ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; വിലകുറഞ്ഞ് ബ്രിട്ടീഷ് കാറുകളും വിസ്‌കിയും

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുക, ഇറക്കുമതി-കയറ്റുമതി ചെലവ് കുറയ്ക്കുക, നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുക എന്നിവയാണ് കരാറിന്‍റെ പ്രധാന ലക്ഷ്യം
India-UK Free Trade Agreement comes into effect

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍

Updated on

ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സ്വതന്ത്ര വ്യാപാര കരാര്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏകദേശം മൂന്നു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ യാഥാര്‍ഥ്യമായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുക, ഇറക്കുമതി-കയറ്റുമതി ചെലവ് കുറയ്ക്കുക, നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുക എന്നിവയാണ് കരാറിന്‍റെ പ്രധാന ലക്ഷ്യം.

കരാര്‍ നിലവില്‍ വന്നതോടെ ഇന്ത്യയില്‍ ബ്രിട്ടനില്‍ നിന്നുള്ള നിരവധി ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഘട്ടംഘട്ടമായി കുറയും. സ്‌കോച്ച് വിസ്‌കി, ആഡംബര ബ്രിട്ടീഷ് കാറുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ചോക്ലേറ്റുകള്‍, ചില ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില വരും വര്‍ഷങ്ങളില്‍ കുറയാന്‍ സാധ്യതയുണ്ട്. ജാഗ്വാര്‍, ലാന്‍ഡ് റോവര്‍, റോള്‍സ്-റോയ്‌സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ വാഹനങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഇന്ത്യയ്ക്ക് ഈ കരാറിലൂടെ ഏറ്റവും വലിയ കയറ്റുമതി നേട്ടം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ കയറ്റുമതിയിലെ ഏകദേശം 99 ശതമാനം ഉല്‍പന്നങ്ങള്‍ക്കും ബ്രിട്ടനില്‍ തീരുവയില്ലാതെ പ്രവേശനം ലഭിക്കും. വസ്ത്രങ്ങള്‍, ചെരുപ്പ്, ആഭരണങ്ങള്‍, സമുദ്രോൽപന്നങ്ങള്‍, ഓട്ടോ സ്പെയർ പാര്‍ട്‌സ്, എഞ്ചിനീയറിങ് ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍, ഭക്ഷ്യസംസ്‌കരണ ഉല്‍പന്നങ്ങള്‍ തുടങ്ങി നിരവധി മേഖലകള്‍ക്ക് ഇത് വലിയ ഉത്തേജനമാകും. സേവനമേഖലയിലും ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരാര്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. വ്യാപാര തടസങ്ങള്‍ കുറയുന്നതോടെ നിക്ഷേപം വര്‍ധിക്കാനും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടാനും സാധ്യതയുണ്ട്.

എന്നാല്‍ എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഉടന്‍ വില കുറയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചില തീരുവകള്‍ ഘട്ടംഘട്ടമായാണ് കുറയ്ക്കുക. അതിനാല്‍ വാഹനങ്ങള്‍, മദ്യം തുടങ്ങിയ ഉൽപന്നങ്ങളുടെ വിലയില്‍ മാറ്റം പ്രകടമാകാന്‍ കുറച്ച് സമയം എടുത്തേക്കാം.

ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുന്ന കരാറായാണ് ഇതിനെ വിലയിരുത്തുന്നത്. ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് ലോകോത്തര വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാകുകയും ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മത്സരാധിഷ്ഠിത വിലയില്‍ ലഭ്യമാകുകയും ചെയ്യുമെന്നതാണ് ഈ കരാറിന്‍റെ പ്രധാന സവിശേഷത. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തിന്‍റെ മൊത്തം മൂല്യം വരും വര്‍ഷങ്ങളില്‍ ഗണ്യമായി ഉയരുമെന്ന പ്രതീക്ഷയും ശക്തമാണ്.

logo
Metro Vaartha
www.metrovaartha.com