സി.ജെ. തോമസ്
AI enhanced
അക്ഷരജാലകം | എം.കെ. ഹരികുമാർ
ഒരു സാഹിത്യകാരന്, നാടകകൃത്തിന് വർത്തമാനകാലം മാത്രമല്ല, ഭൂതകാലവുമുണ്ട്. അങ്ങനെയാണ് അയാൾ ജീവിക്കുന്നത്. മനസിന്‍റെ രക്തയോട്ടം പൂർണമാകുന്നത് ഭൂതകാലത്തിലെ എഴുത്തുകാരുടെ ചിന്തകളുമായി സമ്പർക്കപ്പെട്ടും വിമർശിച്ചും വിലയിരുത്തിയുമാണ്. ഒരാളും ഒറ്റയ്ക്കല്ല നിൽക്കുന്നത്. എഴുത്തിന്‍റെ പശ്ചാത്തലം വിപുലമാണ്. സി.ജെ. തോമസ് പൂർവകാലത്തെയും വർത്തമാനകാലത്തെയും കൂട്ടിയിണക്കിയ നാടകകൃത്തും വിമർശകനുമാണ്. അദ്ദേഹം ഒറ്റയ്ക്ക് നിന്നത് ചിന്തയുടെ സ്വാതന്ത്ര്യത്തിലാണ്. എന്നാൽ ആലോചനകളിൽ, ആവിഷ്കാരങ്ങളിൽ തത്വചിന്തയുടെ കാടിളക്കങ്ങളിൽ ഒറ്റയ്ക്കായിരുന്നില്ല. അത് പുരാണങ്ങളിലേക്കും മറ്റ് കൃതികളിലേക്കും വെള്ളവും വളവും തേടിയലഞ്ഞു. അപ്പോഴും കീഴടങ്ങലല്ല, ചെറുത്തുനില്പും സ്വാതന്ത്ര്യത്തിന്‍റെ അന്വേഷണവുമാണ് പ്രധാനമായി കണ്ടത്. പൂർവ്വകാല സാഹിത്യകാരന്മാരിലും സമകാലികരിലും കണ്ട വമ്പൻ പരാജയങ്ങളെക്കുറിച്ച് അവബോധം നേടുകയായിരുന്നു തോമസിന്‍റെ പ്രധാന കർമമേഖല.
അദ്ദേഹം ഒരു തത്വചിന്തകനെ പോലെ കൃതികൾ വ്യാഖ്യാനിച്ചു. ഈ വ്യാഖ്യാനവും വിമർശനവും വായനയുടെ ലോകത്ത് അനിവാര്യമാണ്. വായന മൃതസമാനമായ ഒരവസ്ഥയല്ല; അത് ചലിക്കുകയാണ്, പുതിയ ജീവിതമായിത്തീരുകയാണ്. വായിക്കുമ്പോൾ വൃക്ഷത്തെ പോലെ താഴെയും മുകളിലും മനുഷ്യൻ പടരുകയാണ്. സി.ജെ തന്‍റെ ആത്മലോകത്തെ നിരന്തരം നവീകരിച്ചു. പഴയതിന്‍റെ തിന്മയെയും വർത്തമാനകാലത്തിലെ പരാജയങ്ങളെയും നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇത് ഏതുകാലത്തും പ്രസക്തമായ ഒരഭ്യാസമാണ്. എന്നാൽ ഇന്നത്തെ മലയാളസാഹിത്യത്തിൽ അങ്ങനെയൊരു അനുഭവമില്ല. ഇന്ന് ചെറുകഥ എഴുതുന്ന എത്രപേർ എം. സുകുമാരനെ വായിച്ചിട്ടുണ്ട്? അല്ലെങ്കിൽ കാക്കനാടനെ, വിക്ടർ ലീനസിനെ, യു. പി. ജയരാജിനെ ?
