ആരുടേയും ദുഃഖത്തിനു മറ്റാരും കാരണക്കാരല്ല.
AI
മനോഹരൻ വേളാവൂർ
സത്യപാലകനായ രാമന്‍റെയും സ്‌നേഹമയിയായ പത്‌നി സീതയുടെയും സ്വേച്ഛാധികാരിയായ രാവണന്‍റെയും സഹോദരസ്‌നേഹം വാഴ്ത്തുന്ന ഭരത ലക്ഷ്മണ ശത്രുഘ്‌നൻമാരുടെയും ഭക്തിയുടെ നിറകുടമായ ഹനുമാന്‍റെയും കഥയാണ് രാമായണം. വാൽമീകി രാമായണത്തിൽ നിന്ന് എഴുത്തച്ഛന്‍റെ രാമായണം കിളിപ്പാട്ടിലെത്തുമ്പോൾ പൂർണമനുഷ്യനായ രാമൻ പൂർണദേവനായി പരിവർത്തനപ്പെടുന്നതു കാണാനാകും. എന്നാൽ, രാക്ഷസനായ രാവണനിൽ മൗലികമായ മാറ്റമൊന്നും ഉണ്ടായതുമില്ല.
ഭാരതീയത സൂര്യശോഭയോടെ വിളങ്ങുവാൻ കാരണമായ മഹാസൃഷ്ടികളാണ് രാമായണവും മഹാഭാരതവും. ഭാരതസംസ്‌കാരത്തിന്‍റെ അടിസ്ഥാന തത്വമായി വ്യാഖ്യാനിക്കപ്പെടാവുന്നത് ധർമാധർമസംഘർഷങ്ങളും അന്തിമമായി ധർമത്തിന്‍റെ വിജയവുമാണ്. സത്യം ധർമം നീതി എന്നിവ പുണ്യകർമങ്ങളും ധനാപഹരണം, നാരീനിന്ദ, അതിക്രമം എന്നിവ പാപകർമങ്ങളുമാകുന്നു. ധർമാധർമശക്തികൾ ഒരിക്കലും തുടച്ചുമാറ്റപ്പെടുന്നില്ല, ജനിക്കുകയും സംഘട്ടനങ്ങളിലേർപ്പെടുകയും അവതാരപുരുഷൻമാർ പ്രത്യക്ഷമാകുകയും അധർമശക്തികളെ കീഴ്പ്പെടുത്തി ധർമാധിപത്യം ഭൂമിയിലും മനുഷ്യരിലും സ്ഥാപിതമാകുകയും ചെയ്യും. ഓരോ മനുഷ്യമനസ്സിലും ദേവരാക്ഷസഭാവങ്ങൾ ഉൾക്കൊള്ളുന്നു. രാക്ഷസഭാവത്തെ കീഴ്പ്പെടുത്തി ദേവഭാവം സ്ഥാപിക്കുന്നതിൽ വിജയിക്കുന്ന മനുഷ്യൻ ദേവനുതുല്യമായി മാറുന്നു. അതായത് മനുഷ്യരൂപം പ്രാപിച്ച ദേവൻമാരായി അവർ വളരുന്നു. അത്തരത്തിൽ ദേവനായി രൂപമാറ്റം സംഭവിച്ച മഹാമനുഷ്യനാണ് ശ്രീരാമൻ. ശ്രീരാമകഥ പറയുന്ന മഹത്സൃഷ്ടിയാണ് രാമായണം. അന്തരംഗത്തിൽ നിന്നും രാവു മാഞ്ഞുപോയ രാമൻ എന്ന പൂർണമനുഷ്യന്‍റെ കഥ, സത്യപരിപാലനത്തിലൂടെ ദേവനായി മാറിയ പൂർണ ദേവന്‍റെ കഥയുമാണ്.
