കാമുകിയുടെ കുടുംബത്തിന് ഇഷ്ടപ്പെടാനായി ഭാരം കുറച്ചു; ശസ്ത്രക്രിയയ്ക്ക് വിധേയനായ 36 കാരൻ മരിച്ചു
ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ ചൈനീസ് സ്വദേശി മരിച്ചതായി റിപ്പോർട്ട്. ചൈനയിലെ ഹനാൻ പ്രവിശ്യയിൽ നിന്നുള്ള 36കാരനാണ് മരിച്ചത്. കാമുകിയുടെ മാതാപിതാക്കൾക്ക് ഇഷ്ടം തോന്നാനായാണ് ഭാരം കുറയ്ക്കാൻ തീരുമാനിച്ചതെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. 174 സെന്‍റീമീറ്റർ ഉയരവും 134 കിലോഗ്രാം ഭാരവുമാണ് യുവാവിനുണ്ടായിരുന്നത്. അടുത്തിടെയാണ് ഒരു പെൺകുട്ടിയുമായി കടുത്ത പ്രണയത്തിലായത്. കാമുകിയുടെ കുടുംബത്തെ പരിചയപ്പെടും മുൻപേ ആരോഗ്യമുള്ള ശരീരം സ്വന്തമാക്കണമെന്ന ആഗ്രഹമാണ് യുവാവിനെ ശസ്ത്രക്രിയയിലേക്ക് ആകർഷിച്ചത്. ഴെങ്ഴോയിലെ ആശുപത്രിയിൽ സെപ്റ്റംബർ 30ന് ഇയാൾ ഗാസ്ത്രിക് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി.
ഒക്റ്റോബർ 2ന് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടികൾ എല്ലാം പൂർത്തിയായി. ഒക്റ്റോബർ 3ന് വാർഡിലേക്ക് മാറ്റിയെങ്കിലും പിറ്റേ ദിവസം ആരോഗ്യം മോശമാകുകയായിരുന്നു.
ഒക്റ്റോബർ 5ന് ശ്വാസകോശ സംബന്ധമായ പ്രശ്നത്തെത്തുടർന്ന് യുവാവ് മരിച്ചു. യുവാവിന്‍റെ മരണത്തിൽ കുടുംബം ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടത്തി മരണത്തിന്‍റെ യഥാർഥ കാരണം കണ്ടെത്തണണെന്ന് കുടുംബം പ്രാദേശിക ആരോഗ്യ കമ്മിഷനോട് ആവശ്യപ്പെട്ടു. എന്നാൽ നിയമപ്രകാരമാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് ആശുപത്രിയുടെ അവകാശവാദം.