വിലയിരുത്തലുകളുടെ ചരിത്രം അവരെ ആകർഷിക്കുന്നില്ല. ഒരാൾക്ക് സ്വകാര്യമായി ചിന്തിക്കാനും ഭാവന ചെയ്യാനും കഴിയുന്നത് മാത്രം എടുത്തെഴുതുന്നതാണ് സാഹിത്യമെന്ന് കരുതരുത്. തന്‍റെ മാധ്യമത്തിന്‍റെ വളർച്ചയും, അത് ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്നും അറിയേണ്ടതുണ്ട്. ഇന്ന് ഒരാൾ വീട് രൂപകല്പന ചെയ്യുമ്പോൾ 50 വർഷം മുമ്പുള്ള ഡിസൈൻ ആയിരിക്കുമോ? സമകാലികമായ ഭവനങ്ങളുടെ ഡിസൈനിങ്ങിൽ എന്തെല്ലാം മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് മനസിലാക്കിയാവും നീങ്ങുക. കൂടുതൽ ചെലവ് ചെയ്യുന്നതിലല്ല, നവീന ഗൃഹനിർമാണ സാമഗ്രികളുടെ ലഭ്യതയും മികച്ച രൂപകല്പനയുടെ സാധ്യതകളും ഉൾപ്പെടുത്തി അനുയോജ്യമായ ഒരു വീടായിരിക്കും ഡിസൈൻ ചെയ്യുക. ഇതുതന്നെയാണ് സാഹിത്യരചനയിലും വേണ്ടത്.
പുളിമാനയുടെ 'സമത്വവാദി' എന്ന നാടകത്തെക്കുറിച്ച് സി. ജെ. എഴുതിയ വിമർശനം എങ്ങനെ അദ്ദേഹം വിചാരപരമായി ജീവിച്ചു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ്. 'സമത്വവാദി'യെക്കുറിച്ച് എഴുതണമെന്ന് പുളിമാനയാണ് സി. ജെയോട് പറഞ്ഞത്. എന്നാൽ സി. ജെ ഈ നാടകത്തെപ്പറ്റി പല സുഹൃത്തുക്കളോടും സംസാരിച്ചപ്പോൾ അവരെല്ലാം പിന്തിരിപ്പിച്ചു. ആ നാടകം വൻ പരാജയമാണെന്ന് അവർ സിജെയെ ധരിപ്പിച്ചു. എല്ലാവരും എതിർത്ത ഒരു നാടകത്തെ താൻ ഒറ്റയ്ക്ക് എന്തിനു പിന്താങ്ങണമെന്ന ചിന്തയിലാണ് അദ്ദേഹം എത്തിച്ചേർന്നത്. തന്‍റെ ആഗ്രഹം സാധിക്കാതെ പുളിമാന മൃതിയടയുകയും ചെയ്തു. അതിനുശേഷമാണ് സി. ജെ. ആ കാര്യം വീണ്ടും പരിഗണിച്ചത്. ഇത്തവണ ആരുടെ എതിർപ്പും ഫലം കണ്ടില്ല. മാത്രമല്ല പുളിമാനിയുടെ 'സമത്വവാദി' ശ്രദ്ധിച്ചു വായിച്ചപ്പോൾ മികച്ച ഒരു നാടകമാണെന്നും അത് ശരിയായ രീതിയിൽ വായിക്കാൻ ആ കാലഘട്ടത്തിലെ സാഹിത്യകാരന്മാർക്കോ സാഹിത്യ പ്രവർത്തകർക്കോ കഴിഞ്ഞില്ലെന്നും അവർക്ക് ആസ്വാദനശേഷി ഇല്ലായിരുന്നുവെന്നും സി. ജെ. എഴുതുന്നുണ്ട്.
"സമത്വവാദി'യിലൂടെ പുളിമാന അന്നത്തെ ആദർശവാദിയുടെ സമ്പൂർണ പരാജയത്തെയാണ് തുറന്നു കാണിച്ചത്. അസാധാരണവും മികച്ചതുമായ ഒരു സാഹിത്യകൃതിയെ ആ കാലഘട്ടം ശരിയായി വായിക്കുന്നില്ല എന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. ഉന്നതമായ ആദർശമുള്ള പലരും അതിൽ അടങ്ങിയിട്ടുള്ള മഹത്വത്തെ തിരിച്ചറിയാതെയാണ് പ്രവർത്തിച്ചതെന്ന് പുളിമാന ചിത്രീകരിക്കുന്നു. സി. ജെയുടെ ലേഖനത്തിൽ നിന്ന്: 'അദ്ദേഹം ഒന്നുകൂടി വിശ്വസിച്ചിരുന്നു. പ്രഭുവർഗ്ഗത്തിന്‍റെ ചങ്ങലക്കൂട്ടിൽ കിടന്നു ലഹളയുണ്ടാക്കുന്ന ആദർശശാലികളായ യുവാക്കന്മാരുടെ കൈയിലല്ല ഭാവിയുടെ ഉത്തരവാദിത്വം എന്ന്. അവരിൽ ഭൂരിഭാഗവും പരാജയമടയുന്നത് തന്നെയാണ് 'സമത്വവാദി'യിലെ പ്രധാന പ്രമേയം'.
