Tamia Patalkot Valley Sita Mahabali Meghnad Legend

മധ്യപ്രദേശിലെ സത്പുര പർവതനിരകൾക്കുള്ളിൽ, ഗ്രാനൈറ്റ് ചുമരുകൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന ഒരു താഴ്‌വരയുണ്ട്....

VK Sanju

ഉപേക്ഷിക്കപ്പെട്ടവരുടെ താഴ്‌വര

സീത ഭൂമി പിളർന്ന് അന്തർധാനം ചെയ്ത ഇടത്തെക്കുറിച്ചറിയാമോ? മേഘനാദൻ തപസ് കഴിഞ്ഞ് പാതാളത്തിലേക്കു പോയ വഴി? ഒരുപക്ഷേ, വാമനൻ മഹാബലിയെ പാതാളത്തിലേക്കയച്ച പാത... മധ്യപ്രദേശ് യാത്രാവിവരണം

വി.കെ. സഞ്ജു

ഇതിഹാസങ്ങൾക്ക് കൃത്യമായ ഭൂമിശാസ്ത്രമില്ല; അവ കാല-ദേശങ്ങൾക്ക് അതീതമായി സഞ്ചരിക്കും. എന്നാൽ, മധ്യപ്രദേശിലെ സത്പുര പർവതനിരകൾക്കുള്ളിൽ, ഗ്രാനൈറ്റ് ചുമരുകൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന ഒരു താഴ്‌വരയുണ്ട്. അവിടെക്കൂടി നടക്കുമ്പോൾ ഒരു കഥ മനസിലേക്ക് ഓടിയെത്തും, എല്ലാ മലയാളികൾക്കും പരിചിതമായൊരു ഐതിഹ്യം. കാരണം, ഈ താഴ്‌വരയുടെ പേരിന് 'പാതാളഭൂമി' എന്നാണർഥം. അതെ, ഇതാണ് പാതാൾകോട്ട്!

ഛിന്ദ്‌വാഡ ജില്ലയിലെ തമിയയിൽനിന്ന് വെറും 20 കിലോമീറ്റർ അകലെ, 400 മീറ്റർ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന, കുതിരലാടത്തിന്‍റെ ആകൃതിയുള്ള താഴ്‌വര. ഇരുനൂറ്റമ്പതു കോടിയിലധികം വർഷം പഴക്കമുള്ള പാറക്കെട്ടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മഹാദുർഗം. ഇവിടത്തെ ഗോത്രവാസികളുടെ വിശ്വാസത്തിൽ വാമനനും മഹാബലിയുമൊന്നുമില്ല. പക്ഷേ, സീതയുണ്ട്. ലവകുശന്മാരെ പിന്തുടർന്ന് കാട്ടിൽ ചെന്ന് വീണ്ടും അഗ്നിപരീക്ഷ ആവശ്യപ്പെട്ട രാമന്‍റെ കൺമുന്നിൽ ഭൂമി പിളർന്ന് അന്തർധാനം ചെയ്ത സീത. ഭൂമിയുടെ ആ പിളർപ്പാണ് ഇവിടത്തുകാർക്ക് 1500 അടി താഴ്ചയുള്ള പാതാൾകോട്, നട്ടുച്ചയ്ക്കു പോലും സൂര്യപ്രകാശം നേരെ പതിക്കാത്ത പാതാളകവാടം!

Tamia Patalkot Valley Sita Mahabali Meghnad Legend

വിശ്വാസങ്ങളുടെ തീവ്രയജ്ഞങ്ങളിൽ ഹവിസ് പകരുന്ന വിസ്മയമായി തുടരുകയാണ് പാതാൾകോട്ട്.

Metro Vaartha

രാവണപുത്രനായ മേഘനാദൻ പരമശിവനെ തപസ് ചെയ്ത ശേഷം പാതാളലോകത്തേക്ക് ഇറങ്ങിപ്പോയതും ഇതേ താഴ്‌വരയിലൂടെയെന്ന് അവർ വിശ്വസിക്കുന്നു. മേഘനാദനെ ആരാധിക്കുന്നവരാണ് ഭരിയ ഗോത്രം. പക്ഷേ, ഈ താഴ്‌വരയെ 'സീതയുടെ പാതാളം' എന്നാണവർ വിളിക്കുന്നത്.

