റിദ്ധി ചൗഹാൻ

 
Women

17ാം വയസില്‍ 300 നേവി കേഡറ്റുകളുടെ കമാന്‍ഡര്‍; ഇന്ത്യന്‍ വംശജ റിദ്ധി ചൗഹാന്‍റെ അസാധാരണ നേട്ടം

അമെരിക്കന്‍ നേവിയില്‍ കമ്മിഷന്‍ഡ് ഓഫീസറാവുക എന്നതാണ് റിദ്ധിയുടെ ലക്ഷ്യം

Sarath Nath MS

ഒട്ടുമിക്ക കൗമാരക്കാരും രാവിലെ സ്‌കൂളില്‍ പോവാന്‍ തയ്യാറാവുമ്പോള്‍ ഇന്ത്യന്‍ വംശജയായ റിദ്ധി ചൗഹാന്‍ പരേഡ് ഗ്രൗണ്ടിലായിരിക്കും. അവിടെ അവളെ കാത്തിരിക്കുന്നത് സാധാരണ വിദ്യാര്‍ത്ഥികളുടെ കൂട്ടമല്ല, മറിച്ച് സ്‌കൂളിലെ നേവി ജൂനിയര്‍ റിസര്‍വ് ഓഫീസേഴ്സ് ട്രെയിനിങ് കോര്‍പ്സ് യൂണിറ്റിലെ 300 കേഡറ്റുകളാണ്. ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള ബെഞ്ചമിന്‍ എന്‍. കാര്‍ഡോസോ ഹൈസ്‌കൂളിലെ ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ എന്ന ഏറ്റവും ഉയര്‍ന്ന വിദ്യാര്‍ത്ഥി നേതൃസ്ഥാനമാണ് ഈ 17കാരി വഹിക്കുന്നത്.

ആത്മവിശ്വാസവും നേതൃപാടവവും വളര്‍ത്താനാണ് നേവി ജൂനിയര്‍ റിസര്‍വ് ഓഫീസേഴ്സ് ട്രെയിനിങ് കോര്‍പ്സില്‍ റിദ്ധി ചേര്‍ന്നത്. പിന്നീട് അക്കാദമിക് കമാന്‍ഡര്‍, സ്റ്റെം കമാന്‍ഡര്‍, പ്ലാറ്റൂണ്‍ ലീഡര്‍, ഇന്‍സ്‌പെക്ഷന്‍ കമാന്‍ഡര്‍ തുടങ്ങിയ വിവിധ ഉത്തരവാദിത്തങ്ങള്‍ വിജയകരമായി നിറവേറ്റിയ ശേഷമാണ് ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസറെന്ന പരമോന്നത സ്ഥാനത്തേക്ക് റിദ്ധി എത്തിയത്. ഇന്ന് പരിശീലന പരിപാടികള്‍ ഏകോപിപ്പിക്കുന്നതും കേഡറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും ജൂനിയര്‍ അംഗങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതും റിദ്ധിയുടെ ചുമതലയാണ്.

നേതൃത്വത്തില്‍ മാത്രമല്ല, അക്കാദമിക മികവിലും റിദ്ധി ശ്രദ്ധേയയാണ്. അക്കാദമിക് കമാന്‍ഡറായിരിക്കെ സ്‌കൂളിന്‍റെ ടീമിനെ തുടര്‍ച്ചയായി രണ്ടു വര്‍ഷം ലീഡര്‍ഷിപ്പ് ആന്‍ഡ് അക്കാദമിക് ബൗളിന്‍റെ രണ്ടാംഘട്ടത്തിലേക്ക് എത്തിക്കാന്‍ റിദ്ധി നേതൃത്വം നല്‍കി. ദേശീയ അക്കാദമിക് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. സ്റ്റെം കമാന്‍ഡറായിരിക്കെ ബറ്റാലിയന്‍റെ ആദ്യ അണ്ടര്‍വാട്ടര്‍ റോബോട്ട് വികസിപ്പിക്കുന്നതിനും നേതൃത്വം നല്‍കി. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്‌സിലും എന്‍ജിനീയറിങ്ങിലും പ്രായോഗിക പരിശീലനം ലഭിച്ചു.

റിദ്ധിയുടെ അടുത്ത ലക്ഷ്യവും ഏറെ അഭിമാനകരമാണ്. അമെരിക്കന്‍ നേവിയില്‍ കമ്മിഷന്‍ഡ് ഓഫീസറാവുക എന്നതാണ് റിദ്ധിയുടെ ലക്ഷ്യം. ഇതിലേക്കുള്ള ചുവടുവയ്‌പ്പെന്ന നിലയില്‍ നേവല്‍ അക്കാദമി പ്രിപ്പറേറ്ററി സ്‌കൂളില്‍ റിദ്ധി പ്രവേശനം നേടിയിട്ടുണ്ട്. തുടര്‍ന്ന് യുഎസ് നേവല്‍ അക്കാദമിയില്‍ ചേര്‍ന്ന് രാജ്യസേവനത്തിലേര്‍പ്പെടാനാണ് ഈ കൗമാരക്കാരിയുടെ ആഗ്രഹം.

ജയ്പൂര്‍ സ്വദേശികളായ ദിലീപ് ചൗഹാന്‍, രുചിക ചൗഹാന്‍ എന്നീ ദമ്പതികളുടെ മകളാണ് റിദ്ധി. കുടുംബത്തിന്‍റെ വിദ്യാഭ്യാസ മൂല്യങ്ങളും സേവന മനോഭാവവും ആത്മീയ പാഠങ്ങളും തന്നെയാണ് തന്‍റെ നേതൃത്വശൈലിയെ രൂപപ്പെടുത്തിയതെന്ന് ഈ കൗമാരക്കാരി പറയുന്നു. അധികാരം പ്രയോഗിക്കുന്നതല്ല യഥാര്‍ത്ഥ നേതൃത്വം, മറിച്ച് മറ്റുള്ളവരുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നതാണ് നേതാവിന്‍റെ യഥാര്‍ത്ഥ ഉത്തരവാദിത്തമെന്നാണ് റിദ്ധിയുടെ വിശ്വാസം. വെറും 17ാം വയസില്‍ നൂറുകണക്കിന് കേഡറ്റുകള്‍ക്ക് പ്രചോദനമായി മാറിയ ഈ ഇന്ത്യന്‍ വംശജ, അര്‍പ്പണബോധവും അച്ചടക്കവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ പ്രായം വിജയത്തിന് ഒരിക്കലും തടസമല്ലെന്ന് ലോകത്തിനു മുന്‍പില്‍ തെളിയിക്കുകയാണ്.

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; വിലകുറഞ്ഞ് ബ്രിട്ടീഷ് കാറുകളും വിസ്‌കിയും

ചില്ലിച്ചിക്കനിലെ ചെറുനാരങ്ങയ്ക്ക് നീരില്ല; വടക്കാഞ്ചേരിയിൽ ഹോട്ടൽ ഉടമയ്ക്ക് ക്രൂരമർദനം

‌കത്തിപ്പടർന്ന് ഹാലൻഡ് പ്രേമം; പെറുവിലെ 563 കുട്ടികൾക്ക് നോർവേ താരത്തിന്‍റെ പേര്

ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: മുഖ‍്യ പ്രതി ദാരാ സിങ് ജയിൽ മോചിതനായേക്കും

കോഴിക്കോട്ട് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, 2 പേർ കുടുങ്ങിക്കിടക്കുന്നു