"സമത്വവാദി'യിലെ സമത്വവാദി പരാജയത്തിന്‍റെ പ്രതിരൂപമാണ്. വർഗബോധത്തിന്‍റെ അടിസ്ഥാനത്തിൽ മാനസിക പശ്ചാത്തലം പുളിമാന മനസിലാക്കിയത് ഇങ്ങനെയാണ്: 'സ്നേഹവും വെറുപ്പും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാ'ണെന്ന് മനസിലാക്കിയ ചുരുക്കം ചിലരിലൊരാളായിരുന്നു അദ്ദേഹം.
സി.ജെ. വിശദീകരിക്കുന്നു: പുളിമാന പരിവർത്തനത്തിന്‍റെ സാമൂഹ്യസ്വഭാവം മാത്രമല്ല കണ്ടത്. അതിന്‍റെ താത്വിക പ്രതിഫലങ്ങളും അദ്ദേഹത്തിന് വ്യക്തമായിരുന്നു. ഒരു പുതിയ വ്യവസ്ഥിതിക്ക് ഒരു പുതിയ സന്മാർഗ്ഗബോധമുണ്ട്. അത് സ്വീകരിക്കാൻ കഴിവില്ലാതെ വരുന്നതും പരാജയത്തിന്‍റെ കാരണമാണ്. ' വിപ്ലവത്തിന് സൗന്ദര്യത്തെ ആവശ്യമായി വരുന്ന ഒരു ദിനമുണ്ടെന്ന് ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു പറഞ്ഞത് ഈ സന്ദർഭത്തിൽ കൂടുതൽ പ്രസക്തമാവുകയാണ്. വിപ്ലവം നിരാശ പടർത്താനുള്ളതല്ല; അത് മനുഷ്യരിൽ പ്രതീക്ഷയാണ് വളർത്തേണ്ടത്. വിപ്ലവത്തിന് വേണ്ടത് മനുഷ്യന്‍റെ മഹത്വമാണ്. അത് അനീതിയെ എതിർക്കണം. എന്നാൽ പലപ്പോഴും വിപ്ലവാനന്തരം വിപ്ലവകാരികളുടെ സങ്കുചിത ലക്ഷ്യങ്ങൾ എല്ലാ സൗന്ദര്യവും നശിപ്പിക്കുന്നു. ഏതാനും പേരുടെ പരിമിതമായ ലോകത്തേക്ക് അത് ചുരുങ്ങുന്നു. അതേസമയം വിപ്ലവത്തിന് കലയുടെ സൗന്ദര്യം വേണം. അപ്പോഴാണ് മനുഷ്യൻ ജയിക്കുന്നത്. മനുഷ്യർക്ക് പങ്കുവയ്ക്കാനാവുന്ന സ്നേഹവും മര്യാദയും ഉണ്ടാകുമ്പോഴാണ് വിപ്ലവം വിജയിക്കുന്നത്.
ഒഴുക്കിനൊത്ത് ഒഴുകുന്നവരാണ് അധികവും. എന്നാൽ ചിലപ്പോഴെങ്കിലും, താനാരാണെന്ന് ഓർക്കുന്ന ഘട്ടത്തിലെങ്കിലും, ഒഴുക്കിനെ വകവയ്ക്കാതെ എതിർദിശയിലേക്ക് നീന്തേണ്ടിവരും. മൂല്യവിചാരമുള്ള എഴുത്തുകാരുടെ കാര്യത്തിൽ ആരെയും അലോസരപ്പെടുത്താതെ, സുഖനിദ്രയിലുള്ള ഒഴുക്ക് ദുരന്തമായി കലാശിക്കും. എല്ലാ കൂട്ടങ്ങൾക്കും സമാന്തരമായോ, അവയിൽ നിന്ന് അൽപം അകലം പാലിച്ചോ ഒഴുകേണ്ടത് ആത്മീയമായ നിലവാരത്തിന്‍റെ പ്രശ്നമാണ്. വേറിടുക എന്നത് സാഹിത്യത്തിലെങ്കിലും അനിവാര്യതയാണ്.