ഒരുപക്ഷേ, നർമദയുടെ തീരത്ത് ഭൃഗുകച്ഛത്തിൽ വച്ച് വാമനൻ അമർത്തിച്ചവിട്ടിയ മൂന്നാമത്തെ ചുവട്, കുനിഞ്ഞ ശിരസിൽ ഏറ്റുവാങ്ങിയ മഹാബലിയും പാതാളം പൂകിയത് ഇതേ മലയിടുക്കിലൂടെയല്ലെന്ന് ആരറിഞ്ഞു! സത്പുരയുടെ ഈ താഴ്‌വര ഇനിയും നിഗൂഢതകളുടെ ഗുഹാമുഖം തുറക്കാൻ കൂട്ടാക്കിയിട്ടില്ല. ഭൂമിശാസ്ത്രത്തിനപ്പുറം, വിശ്വാസങ്ങളുടെ തീവ്രയജ്ഞങ്ങളിൽ ഹവിസ് പകരുന്ന വിസ്മയമായി തുടരുകയാണ് പാതാൾകോട്ട്.

ഉപ്പ് നോക്കാത്ത ഏകാന്തത

Tamia Patalkot Valley Sita Mahabali Meghnad Legend

1980-കൾക്കു മുൻപ്, പാതാൾകോട്ടിലെ ഒരു നിവാസി പോലും ഉപ്പിന്‍റെ രുചി അറിഞ്ഞിരുന്നില്ല.

VK Sanju

12 ഗ്രാമങ്ങളിലായി ചിതറിക്കിടക്കുന്ന, ഏകദേശം 2,000 ഗോത്രവാസികളാണ് പാതാൾകോട്ടിലെ താമസക്കാർ- ഭരിയ, ഗോണ്ട് ഗോത്രങ്ങൾ. ഗോണ്ടുകളുടെ 'ഇളയ സഹോദരന്മാർ' എന്നു സ്വയം വിശേഷിപ്പിക്കുന്ന ഭരിയ സമുദായം, അഞ്ഞൂറ് വർഷത്തിലധികമായി ഈ താഴ്‌വരയിൽ പുറംലോകവുമായി കാര്യമായ ബന്ധമില്ലാതെ ജീവിച്ചുപോന്നു. 1980-കൾക്കു മുൻപ്, പാതാൾകോട്ടിലെ ഒരു നിവാസി പോലും ഉപ്പിന്‍റെ രുചി അറിഞ്ഞിരുന്നില്ല എന്നറിയുമ്പോഴാണ് ഈ ഒറ്റപ്പെടലിന്‍റെ ആഴം വ്യക്തമാക്കുന്നത്. 1950-കളിൽ, അന്നത്തെ സെൻട്രൽ പ്രോവിൻസസ് ഭരണകൂടത്തിന്‍റെ ഒരു ചെറു സ്കൗട്ട് സംഘമാണ് ഈ താഴ്‌വരയെ പുറംലോകത്തിനു മുന്നിൽ വീണ്ടും 'കണ്ടെത്തിയത്'.

'കേരയം' എന്ന അവസാനത്തെ ഗോത്ര ഗ്രാമങ്ങളിലൊന്നിലേക്ക് എത്തുമ്പോഴാണ്, ഈ താഴ്‌വരയ്ക്ക് എന്തുകൊണ്ട് ഈ പേര് ലഭിച്ചു എന്ന് യാത്രികർ യഥാർഥത്തിൽ തിരിച്ചറിയുന്നത്. ഗജ്ബഡ, ചിംതിപുർ തുടങ്ങിയ മറ്റു ഗ്രാമങ്ങളും ഈ താഴ്‌വരയിലുണ്ട്. താഴ്‌വരയിലൂടെ ഒഴുകുന്ന ദൂധി നദിയും, രാജാ ഖോ, സിംഗാരിയ വെള്ളച്ചാട്ടം തുടങ്ങിയ അധികമാരും അറിയാത്ത കാഴ്ചകളും പാതാൾകോട്ടിന്‍റെ ഭൂമികയെ സമ്പന്നമാക്കുന്നു.