ധർമാധർമവിചിന്തനങ്ങൾ കഥകൾക്കിടയിലൂടെയും കഥാപാത്രങ്ങളിലൂടെയും സംഭവങ്ങളിലൂടെയും സാധാരണ വായനക്കാരിൽ എത്തിക്കുക എന്ന തന്ത്രമാണ് വാൽമീകിയും എഴുത്തച്ഛനും സ്വീകരിച്ചിരിക്കുന്നത്. തത്വശാസ്‌ത്രങ്ങളും തത്വചിന്താപരമായ ജീവിതവീക്ഷണങ്ങളേയും ജനകീയമാക്കാനുള്ള ഉചിതമായ മാർഗ്ഗവും അതുതന്നെ. വേദേതിഹാസങ്ങൾക്കു കഴിയാതിരുന്നത് പുരാണകഥകളിലുടെ നിസ്സാരമായ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും സാർവർത്രികമായി സ്വീകരിക്കപ്പെടുകയും ചെയ്ത കാഴ്ച എല്ലാവർക്കും പരിചിതമാണല്ലോ. അത്തരത്തിലുള്ള പ്രധാനപ്പെട്ട താത്വിക ചിന്തകളുടെ ആവിഷ്‌കാരം പരിശോധിക്കാം.
കാലസ്ഥിതി കണ്ടറിഞ്ഞു പ്രവർത്തിച്ചാലെ ലക്ഷ്യപ്രാപ്തി ഉണ്ടാകൂ
നാരദമഹർഷിയും ശ്രീരാമനും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കാം.
സത്യം ലംഘിച്ചു യാതൊന്നും ചെയ്യുകയില്ല, കാലതാമസത്തിനും കാരണമുണ്ട്, കാലസ്ഥിതി കണ്ടറിഞ്ഞു പ്രവർത്തിച്ചാലെ ലക്ഷ്യപ്രാപ്തി ഉണ്ടാകു, പൂർവജന്മങ്ങളിൽ ചെയ്തിട്ടുള്ള കർമങ്ങളുടെ ഫലം ഒടുങ്ങുമ്പൊഴേ ആർക്കും എന്തും ചെയ്യാൻ പറ്റൂ . മനുഷ്യപ്രയത്നം കാരണം മാത്രമാണ്.
നാരദരോടുള്ള ശ്രീരാമന്‍റെ മറുപടിയിൽ അടങ്ങിയിരിക്കുന്ന മൂന്നു പ്രധാന കാര്യങ്ങളുണ്ടു :- ഒന്നാമതായി സത്യത്തെ ലംഘിച്ചു കൊണ്ട് യാതൊന്നും പ്രവർത്തിക്കുവാൻ പാടില്ല, സത്യം പാലിക്കുക എന്നാൽ ധർമവും കരുണയും മറ്റു മാനവികതാമൂല്യങ്ങളും ഉൾപ്പെടും. ; രണ്ടാമത്തെ കാര്യം - കാലസ്ഥിതി കണ്ടറിഞ്ഞു പ്രവർത്തിച്ചാലെ ലക്ഷ്യപ്രാപ്തി ഉണ്ടാകൂ. നിയമത്തിനും നീതിക്കും നിരക്കുന്നതായാലും അടിയന്തിരമായി പൂർത്തിയാക്കേണ്ടതാണെങ്കിലും കാലസ്ഥിതി അനുകൂലമാണെങ്കിൽ മാത്രമേ വിജയിക്കു. മാത്രവുമല്ല കാലത്തിനും ദേശത്തിനും ഇണങ്ങുന്ന തരത്തിലാകണം പ്രവർത്തിക്കേണ്ടത്. മൂന്നാമത്തെ കാര്യം - കാലസ്ഥിതി അനുകൂലമാകുന്നതുവരെ കാത്തിരിക്കുകയല്ല പ്രവർത്തിച്ചു കൊണ്ടിരിക്കണം. മനുഷ്യപ്രയത്നങ്ങൾ കാലമനുകൂലമാകുമ്പോൾ ഫല പ്രാപ്‌തിയിലെത്തിച്ചേരും. ആകയാൽ ആദ്യം ലക്ഷ്യം നിശ്ചയിക്കുക തുടർന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുക.