നൃത്തം ചെയ്യുന്നവർക്ക് മനോധർമം പ്രകടിപ്പിക്കാമെങ്കിലും, സ്വാതന്ത്ര്യമില്ല. അവർ ഒരു താളത്തിന്‍റെ ആവർത്തനത്തെ ശരീരത്തിൽനിന്ന് വിട്ടുപോകാതെ സൂക്ഷിക്കാൻ ബാധ്യസ്ഥരാണ്. സി. ജെ. തോമസിന്‍റെ ‘ഇവൻ എന്‍റെ പുത്രൻ’എന്ന പുസ്തകം അദ്ദേഹത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് തയ്യാറാക്കിയതാണ് (മാളുബൻ) ലേഖനങ്ങളിൽ പരാമർശിച്ചു പോകുന്ന പാശ്ചാത്യനാമങ്ങളുടെ വിശദീകരണം പുസ്തകത്തിന്‍റെ ഒടുവിൽ ചേർത്തത് അതിനു തെളിവാണ്.
1953-ലാണ് സി. ജെയുടെ ഈ ‘പ്രിയപുത്രൻ’യാത്ര തുടങ്ങിയത്. അതിനും വർഷങ്ങൾക്ക് മുമ്പ് എഴുതിയതാണിത്. ചില വിഷയങ്ങളിലുള്ള അഭിപ്രായങ്ങൾക്ക് മാറ്റം വന്നിട്ടുണ്ടെങ്കിലും, അത് സത്യസന്ധമാണെന്നും അതിൽ നിന്ന് കുറച്ചെങ്കിലും വെളിച്ചം കിട്ടാതിരിക്കില്ലെന്നും അദ്ദേഹം അറിയിക്കുന്നുണ്ട്.
സി.ജെ ഇന്നൊരു ബിംബമാണ്. അതിനെ യഥാർഥ മൂല്യത്തിൽ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നവരേറെയുണ്ടെങ്കിലും, ഒരു സ്വതന്ത്രചിന്തകനായി അദ്ദേഹം നിലനിന്നു എന്നത് അംഗീകരിക്കാതെ തരമില്ല. ഒരിടത്തും ഉറച്ചിരിക്കാൻ പറ്റാത്തവിധം ചിന്തയുടെ ലഹരിയിൽ അകപ്പെടുക എന്നത് ഏകാന്തതയുടെ നല്ല ലക്ഷണമാണ്. ഇന്നത്തെ കവികളെപ്പോലെ കൂട്ടുംകൂടി, തോളിൽ കൈയിട്ട് നടന്ന് ഒരുപോലെ ചിന്തിക്കുന്നതിൽ അർഥമില്ല. മറ്റ് എഴുത്തുകാരോടൊപ്പമാണെങ്കിലും സ്വന്തം ചിന്ത എന്ന പ്രലോഭനത്തിലേക്ക് ഉയരണം. സ്വയം എരിഞ്ഞുതീരാനുള്ള തീയാണത്. അവനവന്‍റെ ഒറ്റപ്പെടലിനെ ഒരാത്മാലോചനയുടെ വസന്തമാക്കി പുനരാഖ്യാനം ചെയ്യാൻ കഴിവുള്ളവർക്കേ അതിനു കഴിയൂ. സി. ജെയെ മനസിലാക്കാൻ കഴിവില്ലാത്തവർ ഇപ്പോൾ ആ പേരിൽ രക്ഷപ്പെടുകയാണ്.
സി. ജെയുടെ വ്യക്തിഗതമായ വിചാരങ്ങളാണ് പ്രിയപുത്രനെ ശക്തനാക്കുന്നത്. പലതും ഇപ്പോഴും പ്രസക്തമാണ്. ആഴത്തിൽ പഠിക്കുകയോ ദീർഘമായി വിവരിക്കുകയോ അല്ല ഇവിടെ ചെയ്യുന്നത്. സ്വയം ബോധ്യപ്പെടുന്നതിനും കൂട്ടമായി ചിന്തിക്കുന്നവരിൽ നിന്ന് അൽപം അകലം പാലിക്കുന്നതിന്‍റെ സുഖം കെട്ടുപോകാതിരിക്കുന്നതിനും ഒരാളുടെ ബുദ്ധിപരമായ വിശപ്പുകൊണ്ടെഴുതിയ വാക്യങ്ങളാണിതിലുള്ളത്. എന്നാൽ മലയാളസാഹിത്യവും അതിന്‍റെ പ്രണേതാക്കളും ഈ പുസ്തകത്തോട് അത്ര വലിയ താൽപര്യമൊന്നും കാണിച്ചിട്ടില്ല. കാരണം, എന്തിന്‍റെയെങ്കിലും വാലല്ലാതെ, ഒറ്റയ്ക്ക് നിന്ന് ആത്മവികാരത്തിന്‍റെ വാളുകൊണ്ട് ജീവിക്കാനുറച്ചവർ ഈ നാട്ടിൽ കുറവാണല്ലോ. 1953-ൽ പ്രസിദ്ധീകരിച്ച 'പ്രിയപുത്രന്' ഒരു രണ്ടാം പതിപ്പ് വന്നത് 1965-ലാണ്; അതും സാഹിത്യപ്രവർത്തക സഹകരണസംഘത്തിലൂടെ.
സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ധൈഷണികമായ അനാചാരങ്ങളെക്കുറിച്ചും സാമാന്യമായ ജ്ഞാനോദയങ്ങൾക്കുവേണ്ടി ഏകാകികൾ കുരിശിലേറിയിട്ടാണെങ്കിലും ചെയ്യുന്ന വിപ്ലവകരമായ ഭാഷണത്തെക്കുറിച്ചുമാണ് ഇതിലെ ലേഖനങ്ങളിൽ പ്രതിപാദിക്കുന്നത്.
മഹാനായ കേസരിയെ സാംസ്കാരിക ബുദ്ധിജീവികൾ മുഖ്യമായും തെറി പറയുകയാണ് ചെയ്തതെന്ന് സി. ജെ. കുറ്റപ്പെടുത്തുന്നു. അന്ധതയുടെ പ്രതിഷേധമാണ് ജ്ഞാനത്തിനുള്ള പ്രശംസാപത്രമെന്ന് സി. ജെ. തുടർന്നെഴുതുന്നു. അത് കുറേക്കൂടി ഉച്ചത്തിൽ സമർഥിക്കുന്നത് ഇങ്ങനെയാണ്: "നിലനിൽപു ലഭിച്ച ഏത് ചിന്താഗതിയും മതമായിത്തീരും, ഏത് മതവും ജ്ഞാനത്തിനൊരതിരുവയ്ക്കും. അതിനപ്പുറമുള്ളതിനെയെല്ലാം ആ മതത്തിന്‍റെ പുരോഹിതന്മാർ ശപിക്കുകയും ചെയ്യും'.
റഷ്യൻകവി മയക്കോവ്സ്കിയെ സി.ജെ. വിലയിരുത്തുന്നതിന് സ്വാഭാവികതയുണ്ട്. രണ്ടുപേർക്കും ചില പൊരുത്തങ്ങളൊക്കെയുണ്ട്. പാർട്ടിക്കുവേണ്ടി ഒരുപാട് വരയ്ക്കുകയും എഴുതുകയും ചെയ്തു മയക്കോവ്സ്കി. പക്ഷേ, പാർട്ടി അംഗമായില്ല. അദ്ദേഹം പാർട്ടി നേതാക്കളുടെ സാഹിത്യപരമായ ശാസനകളെ വകവച്ചില്ല എന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. അദ്ദേഹത്തിൽ പ്രത്യശാസ്ത്രമുണ്ടായിരുന്നെങ്കിലും കുത്തഴിഞ്ഞ് ജീവിക്കാനായിരുന്നു വിധി. അദ്ദേഹം ഒരു സമസ്യയായിരുന്നു. മയക്കോവ്സ്കി യുവതികളുടെ പിറകേ നടന്ന് സമയം പാഴാക്കിയെന്ന് സി.ജെ. എഴുതുന്നത് അദ്ദേഹത്തെ സ്നേഹിച്ചുകൊണ്ടാണ്. എത്രയൊക്കെ വളർന്നെങ്കിലും ആ കവി തന്‍റെ ലോകത്ത് ഒറ്റപ്പെട്ടു; ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെ എഴുതി: 'പ്രേമനൗക ദൈനംദിന ജീവിതത്തിന്‍റെ പാറമേൽ മുട്ടിത്തകർന്നു. ഞാൻ ജീവിതത്തിന്‍റെ കണക്കുതീർത്തു. വിമർശനം പാഴാണ്; ദുഃഖങ്ങൾ, ദൗർഭാഗ്യങ്ങൾ, പരസ്പര ദ്രോഹങ്ങൾ എന്നിവയും. '
മയക്കോവ്സ്കി ഒരു മനുഷ്യന്‍റെ ദൗർബല്യങ്ങളെല്ലാമുള്ള കവിയായിരുന്നു. അത് യാഥാർഥ്യമാണെങ്കിൽ ചങ്ങമ്പുഴയ്ക്കും ആത്മഹത്യ ചെയ്ത ഇടപ്പള്ളിക്കും അങ്ങനെ ആയിക്കൂടെ എന്നാണ് സി. ജെയുടെ ചോദ്യം.
