mamalakandam 
Lifestyle

മലമടക്കുകളിൽ വിസ്മയം ഒളിപ്പിച്ച് മാമലക്കണ്ടം എന്ന സ്വർഗീയ ഭൂമി

സഞ്ചാരികൾക്ക് ദൃശ്യ വിസ്മയങ്ങളുടെ പറുദീസ സമ്മാനിക്കുകയാണ് ഈ കാനനഭൂമി

Renjith Krishna

ഏബിൾ സി. അലക്സ്‌

കോതമംഗലം: കാനന ഭൂമിയിൽ വിസ്മയങ്ങളുടെ മായിക സ്വർഗം തീർക്കുകയാണ് മാമലക്കണ്ടം. കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ കുട്ടമ്പുഴയിലാണ് ദൃശ്യ വിസ്മയങ്ങളുടെ പറുദീസ ഒരുക്കുന്ന മലയോര ഗ്രാമം. പേരുപോലെ തന്നെ മാമലകളുടെ കണ്ടമാണിവിടം.കൊച്ചി - ധനുഷ്കോടി ദേശീയ പാത വഴി സഞ്ചരിക്കുന്നവർക്ക് നേര്യമംഗലം ആറാം മൈൽ നിന്നും തിരിഞ്ഞ് ഏകദേശം ഒൻപതു കിലോമീറ്റർ ചെന്നാൽ നയന മനോഹരമായ മാമലക്കണ്ടത്ത് എത്താം. അതുമല്ലെങ്കിൽ കോതമംഗലം, ചേലാട്, തട്ടേക്കാട്, കുട്ടമ്പുഴ വഴിയും എത്താം. അവിടെ പെരുവര മലയുടെ താഴ്‌വാരത്ത് തല എടുപ്പോടെ നിൽക്കുന്ന സർക്കാർ ഹൈസ്കൂൾ.

സ്കൂളിന്റെ തിരുമുറ്റത്ത് നിന്നാൽ കാണാം പച്ച പുതച്ച മാമലകളും,വെള്ളിവര തീർത്ത ചെറു വെള്ളച്ചാട്ടങ്ങളും,വെള്ളിയാരഞ്ഞാണമിട്ട പാറക്കെട്ടുകളും ഗ്രാമഭംഗിക്കു മാറ്റുകൂട്ടുന്ന വീടുകളും. സ്കൂൾ മുറ്റത്ത്‌ നിന്ന് വെള്ളച്ചാട്ടം ആസ്വദിക്കാൻ പറ്റുന്ന എറണാകുളം ജില്ലയിലെ ഏക സ്കൂളും ഒരുപക്ഷെ മാമലക്കണ്ടം ഗവ. സ്കൂൾ ആയിരിക്കും.വിദ്യാലയത്തിന്റെ പടിവാതിലിനരുകിൽ നൂറു മീറ്ററിനപ്പുറം കാണാം പ്രസിദ്ധമായ എളംബ്ലാശ്ശേരി മലയെ രണ്ടായി പിളർത്തുകൊണ്ടൊഴുകുന്ന എളംബ്ലാശ്ശേരി വെള്ളച്ചാട്ടം. ഇത് ഉള്ളം കുളിർപ്പിക്കുന്ന ദൃശ്യമാണ്.

എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ ജനവാസമുള്ള,ഏറ്റവും ഉയർന്ന പ്രദേശത്തെയും വിനോദ സഞ്ചാര കേന്ദ്രമാണ് മാമലക്കണ്ടം. ഓഫ്‌ റോഡ് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ കൊയ്‌നിപാറ മലയും ഇവിടെ അടുത്തു തന്നെ.നിരവധി സാഹസീക സഞ്ചാരികൾ ഇവിടെ അവരുടെ വാഹനവുമായി എത്തുന്നു.എറണാകുളം ജില്ലയിലെ ഏറ്റവും ഉയരത്തിലെ ചായക്കടയിലെ ഒരു ചായ കുടിക്കണമെങ്കിൽ കൊയിനി പാറയിൽ തന്നെ എത്തണം.ഇവിടെ നിന്നാൽ അങ്ങ് വിസ്തൃതിയിൽ മലക്കപ്പാറ മുതലുള്ള വിദൂര ദൃശ്യങ്ങൾ ഹരിതാഭാ ഭംഗിയിൽ കാണാം.

ഉരുളിക്കുഴി പുഴയിലെ വെള്ളച്ചാട്ടവും കമനീയമായ കാഴ്ച്ചയാണ്.പടിക്കെട്ടുകളെ പളുങ്കുമണികൾ അലങ്കരിച്ചൊതുപോലുള്ള ജല നിപാതം അനുസ്യൂതം ഒഴുകുന്നു. പുഴയോരത്ത് നിന്ന് ഒഴുക്ക് ആസ്വദിക്കാം. പുഴയിൽ ഇറങ്ങി ആസ്വദിക്കാൻ നോക്കിയാൽ അത് നമ്മളെ അപകടത്തിൽ ആക്കിയേക്കാം.

പോയകാലത്തിന്റെ ആദ്ധ്യാത്മിക സ്മാരകങ്ങൾ പോലെ പാറക്കെട്ടുകളെ അലങ്കരിച്ചു നിൽക്കുന്ന മുനിയറകളും ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. കാനന ഭൂമിയിലെ പച്ചപ്പും മലയോരങ്ങളിലെ വെള്ളച്ചാട്ടങ്ങളും കാട്ടാനകളുടെ സാമീപ്വവും ഈ യാത്രയിലെ മറക്കാനാവാത്ത അനുഭവമായിരിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക.

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി

മകളെ വിവാഹം ചെയ്ത് നൽകിയില്ല; അമ്മയെ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു

വിജയ് ഹസാരെ ട്രോഫി: ആദ‍്യം ദിനം തന്നെ സെഞ്ചുറികളുടെ പെരുമഴ