ഭീംബേട്കയിലെ ആമപ്പാറ.

 

VK Sanju

Literature

ഭീംബേട്കയിലെ ചിത്രകാരികൾ

ഭീംബേട്ക ഗുഹാചിത്രങ്ങളും ടർട്ടിൽ റോക്കും; ആദിമ ചിത്രകാരികളുടെ കലയിലൂടെ മധ്യപ്രദേശ് യാത്ര. മധ്യപ്രദേശ് യാത്രാ പരമ്പര, ഭാഗം 6.

VK SANJU

ഭോപ്പാലിനടുത്തുള്ള ഭീംബേട്കയിലെ ശിലാഗുഹകൾ, ടർട്ടിൽ റോക്ക്, മൃഗങ്ങളും ഘോഷയാത്രയും ഉൾപ്പെടുന്ന ഗുഹാചിത്രങ്ങൾ, സന്ദർശകർക്കായി തുറന്ന 15 ഗുഹാമുഖങ്ങൾ, ഇവ വരച്ചത് സ്ത്രീകളാകാം എന്ന വാദം. വി.കെ. സഞ്ജു എഴുതിയ എട്ടു ഭാഗങ്ങളുള്ള മധ്യപ്രദേശ് യാത്രാവിവരണം. സാഞ്ചി സ്തൂപം, പച്മഡി, ധൂപ്ഗഢ്, ഭീംബേട്ക ഗുഹാചിത്രങ്ങൾ, ഭോപ്പാൽ ട്രൈബൽ മ്യൂസിയം, ഓംകാരേശ്വർ, മധ്യപ്രദേശിലെ മലയാളി സമൂഹം എന്നിവ ഉൾപ്പെടുന്ന, ടൂറിസം ബോർഡിന്‍റെ ക്ഷണപ്രകാരമുള്ള മാധ്യമ പര്യടനത്തിലെ അനുഭവങ്ങൾ, ഭാഗം 6.

ഭീബേട്കയിലെ ഒരു പാറക്കെട്ട്.

വി.കെ. സഞ്ജു

ആദ്യ ദിവസത്തെ ട്രൈബൽ മ്യൂസിയം കാഴ്ചകൾ അയവിറക്കിക്കൊണ്ടാണ് ഭീംബേട്കയിൽ നടത്തം തുടങ്ങുന്നത്. ഗുഹകളും ഗുഹാചിത്രങ്ങളും തേടിയുള്ള നടത്തത്തിനിടെ ഉമർ ഇടയ്ക്കിടെ മുന്നിൽ വന്ന് ഫോട്ടൊയ്ക്ക് പോസ് ചെയ്തുകൊണ്ടിരുന്നു. അടുത്ത തിരിവിൽ ആശാൻ വീണ്ടും പോസ് ചെയ്യാൻ റെഡിയായി നിൽക്കുന്നതു കണ്ടാണ് ആരോമാർക്കില്ലാത്ത ഇടവഴിയേ തിരിഞ്ഞ് മറ്റൊരു ഗുഹയുടെ മുന്നിൽ എത്തിപ്പെടുന്നത്.

''വിച്ച് വേ, അണ്ണാ?''

പിന്നിൽ നിന്നൊരു ചോദ്യം, ഷമ. എനിക്കും വഴി തെറ്റിയെന്ന് അപ്പോഴാണ് മനസിലായത്. പ്രവേശന കവാടത്തിൽ വച്ചിരുന്ന മാപ്പിന്‍റെ ഫോട്ടൊ ഫോണിൽ പകർത്തിയിരുന്നു. അതു നോക്കി വഴിയുടെ ഏകദേശ രൂപം മനസിലാക്കി ഒരുമിച്ച് നടത്തം തുടർന്നു. ചെറിയൊരു പാറക്കെട്ടിൽ വലിഞ്ഞു കയറിയപ്പോൾ മുന്നിൽ ഭീമാകാരനായ 'ആമപ്പാറ' (Giant Turtle Rock). കൂട്ടത്തിലുള്ള സംഗീതയും മിലനും മറ്റുള്ളവരും താഴെ നിന്ന് സെൽഫിയെടുക്കുന്നുണ്ട്. ദീർഘകാലത്തെ പ്രകൃതിദത്തമായ മണ്ണൊലിപ്പിന്‍റെയും തേയ്മാനത്തിന്‍റെയും ഫലമായി സാൻഡ് സ്റ്റോണിൽ രൂപംകൊണ്ട പടുകൂറ്റൻ പ്രകൃതിദത്ത ശിൽപ്പമാണ് ഈ ടർട്ടിൽ റോക്ക്. വഴി തെറ്റിയതുകൊണ്ട് കുറച്ചു കൂടി ഉയരത്തിൽ നിന്ന് പാറ കാണാൻ കഴിഞ്ഞു.

ഞങ്ങൾ താഴേക്ക് പൊത്തിപ്പിടിച്ച് ഇറങ്ങിയപ്പോഴേക്കും മറ്റുള്ളവരൊക്കെ അടുത്ത ഗുഹകൾ തേടിപ്പോയിരുന്നു. പച്മഡിയിലെ സൂര്യാസ്തമയ ചിത്രത്തിൽ ഇംപ്രസ്ഡ് ആയ ഷമയ്ക്ക് ഗുഹാചിത്രങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടുമൂന്നു ഫോട്ടൊകൾ കൂടി എടുത്തു കൊടുത്തു. അപ്പോഴേക്കും വ്യക്തമായ ചിത്രങ്ങളുള്ള ഗുഹകൾക്കു മുന്നിൽ ഞങ്ങൾ എത്തിക്കഴിഞ്ഞിരുന്നു. ഹെൽമെറ്റ് ധരിച്ച അന്യഗ്രഹജീവികളെപ്പോലെ തോന്നിക്കുന്ന രൂപങ്ങൾ ആദിമ ഗോത്ര ജനതയുടെ ഭാവനാസൃഷ്ടിയായിരിക്കണം. അല്ലെങ്കിൽ, ആധുനിക മനുഷ്യന്‍റെ അറിവ് അത്രയും പരിമിതമാണെന്നു കരുതേണ്ടിവരും!