സി. ജെയ്ക്ക് രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും അതിലൊന്നിലും ഗാഢമായി വിശ്വസിച്ചില്ല. എപ്പോഴും വലിച്ചെറിയാവുന്ന കൂടാരങ്ങൾ മാത്രമാണ് അദ്ദേഹം അന്വേഷിച്ചത്. ഒരു കാര്യം വ്യക്തമാണ്; കമ്മ്യൂണിസം അദ്ദേഹത്തെ വല്ലാതെ പ്രലോഭിപ്പിക്കുകയും ഉലയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഭാഗത്ത് സാമൂഹ്യമനുഷ്യനാകാനും അതിനു ഗതി കാണിച്ചുകൊടുക്കാനുമുള്ള പ്രേരണയുണ്ടാവുന്നു, മറുവശത്ത് താൻ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് ഈ പ്രപഞ്ചമുള്ളതെന്നും അതുകൊണ്ട് തന്‍റെ അസ്തിത്വത്തെ അംഗീകരിക്കുകയാണ് പ്രധാനമെന്നും സ്ഥാപിക്കുന്ന വ്യക്തിവാദവും. ഇത് സി. ജെയുടെ സംഘർഷ ബിന്ദുവായിരുന്നു. വ്യക്തി എന്ന വാക്ക് ഉപയോഗിക്കുന്നതിനെ ഒരു മഹാപാതകമായി കാണുന്ന സാമൂഹ്യവാദത്തെ ഉൾക്കൊള്ളാൻ പ്രായസമാണെന്ന് 'ഞാൻ' എന്ന ലേഖനത്തിൽ എഴുതുന്നുണ്ട്. വ്യക്തിയായിരിക്കാൻ താത്പര്യപ്പെടുന്ന സി. ജെയിൽ സമൂഹത്തിന്‍റെ പ്രകമ്പനങ്ങളുമുണ്ട്. പക്ഷേ ഔദ്യോഗികമായ ചിന്താപദ്ധതികളോട് ഒത്തൊരുമിച്ച് പോകാൻ കഴിയാത്ത സഹജമായ വിയോജിപ്പ്, പ്രതിഷേധം ഈ എഴുത്തുകാരനെ വിടാതെ പിന്തുടരുന്നുണ്ട്. അതാണ് സി. ജെയുടെ കാതൽ. സൗന്ദര്യമല്ല, വ്യക്തിയുടെ ഉയിർപ്പാണ് അദ്ദേഹത്തിനു പ്രധാനമെന്നത് വിമർശിക്കപ്പെടാവുന്നതാണ്.
മനുഷ്യന്‍റെ പരിശുദ്ധി നശിപ്പിച്ചുകൊണ്ടുള്ള ആദർശലോകത്തെ അദ്ദേഹം തള്ളിക്കളയുന്നു. എങ്കിലും സി.ജെ ഒരു പ്രണയിയാണ്. പ്രേമമില്ലെങ്കിൽ മനുഷ്യൻ ജീർണിക്കുമെന്ന നിലപാടാണുള്ളത്. പ്രേമത്തിന്‍റെ കാര്യത്തിൽ കേരളത്തിന്‍റെ പാരമ്പര്യം വളരെ വൃത്തികെട്ടതാണെന്ന് അദ്ദേഹം പറയുന്നുണ്ട്. 'സ്നേഹമാണഖിലസാരമൂഴിയിൽ' എന്ന ആശാൻ തത്ത്വം താൻ ഉച്ചത്തിൽ വിളിച്ചു പറയുമെന്നും പ്രഖ്യാപിക്കുന്നു. ഈ പുസ്തകത്തിലെ മനോഹരമായ ലേഖനം 'പ്രേമം ഒരു സിദ്ധിയാണ്' എന്നതാണ്. പ്രേമം മനുഷ്യത്വമാണ്. പ്രേമം വിമോചനമാണ്. അതിനെ, പക്ഷേ ഉൾക്കൊള്ളാൻ നമ്മുടെ സമുദായം വളർന്നിട്ടില്ല എന്ന പ്രസ്താവം അടുത്തകാലത്ത് കേരളത്തിൽ നടന്ന ദുരഭിമാനക്കൊലയുടെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതാണ്. 'ഏതെങ്കിലും ഒരു പുരുഷനും സ്ത്രീയും തമ്മിൽ പ്രേമമാണെന്ന വർത്തമാനം ഇന്ന് അപവാദങ്ങളുടെ പട്ടികയിലാണ്പെടുന്നത്' - അദ്ദേഹം തുറന്നെഴുതുന്നു.
