റീന വർഗീസ് കണ്ണിമല
കേരളത്തിൽ വനവത്കരണത്തിന്‍റെയും പരിസ്ഥിതി സ്നേഹ പ്രകടനത്തിന്‍റെയും കാലമാണിപ്പോൾ. പക്ഷേ, തദ്ദേശീയ വൃക്ഷങ്ങളൊന്നും വനവത്കരണത്തിന്‍റെ ഭാഗമാക്കാൻ പലർക്കുമില്ല താത്പര്യം. കാരണം മറ്റൊന്നുമല്ല, വിദേശ വൃക്ഷങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ കിട്ടുന്ന വൻ കമ്മീഷൻ തുക തദ്ദേശീയ വൃക്ഷങ്ങൾ ഇവിടെ നട്ടു വളർത്തുമ്പോൾ കിട്ടില്ല എന്നതു തന്നെ!
അങ്ങനെ നമ്മുടെ പാതയോരങ്ങൾ കീഴടക്കിയ ഒരു ചെറു വൃക്ഷമാണ് പഞ്ചാരപ്പഴം എന്നു നമ്മളൊക്കെ വിളിക്കുന്ന പഞ്ചാര പോലെ രുചിയുള്ള ജമൈക്കൻ ചെറി എന്ന ചെറു പഴങ്ങളുള്ള തണൽ മരം. ഇതിന്‍റെ ഫലങ്ങൾ ചെറു കിളികൾക്കും കഴിക്കാൻ ഇഷ്ടമാണ് എന്ന വാദമുഖമാണ് മുമ്പൊരിക്കൽ പ്രശസ്തനായ ഒരു സസ്യ ശാസ്ത്രജ്ഞൻ ഈ ലേഖികയോടു പറഞ്ഞത്. എന്നാൽ, വിദേശ സസ്യങ്ങൾ ഇവിടെ വളർത്താൻ ഉത്സാഹം കാണിച്ചവർ മറന്നു പോയ ഒരു കാര്യമുണ്ട്- തദ്ദേശീയ സസ്യങ്ങൾക്ക് വംശനാശം സംഭവിക്കാൻ അവരുടെ ഈ ഉത്സാഹം കാരണമാകുന്നു!
കേരളത്തിലെ തദ്ദേശീയ സസ്യങ്ങളാണ് ഇവിടുത്തെ ജൈവവൈവിധ്യത്തിനും പരിസ്ഥിതി സന്തുലനത്തിനും ആധാരം. അവ ഇല്ലാതാകുന്നതോടെ ഇവിടത്തെ വിവിധ ജീവജാലങ്ങളുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകുകയും, പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഇല്ലാതാകുകയും വിവിധ തരം ശലഭങ്ങളും മറ്റു പക്ഷികളും വംശനാശം നേരിടുകയും ചെയ്യും. ഫലത്തിൽ വിദേശ സസ്യങ്ങളുടെ ഇറക്കുമതി നമ്മുടെ ജൈവ വൈവിധ്യത്തിന്‍റെ ആണിക്കല്ലിളക്കുന്നു.
സത്യത്തിൽ ഈ ജമൈക്കൻ ചെറിക്കു പകരം ഇന്ന് ഐയുസിഎൻ റെഡ് ലിസ്റ്റിൽ കയറിപ്പറ്റിയ വെട്ടി മരത്തൈകൾ (Aporosa cardiosperma) പാതയോരങ്ങളിൽ നട്ടാൽ എന്താണു കുഴപ്പം?
നിരവധി ചെറുശാഖകളായി വളരുന്ന നിത്യഹരിത സസ്യമാണിത്. പണ്ടൊക്കെ എല്ലാ തൊടികളിലും വെട്ടിമരങ്ങൾ സുലഭമായിരുന്നു. പച്ചിലക്കുടുക്ക പക്ഷികൾക്ക് ഏറ്റവും പ്രിയതരമായ ഭക്ഷണമാണ് വെട്ടിപ്പഴം.
അമ്ല മധുര രസമുള്ള ഈ കുഞ്ഞൻ പഴങ്ങൾ ഏറെ ആരോഗ്യപ്രദമാണ്. ആധുനിക മനുഷ്യന് അറിയാത്ത ഈ രഹസ്യം പക്ഷികൾക്ക് അറിയാവുന്നതു കൊണ്ടാവാം അവർ വെട്ടിപ്പഴത്തെ അത്രമേൽ സ്നേഹിച്ചത്. ഏപ്രിൽ, മേയ് മാസങ്ങളാണ് വെട്ടിപ്പഴങ്ങളുടെ കാലം.
