികൾ എത്തുന്നതോടെ, ഗ്രാമത്തിലെ സ്ത്രീകൾക്ക് സ്ഥിരവരുമാനം ലഭിക്കുന്നു, കരകൗശല വിദഗ്ധർക്ക് പുതിയ വിപണി തുറക്കുന്നു, ഗോത്ര പാരമ്പര്യങ്ങൾക്ക് പുതിയൊരു തലമുറയുടെ മുന്നിൽ അംഗീകാരം കിട്ടുന്നു.
ഭോപ്പാലിന്‍റെ തിരക്കുകളിൽനിന്ന് ചെറിയ യാത്ര മാത്രം അകലെ, ഈ രണ്ടു ഗ്രാമങ്ങളും കാത്തിരിക്കുന്നു- വൈഫൈയുടെ സിഗ്നൽ മങ്ങുന്നിടത്താണ് ഇന്ത്യയുടെ ആത്മാവ് ഒളിഞ്ഞിരിക്കുന്നതെന്ന് ഓർമിപ്പിച്ചുകൊണ്ട്; ഇന്ത്യയുടെ ഹൃദയഭൂമി എന്ന മധ്യപ്രദേശിന്‍റെ വിശേഷണം ഗ്രാമത്തിന്‍റെ മിടിപ്പുകളിലൂടെ ആവർത്തിച്ചുകൊണ്ട്....