ആരുടേയും ദുഃഖത്തിനു മറ്റാരും കാരണക്കാരല്ല
ശ്രീരാമൻ സീതയോടും ലക്ഷ്മണനോടുമൊപ്പം ഗംഗാതീരത്തെത്തി. ഗംഗാനദിയിൽ സ്നാനം ചെയ്ത അവർ ഒരു വൃക്ഷച്ചുവട്ടിൽ വിശ്രമിച്ചു. രാമന്‍റെ ആഗമവാർത്തയറിഞ്ഞു സന്തോഷത്തോടെ ഭക്തിപൂർവം ഫലഭൂലാദികളുമായി തന്‍റെ സ്വാമിയെക്കാണുവാൻ ഗുഹൻ വന്നെത്തി. ഗുഹൻ തന്‍റെ നൈഷാധരാജ്യം രാമനു സമർപ്പിച്ചു. ശ്രീരാമചന്ദ്രൻ സദുപദേശം നൽകി ഗുഹനെ സന്തോഷിപ്പിച്ചു. പച്ചിലകൾ വിരിച്ച നിലത്തു രാമനും സീതയും വിശ്രമിച്ചു. ലക്ഷ്മണനും ഗുഹനും കാവൽ നിന്നു.
ഗുഹൻ ലക്ഷ്മണനോടു ചോദിച്ചു: ഇന്നലെ കൊട്ടാരത്തിൽ സ്വർണകട്ടിലിൽ പട്ടുമെത്തയിൽ കിടന്നുറങ്ങിയ ശ്രീരാമനും സീതയും ഇന്നിതാ വനത്തിൽ പച്ചിലകൊണ്ടൊരുക്കിയ നിലത്തു കിടന്നുറങ്ങുന്നു. ശ്രീരാമനു ദുഃഖം വരാൻ കാരണം മന്ഥരയുടെ വാക്കു കേട്ടു പ്രവർത്തിച്ച കൈകേയിയാണ്.
ലക്ഷ്മണൻ മറുപടി പറഞ്ഞു: ആരുടേയും ദുഃഖത്തിനു മറ്റാരും കാരണക്കാരല്ല. ഒരാൾ തനിക്കു ദുഃഖം തരുന്നു, മറ്റൊരാൾ സുഖം തരുന്നു എന്നു ചിന്തിക്കുക വയ്യ. സകല ജനങ്ങളും സ്വന്തം കർമങ്ങളാകുന്ന ചരടിൽ ബന്ധിതരാണ്. സ്വന്തം കർമങ്ങൾക്കനുസരിച്ചു സുഖദുഃഖങ്ങൾ വന്നു ചേരുന്നു. ശത്രു, മിത്രം, ബന്ധു, വിരോധി, മദ്ധ്യസ്ഥൻ, സുഹൃത്തുക്കൾ എന്നിങ്ങനെയുള്ള ഭേദചിന്തകൾ വിചിത്രമാണ്. സുഖഭോഗങ്ങളെ അത്യാർത്തിയോടെ ആഗ്രഹിക്കുകയോ ഉപേക്ഷിക്കുകയോ വേണ്ട. സുഖദുഃഖങ്ങൾ അനുഭവിക്കേണ്ടി വരുമ്പോൾ ആഹ്ളാദമോ വിഷാദമോ ഉണ്ടാകേണ്ട ആവശ്യമില്ല. സുഖത്തിനു ശേഷം ദുഃഖവും ദുഃഖത്തിനു ശേഷം സുഖം രാപ്പകലുകൾ പോലെ മാറി മാറി വരും. ചിലപ്പോൾ വെള്ളവും ചെളിയും പോലെ ഇടക്കിടക്കും അഭുഭവപ്പെടും. എല്ലാം മായയാണെന്ന വിചാരത്തോടെ വസിക്കുന്നതാണ് ഉത്തമമായിട്ടുള്ളത്.