1) എം. കൃഷ്ണൻ നായർ
തിരുവനന്തപുരത്ത് എം. കൃഷ്ണൻ നായരെ അദ്ദേഹത്തിന്‍റെ വീട്ടിൽ വച്ച് കണ്ടപ്പോൾ പറഞ്ഞു: 'ഇവിടെയെങ്ങും എഴുത്തുകാരില്ല. ജർമൻകാരനായ ഹൈൻറിച്ച് ബേളിന് സമശീർഷനായി ഒരു സാഹിത്യകാരനെയും നമ്മുടെ ഭാഷയിൽ കണ്ടിട്ടില്ല. '
2) വിലാസിനി
ലോകത്തിലെ നോവൽക്ളാസിക്കുകളായ, യസുനാരി കവാബത്തയുടെ 'സഹശയനം', സാദേഖ് ഹിദായത്തിന്‍റെ 'കുരുടൻ മുങ്ങ' എന്നിവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വിലാസിനിയെ തൃശൂരിൽ കണ്ടപ്പോൾ പറഞ്ഞു: 'ഒരു നോവലിനെക്കുറിച്ച് ഒരു ലേഖനം മാത്രമെഴുതുന്നവരാണ് അധികവും. എന്നാൽ 'ആത്മായനങ്ങളുടെ ഖസാക്ക്' ഒരു പുസ്തകമാണ്. ആ നിലയിൽ അതിന് പ്രസക്തിയുണ്ട്. '
3) കെ.പി. അപ്പൻ
നോബൽ സമ്മാനം ലഭിച്ച ഗാർസിയ മാർകേസിന്‍റെ ആത്മകഥ 'ലിവിങ് ടു ടെൽ ദ് ടെയ്ൽ' വായിക്കാൻ കൊള്ളില്ലെന്ന് കെ. പി. അപ്പൻ ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതോർക്കുന്നു. നോബൽ സമ്മാനം കിട്ടിയ സാഹിത്യകാരനായതുകൊണ്ട് എന്തെഴുതിയാലും നന്നാവണമെന്നില്ല.
4) സുകുമാർ അഴീക്കോട്
ഒരു സൗഹൃദസംഭാഷണത്തിൽ സുകുമാർ അഴീക്കോട് പറഞ്ഞു: 'ഇടത്തരക്കാരുടെ ജീവിതം എപ്പോഴും പ്രതിസന്ധിയിലാണ്. ഉയരാനും വയ്യ, താഴാനും വയ്യ. അതുകൊണ്ട് അവർ അന്ധവിശ്വാസങ്ങളെയാണ് കൂട്ടുപിടിക്കുക.'
