Parenting, representative image 
Lifestyle

പേടിപ്പിച്ചുടയ്ക്കല്ലേ ഈ പളുങ്കു പാത്രങ്ങൾ...

തമാശയ്ക്കെങ്കിലും നാം വരുത്തുന്ന ഓരോ ചെറിയ അശ്രദ്ധ പോലും ഭാവിയിലെ ഒരു പ്രതിഭയെ മാനസികാരോഗ്യമില്ലാത്ത വ്യക്തിത്വ വൈകല്യമാക്കി മാറ്റിയേക്കും.

VK SANJU

റീന വർഗീസ് കണ്ണിമല

കുഞ്ഞുങ്ങൾ... ഭൂമിയിലെ മാലാഖമാർ. ചുറ്റും കാണുന്നതെല്ലാം അതേപടി ഒപ്പിയെടുക്കുന്ന ബട്ടർപേപ്പറുകൾ. അതു കൊണ്ടു തന്നെ ശിശുപരിപാലനത്തിൽ അതീവ ശ്രദ്ധ ആവശ്യമാണ്. തമാശയ്ക്കെങ്കിലും നാം വരുത്തുന്ന ഓരോ ചെറിയ അശ്രദ്ധ പോലും ഭാവിയിലെ ഒരു പ്രതിഭയെ മാനസികാരോഗ്യമില്ലാത്ത വ്യക്തിത്വ വൈകല്യമാക്കി മാറ്റിയേക്കും. ആദ്യ മൂന്നു വര്‍ഷങ്ങളിലെ അനുഭവമാണ് കുട്ടിയുടെ എല്ലാത്തരം വികാസങ്ങളിലും സ്വാധീനം ചെലുത്തുക (കീ ഡെവലപ്പ്മെന്‍റല്‍ പിരീഡ്).

കുടുംബാന്തരീക്ഷം പ്രധാനം

കുഞ്ഞിന്‍റെ വൈകാരിക വികാസത്തില്‍ കുടുംബാന്തരീക്ഷത്തിനും പങ്കുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധവും ഏറെ പ്രധാനമാണ്. ഇത് കുഞ്ഞിന്‍റെ സാമൂഹികമായ ബന്ധത്തിലും സ്വാധീനം ചെലുത്തുന്നു. കുഞ്ഞ് വീട്ടില്‍ നിന്നു പഠിക്കുന്ന സംഭാഷണ രീതിയും പെരുമാറ്റവും ആയിരിക്കും സമൂഹത്തില്‍ കാഴ്ചവയ്ക്കുക. വൈകാരിക വികാസത്തില്‍ അന്‍പതു ശതമാനം ജനിതകമായ പാരമ്പര്യത്തില്‍ നിന്നു കിട്ടുമ്പോള്‍, ശേഷിച്ചത് അവര്‍ വളരുന്ന പരിതസ്ഥിയില്‍ നിന്നാണ് നേടുക. അതുകൊണ്ട് തികച്ചും സുഖകരമായ കുടുംബാന്തരീക്ഷം കുഞ്ഞിനു നല്‍കുക.

വെറുതേ പേടിപ്പിക്കരുത്

കുഞ്ഞുങ്ങളെ വെറുതെ ഭയപ്പെടുത്തരുത്. അവർ ഭയന്നു കരയുമ്പോൾ ചിരിക്കുകയും അരുത്. ബീച്ചിലും മറ്റും ആദ്യമായി കൊണ്ടുപോകുമ്പോൾ വെള്ളത്തോടുള്ള ഭയം മാറ്റാൻ വേണ്ടി മാതാപിതാക്കൾ കുഞ്ഞുങ്ങളെ പഞ്ചാരമണലിൽ ഇറക്കി തനിയെ നിർത്തുന്നതും കുഞ്ഞുങ്ങൾ വാവിട്ടു നിലവിളിക്കുന്നതും അത്ര നല്ലതല്ല. പെട്ടെന്നുണ്ടാകുന്ന ഇത്തരം ഭയങ്ങൾ കുഞ്ഞിന്‍റെ ഭാവിയെ വരെ ബാധിച്ചേക്കും. പിഞ്ചു പ്രായത്തിൽ മനസിന് ഏൽക്കുന്ന ക്ഷതം ഭാവിയിൽ ഡിപ്രഷനും ആങ്സൈറ്റിക്കും ഇടവരുത്തും.

ഉള്ളിലുറങ്ങിക്കിടന്ന ശൈശവ-ബാല്യ ഭയങ്ങൾ ടീനേജിലും പ്രഗ്നൻസി പീരിയഡിലും മറ്റും കടുത്ത മാനസിക സമ്മർദത്തിലേക്കും ആങ്സൈറ്റിയിലേക്കും നയിക്കുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പല കൗൺസിലിങ്ങിലും ഇതൊക്കെ തിരിച്ചറിയപ്പെട്ടിട്ടുമുണ്ട്. ഈ സ്ത്രീകളെല്ലാം തന്നെ തങ്ങളുടെ കുഞ്ഞു പ്രായത്തിൽ അടുത്ത ബന്ധുക്കളാലോ കുടുംബാംഗങ്ങളാലോ ഭയം ഏറ്റു വാങ്ങിയവരാണ്.

പെൺകുഞ്ഞുങ്ങളിൽ ഇളം പ്രായത്തിൽ ഉണ്ടാകുന്ന ഭയങ്ങൾ ഭാവിയിൽ ഇങ്ങനെയാണ് പ്രവർത്തിക്കുന്നതെങ്കിൽ ആൺകുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ഭയങ്ങൾ ഇതിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. മദ്യപിച്ചു വന്ന അച്ഛൻ എന്നും അമ്മയെ അടിക്കുന്നതു കണ്ടു വളർന്ന കുട്ടി സീരിയൽ കില്ലറായ ഒരു ചരിത്രമുണ്ട് ഇന്ത്യയിൽ.