കരിവെട്ടി, വെള്ള വെട്ടി, പഴവെട്ടി, മരുന്നു വെട്ടി എന്നിങ്ങനെ വെട്ടി മരം പലതരമുണ്ട്. കരി വെട്ടി സാധാരണയായി വിറകിനാണ് ഉപയോഗിക്കുന്നത്. പഴ വെട്ടിയുടെ പഴം പ്രമേഹ ശമനകരവും പക്ഷികൾക്ക് പ്രിയങ്കരവുമാണ്. ഇതിന്‍റെ മഞ്ഞ നിറമുള്ള പുറം ഭാഗമാണ് ഭക്ഷിക്കുന്നത്. പഴവെട്ടി സമൂലം ഔഷധയോഗ്യമാണ്. വേരും വേരിലെ തൊലിയും ഇലയും പൂവും എല്ലാം ഔഷധങ്ങൾ.
വെട്ടിത്തൊലി ഒരു രൂപ വട്ടം പാലിൽ അരച്ച് കഴിച്ചാൽ കാമില ശമിക്കും. കുംഭകാമിലയും ശമിക്കും.
വെട്ടിയില ഇട്ട് വെന്ത വെള്ളത്തിൽ കുളിച്ചാൽ ചേരിന്‍റെ വിഷത്തിന് (അലർജിക്ക്) ശമനമുണ്ടാകും എന്ന് വയനാടുകാരൻ രാജേഷ് വൈദ്യർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.
നല്ലൊരു താളിയായ വെട്ടി തലയിൽ തേച്ചാൽ തലയ്ക്കും കണ്ണിനും നല്ല കുളിർമ കിട്ടും.
സ്ഥിരമായി തലവേദന ഉണ്ടാകുന്നവർ വെട്ടിയില അരച്ച് നെറ്റിയിൽ ലേപനം ചെയ്താൽ വീണ്ടും ഉണ്ടാകില്ല. എന്നാൽ അതു നെറ്റിയിൽ ലേപനം ചെയ്യുന്ന സമയത്ത് രണ്ടു മൂന്നു മണിക്കൂർ സമയത്തേക്ക് അതിശക്തമായ തലവേദന ഉണ്ടാകും. അതു കൊണ്ട് തലവേദന ഇളക്കി മാറ്റുന്നു എന്നാണ് ഈ പ്രയോഗം അറിയപ്പെടുന്നത് എന്നും, ഇങ്ങനെ തലവേദന ഇളകുമ്പോൾ മറ്റു മരുന്നുകൾ ഉപയോഗിക്കാൻ പാടില്ല എന്നും പവിത്രൻ വൈദ്യർ കരിപ്പായി കുറിക്കുന്നു.
വനവാസികൾ വെട്ടിപ്പഴം ആഹാരമായി ഉപയോഗിച്ചു വരുന്നു എന്നും, പാർഥാരിഷ്ടത്തിൽ ചില വൈദ്യന്മാർ വെട്ടിത്തൊലി ചേർക്കുന്ന പതിവുണ്ടായിരുന്നതായും, ഇത് ഹൃദ്രോഗത്തിന് നല്ലതാണെന്നു വിശ്വസിക്കപ്പെടുന്നതായും ഓമൽ കുമാർ വൈദ്യർ കുറിക്കുന്നു.
പരുക്കുകളുണ്ടാകുമ്പോൾ അവയുടെ ആരംഭ സമയത്ത് വെട്ടിയുടെ വേര് അരച്ചിടുന്നത് ഉപകാരപ്രദമാണെന്ന് വേണുഗോപാൽ വൈദ്യരുടെ കുറിപ്പ്.
ഇത്രയുമൊക്കെ പ്രകൃതിക്കും മനുഷ്യനും ഉപകാരപ്രദമായ ഈ വൃക്ഷം വംശനാശത്തിന്‍റെ വക്കിലെത്തിക്കാതെ ഇനിയെങ്കിലും നട്ടു പരിപാലിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരുന്നെങ്കിൽ!