5) സ്വാമി നിർമലാനന്ദഗിരി
എറണാകുളം വൈറ്റിലയിലെ ആശ്രമത്തിൽ വിശ്രമിക്കവെ സ്വാമി നിർമലാനന്ദഗിരി പറഞ്ഞു: 'മുളപ്പിച്ച വിത്തുകൾക്ക് ലൈംഗികകാമന ഇരട്ടിയാക്കാൻ കഴിവുണ്ട്. അതുകൊണ്ട് എന്‍റെ മരുന്ന് കഴിക്കുമ്പോൾ ഈ മുളപ്പിച്ച വിത്ത് വേണ്ട. '
6) ഡി. വിനയചന്ദ്രൻ
ഒരിക്കൽ ഡി. വിനയചന്ദ്രനെ കോട്ടയത്തെ വീട്ടിൽ സന്ദർശിച്ചപ്പോൾ അല്പം വിഷമത്തോടെ വെളിപ്പെടുത്തിയത് ഇതാണ്: 'എന്നോട് ചില ആധുനിക കവികൾക്ക് കവിക്കുശുമ്പുണ്ടായിരുന്നു. അവർ എന്നെ ഒറ്റപ്പെടുത്താനും അവരോടൊപ്പം ചർച്ചയിൽ കൊണ്ടുവരാതിരിക്കാനും ശ്രമിച്ചു. '
7) എം.ടി. വാസുദേവൻ നായർ
കലാകൗമുദിക്ക് വേണ്ടി എം. ടിയുമായി കോഴിക്കോട് കോസ്മോ ബിൽഡിംഗിലെ മുറിയിൽ അഭിമുഖം നടത്തുമ്പോൾ അദ്ദേഹം പറഞ്ഞു: 'ടെലിവിഷൻ ചാനൽ മാറ്റുന്നതിനെചൊല്ലി കുട്ടികൾ പ്രകടിപ്പിക്കുന്ന അമർഷം ചെറിയ പ്രശ്നമായി കാണരുത്. രണ്ട് അഭിരുചികൾ തമ്മിലുള്ള വലിയ സംഘർഷമാണത്. '
8) കെ.എം. തരകൻ
കെഎസ്ആർടിസി ബസിൽ സഞ്ചരിക്കുമ്പോൾ കെ.എം. തരകൻ പറഞ്ഞു: 'സാഹിത്യ അക്കാദമി പ്രസിഡന്‍റായതിൽ സന്തോഷമുണ്ട്. ഇടക്കാലത്ത് എന്‍റെ സാഹിത്യയാത്രക്ക് തടസം നേരിട്ടു. കാര്യമായി ഒന്നും എഴുതിയില്ല. എന്‍റെയൊപ്പം എഴുതിത്തുടങ്ങിയവർ പലരും എന്നെക്കാൾ വളരെ മുന്നിലെത്തി. '
9) ഇ.വി. ശ്രീധരൻ
തിരുവനന്തപുരത്തുള്ള വീട്ടിൽ ഇ.വി. ശ്രീധരനുമായി സംസാരിക്കവെ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: പതിനഞ്ച് വർഷം എഴുതിയ ഒരു വ്യക്തി അഞ്ചുവർഷത്തേക്ക് മൗനം പാലിക്കുന്നത് നന്നായിരിക്കും. മൗനത്തിന്‍റെ ആ കാലഘട്ടം സ്വന്തം ഭാഷ കൂടുതൽ മെച്ചപ്പെടുത്താനാണ് ഉപയോഗിക്കേണ്ടത്.'
10) വി.പി. ശിവകുമാർ
തിരുവനന്തപുരത്ത് സംഭാഷണമധ്യേ വി.പി. ശിവകുമാർ അഭിപ്രായപ്പെട്ടു: ഒരു പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ നല്ലൊരു ഗ്യാപ്പ് വേണം. രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് പിന്നീട് മതി. വായനക്കാർ നമ്മുടെ ഒരു പുസ്തകം ആഗ്രഹിക്കുന്ന ഒരു നിമിഷമുണ്ടാകണം. '
11) നരേന്ദ്രപ്രസാദ്
അതിരമ്പുഴ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ കണ്ടപ്പോൾ നരേന്ദ്രപ്രസാദ് പ്രതികരിച്ചു: 'ഞാൻ അടിസ്ഥാനവർണങ്ങളിലുള്ള ഓരോ ഷർട്ട് സ്വന്തമാക്കാൻ പോകുവാ. നിറങ്ങളുമായി ഞാൻ ഇത്രയധികം പ്രണയത്തിലായ കാലമുണ്ടായിട്ടില്ല. '
12) ചവറ കെ.എസ്. പിള്ള
ഒഎൻവിയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിൽ നിന്നു കിട്ടിയ ഒരു ഉപദേശം ചവറ കെ.എസ്. പിള്ള ഓർത്തെടുത്തു: 'ഒഎൻവി സാർ പറഞ്ഞത് കാലത്തെ പഠിക്കണമെന്നാണ്. എന്ത് എഴുതണം, എങ്ങനെ എഴുതണം, ആർക്കു വേണ്ടി എഴുതണം എന്ന കാര്യത്തിൽ ധാരണയുണ്ടായിരിക്കണം.'