മരുന്നുരയ്ക്കുന്ന മലഞ്ചെരിവ്

Tamia Patalkot Valley Sita Mahabali Meghnad Legend

കാട്ടുചെടികളിൽന്ന് മരുന്ന് വേർതിരിച്ചെടുക്കാൻ അസാമാന്യ വൈദഗ്ധ്യമുള്ളവരാണ് പാതാൾകോട്ടിലെ ഗോത്രവിഭാഗങ്ങൾ.

VK Sanju

ഇടതൂർന്ന വനങ്ങളാൽ പൊതിഞ്ഞ ഈ താഴ്‌വര, ഔഷധ സസ്യങ്ങളുടെ 'ജീവനുള്ള മ്യൂസിയം' എന്നാണ് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. വനത്തിലെ ചെടികളിൽനിന്ന് കഷായങ്ങളും സത്തുകളും വേർതിരിച്ചെടുക്കുന്നതിൽ അസാധാരണ വൈദഗ്ധ്യമുള്ളവരാണ് ഭരിയ, ഗോണ്ട് ഗോത്രവാസികൾ- തലമുറകളായി കൈമാറിവന്ന ഈ അറിവ്, ആധുനിക വൈദ്യശാസ്ത്രത്തിനു പോലും കൗതുകമുണർത്തുന്നതാണ്.

കാലം നിശ്ചലമാകുന്ന പാതാളം

Tamia Patalkot Valley Sita Mahabali Meghnad Legend

ഇന്നും എളുപ്പമല്ല പാതാൾകോട്ടിലേക്കുള്ള യാത്ര.

Metro Vaartha

സമീപ വർഷങ്ങളിൽ, പാതാൾകോട്ടിനെ ഒരു ഇക്കോ ടൂറിസം കേന്ദ്രമായി വളർത്തിയെടുക്കാൻ മധ്യപ്രദേശ് സർക്കാർ ശ്രമിച്ചുവരുകയാണ്. പാരാസെയിലിങ്, പാരാഗ്ലൈഡിങ്, റോക്ക് ക്ലൈംബിങ്, ട്രെക്കിങ്, പക്ഷിനിരീക്ഷണം, ജലവിനോദങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന അഡ്വഞ്ചർ ടൂറിസം പദ്ധതിയിൽ 3,000 ഗോത്ര യുവാക്കൾക്ക് പരിശീലനം നൽകിയത് ഈ ശ്രമങ്ങളുടെ ഭാഗമാണ്.

എന്നാൽ, പാതാൾകോട്ടിലേക്കുള്ള യാത്ര ഇന്നും എളുപ്പമല്ല. താഴ്‌വരയുടെ അരികിലേക്ക് വാഹനത്തിൽ എത്തിയ ശേഷം, ട്രെക്കിങ്ങിലൂടെയോ പ്രാദേശിക വാഹനങ്ങളിലൂടെയോ മാത്രമേ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാനാകൂ. മഴക്കാലത്തിനു ശേഷമുള്ള മാസങ്ങൾ - ഒക്റ്റോബർ മുതൽ മാർച്ച് വരെ - ആണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.

Tamia Patalkot Valley Sita Mahabali Meghnad Legend

ഇതിഹാസങ്ങൾ ഇന്നും ജീവിക്കുന്ന, കാലം നിശ്ചലമാകുന്ന ഇടമാണ് പാതാൾകോട്ട്.

Metro Vaartha

തമിയയുടെ മനോഹാരിതയിൽനിന്ന് കേവലം ഒരു ചുവടു മാത്രം താഴേക്കിറങ്ങിയാൽ മതി, തികച്ചും വ്യത്യസ്തമായൊരു ലോകത്തേക്കു കടക്കാൻ. കാലം നിശ്ചലമായി നിൽക്കുന്ന, ഇതിഹാസങ്ങൾ ഇന്നും ജീവിച്ചിരിക്കുന്ന, അഞ്ഞൂറ് വർഷത്തെ ഏകാന്തതയിൽ സ്വത്വം കാത്തുസൂക്ഷിക്കുന്ന ഒരു താഴ്‌വരയിലേക്ക്....

logo
Metro Vaartha
www.metrovaartha.com