സാഹസങ്ങൾ കരുതലോടെ

ചെറിയ ഭയപ്പെടുത്തലുകൾ ആൺകുട്ടികളുടെ മാനസികവളർച്ചയെ സ്റ്റേബിളാക്കും. എന്നാൽ, തന്‍റെ പ്രിയപ്പെട്ട മാതാപിതാക്കളുടെ സാമീപ്യമുണ്ടെങ്കിൽ പോലും പെൺകുഞ്ഞുങ്ങളെ നിർബന്ധിച്ച് അവർ ഭയപ്പെടുന്ന പ്രവർത്തികൾ ചെയ്യിക്കുന്നത് പെൺകുഞ്ഞുങ്ങളുടെ മാനസിക വളർച്ചയെ പ്രതികൂലമായി ബാധിക്കും. ആദ്യം കടൽ കാണുന്നതോ ഊഞ്ഞാലാടുമ്പോൾ വല്ലാതെ ആട്ടി വിടുന്നതോ ഒക്കെയാകാം ഈ ഭയങ്ങൾക്കു കാരണം. ഓർക്കുക, ശിശുവെങ്കിലും അവരും സ്വതന്ത്രവ്യക്തിത്വങ്ങളാണ്. കുഞ്ഞുങ്ങൾക്കിഷ്ടമില്ലാതെ അവർ ഭയപ്പെടുന്ന കാര്യങ്ങൾ ചെയ്യിക്കരുത്. ആദ്യം ബീച്ചിൽ പോകുമ്പോഴും ആദ്യം ഊഞ്ഞാലാട്ടുമ്പോഴും ഒക്കെ വളരെ മൃദുവായി അനുനയിപ്പിച്ച് കുഞ്ഞിന്‍റെ ഇഷ്ടത്തിനനുസരിച്ചു മാത്രമേ പരിചയപ്പെടുത്താവൂ. പെട്ടെന്ന് ഇതൊക്കെ ചെയ്താൽ കുഞ്ഞു മനസ് പതറും, അത് ഭാവിയിൽ സ്വതന്ത്രമായി ഉറച്ച തീരുമാനങ്ങളെടുക്കാൻ പോലും കാര്യപ്രാപ്തിയില്ലാത്ത അവസ്ഥയിൽ എത്തിക്കും.

ശുഭാപ്തിവിശ്വാസം വളർത്തുക

പൈതങ്ങൾ പളുങ്കു പാത്രങ്ങളാണ്. മാതാപിതാക്കളാണ് അവരുടെ കാവൽക്കാർ. ആ കുഞ്ഞു പളുങ്കു പാത്രത്തിൽ ഒരു പോറലുമേൽപ്പിക്കാതെ, നിങ്ങളുടെ രാജകുമാരന്മാരും രാജകുമാരിമാരുമായി വേണം അവരെ വളർത്താൻ. ഭയമെന്തെന്ന് അറിയാതെ മാതാപിതാക്കളുടെ സ്നേഹവും കരുതലും കിട്ടി വളരാൻ ഭാഗ്യം കിട്ടിയ പെൺകുഞ്ഞുങ്ങളാണ് ലോക ചരിത്രത്തിൽ സമുന്നത സ്ഥാനത്തേക്കു വളർന്ന പ്രതിഭാശാലികളിൽ പലരും.

കുഞ്ഞുങ്ങളെ എപ്പോഴും കരയാനും അവസരം നൽകരുത്. ഇതെല്ലാം അവരിൽ നെഗറ്റീവ് ചിന്തകൾ വർധിക്കാൻ ഇടയാക്കും. തികഞ്ഞ ഒപ്റ്റിമിസ്റ്റുകളായി, എല്ലാവരെയും സ്നേഹിക്കുന്നവരായി ആകാശത്തോളം വളരാൻ പാകത്തിനു ധൈര്യവും തേജസും നൽകി നമുക്കു വളർത്താം നമ്മുടെ പൈതങ്ങളെ.

യുദ്ധം അവസാനിച്ചു, സമാധാന കരാറിൽ ഉടൻ ഒപ്പു വയ്ക്കുമെന്ന് ട്രംപ്; ഒന്നും തീരുമാനമായിട്ടില്ലെന്ന് ഇറാൻ

ഡൽഹിയിൽ വീണ്ടും ബഹുനില കെട്ടിടത്തിന് തീപിടിച്ചു; മൂന്നു മരണം

തൃശൂരിൽ വീട്ടുവളപ്പിൽ ഇരവിഴുങ്ങിയ നിലയിൽ രാജവെമ്പാല; പിടികൂടിയപ്പോൾ അഞ്ചടി നീളമുള്ള മലമ്പാമ്പിനെ ഛർദിച്ചു!

വീട്ടിലെത്താൻ വൈകിയതിന് ഭാര്യയ്ക്ക് ക്രൂര മർദനം; ബിജെപി തൃശൂർ സൗത്ത് പ്രസിഡന്‍റിനെതിരേ വധശ്രമത്തിന് കേസ്

കോഴിക്കോട്ട് കെഎസ്ആർടിസി ബസ് സ്റ്റാന്‍റിൽ സീലിങ് അടർന്നുവീണ് രണ്ട് പേർക്ക് പരുക്ക്