കോഗ്‌നിറ്റിവ് റവല്യൂഷൻ കാലഘട്ടത്തിന്‍റെ വ്യക്തമായ തെളിവുകളാണ് ഭീംബേട്കയിൽ തുറന്നു കിടക്കുന്നതെന്ന് എളുപ്പത്തിൽ മനസിലാക്കാൻ ട്രൈബൽ മ്യൂസിയത്തിൽനിന്നു കിട്ടിയ വിവരങ്ങൾ സഹായകമായിരുന്നു. പുരാതന ശിലായുഗം മുതലിങ്ങോട്ട് ഇന്ത്യയിൽ മനുഷ്യവാസമുണ്ടായിരുന്നു എന്നതിന്‍റെ തെളിവുകൾ ഇവിടെ കാണാം.

മേഖലയിലാകെ 700-ലധികം ഗുഹകളുണ്ട്. ഇതിൽ ഭീംബേട്കയിൽ മാത്രം 243 എണ്ണം, ഇതിൽ തന്നെ 133 എണ്ണത്തിലാണ് ഗുഹാചിത്രങ്ങളുള്ളത്. സന്ദർശകർക്കായി കൃത്യമായ നടപ്പാതയോടു കൂടി 15 ഗുഹാമുഖങ്ങൾ മാത്രമാണ് തുറന്നുനൽകിയിട്ടുള്ളത്. ബാക്കിയുള്ളവ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷിത മേഖലയിലാണ്.

ഭീബേട്കയിലെ ഗുഹാചിത്രം.

മഹാഭാരതത്തിലെ പഞ്ചപാണ്ഡവരിൽ ഒരാളായ ഭീമന്‍റെ ഇരിപ്പിടം എന്നർഥം വരുന്ന ഭീം ബൈഠക എന്ന വിശേഷണമാണ് ഭീംബേട്കയായി മാറിയത്.

മൃഗങ്ങളുടെ കൊഴുപ്പ്, ഇലകൾ, മരപ്പശ, കാൽസ്യം തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചാണ് ഇവയെല്ലാം വരച്ചിട്ടുള്ളത്. എന്നിട്ടു പോലും ആയിരക്കണക്കിനു വർഷങ്ങൾക്കിപ്പുറം മങ്ങാതെ കിടക്കുന്നതിന്‍റെ രാസവിദ്യയെക്കുറിച്ച് ഇന്ന് ഊഹാപോഹങ്ങളുണ്ടെന്നല്ലാതെ കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

ഭീബേട്കയിലെ ഗുഹാചിത്രം, കുതിരപ്പടയാളികൾ. ഇന്ത്യയിൽ കുതിര സവാരി പ്രചാരത്തിലാകുന്നതിനു മുൻപ് വരച്ച ചിത്രം.

വ്യത്യസ്ത കാലഘട്ടങ്ങളിലായി ഒന്നിലധികം ചിത്രകാരന്മാരാണ് ചിത്രങ്ങൾ വരച്ചത്. ഇതിൽ സ്ത്രീകളെ അപൂർവമായി മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ എന്നതിനാൽ, ഇവ സ്ത്രീകൾ വരച്ചതാകാനുള്ള സാധ്യത ചില ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മൃഗ രൂപങ്ങൾ, കുതിരപ്പുറത്ത് സഞ്ചരിക്കുന്ന മനുഷ്യർ, ജ്യാമിതീയ രൂപങ്ങൾ, മയിലുകൾ, രാജാവിന്‍റെ ഘോഷയാത്ര, തേൾ, പാമ്പ്, പരിചയേന്തിയ യോദ്ധാവ്, ഭീമാകാരനായ കാട്ടുപന്നി എന്നിവയൊക്കെ ചിത്രങ്ങളിൽ കാണാം. ആനപ്പുറത്ത് സഞ്ചരിക്കുന്നവർ, പലതരം മാനുകൾ, കൃഷ്ണമൃഗങ്ങൾ, കാട്ടുപോത്തുകൾ തുടങ്ങിയവയും ഈ ആകർഷകമായ ശേഖരത്തിന്‍റെ ഭാഗമാണ്.

ഭീബേട്കയിലെ ഗുഹാചിത്രം.

എന്‍റെയും ഷമയുടെയും ഫോണുകൾ ഒരേ സമയം റിങ് ചെയ്തു തുടങ്ങിയപ്പോൾ മനസിലായി, സമയം വൈകി. അതിനകം പുറത്തേക്കുള്ള വഴിയിൽ എത്തിക്കഴിഞ്ഞിരുന്നു. മഹാരാഷ്ട്ര ടീം തിരക്കു കൂട്ടുന്നുണ്ടാവും. മറ്റെല്ലായിടത്തും അവസാനം എത്തുന്നവരാണ്. ഇത്തവണ അവരാണ് ആദ്യമെത്തിയത്. മറ്റാർക്കും യാതൊരു തിരക്കുമില്ല, ഞങ്ങൾക്കൊക്കെ അടുത്ത ദിവസം പുലർച്ചെ മടങ്ങിയാൽ മതിയല്ലോ!

(തുടരും)