

സാഞ്ചിയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽനിന്ന്.
Metro Vaartha
AI generated summary, newsroom reviewed
വി.കെ. സഞ്ജു
സാഞ്ചിയിലെ സ്തൂപത്തിലേക്കുള്ള പ്രവേശന കവാടം അടഞ്ഞു കിടന്നു. ഉള്ളിൽ കനം വച്ച ഇരുട്ടിലേക്കു നോക്കി ഞങ്ങൾ പുറത്തുനിന്നു. സമയം വൈകിട്ട് 6.10; കൃത്യം ആറു മണിക്ക് ഗേറ്റടച്ചിരുന്നു.
''സാഞ്ചി യാത്രാ വിവരണത്തിന് ഒറ്റ വാക്കിൽ ഒരു തലക്കെട്ട് കൊടുക്കാം'', കൂടെയുണ്ടായിരുന്ന മലയാളി മാധ്യമ പ്രവർത്തകൻ ഗൗരവം വിടാതെ പറഞ്ഞു. അങ്ങനെയൊരു സന്ദർഭത്തിൽ ഏതു മലയാളിക്കും മനസിൽ തോന്നാവുന്ന ഒരു തലക്കെട്ട്...!
ആന്ധ്രയിൽ നിന്നുള്ള മീഡിയ അണ്ണൻമാർ ഞങ്ങളുടെ പ്രോഗ്രാം ഓർഗനൈസർ മോഹിത് അവസ്ഥിയെ വളഞ്ഞു വച്ചിരിക്കുകയാണ്. ഇതൊക്കെ സർവസാധാരണം എന്ന മട്ടിൽ മോഹിത്‌ജി മൺ കപ്പിലെ ഇഞ്ചിച്ചായ ഊതിയൂതിക്കുടിച്ച് ഗുപ്തനായി അവർക്കു നടുവിൽ പുഷ്പിച്ചു നിൽക്കുന്നു.
''ടാസ്കി വിളിയെടാ...'' എന്ന ടോണിൽ ഡൽഹിക്കാരൻ വ്ളോഗർ പ്രതീക് ശബ്ദമുയർത്തി. അയാൾക്ക് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നമ്പർ വേണം. ടൂറിസത്തിന്‍റെ ചുമതലയുള്ള എസിഎസ് സാബ് പറഞ്ഞാൽ സാഞ്ചിയുടെ ഗേറ്റല്ല, അങ്ങു ഡൽഹിയിലെ ഇന്ത്യാ ഗേറ്റ് വരെ തുറക്കുമെന്നാണ് പ്രതീകിന്‍റെ വാദം. പക്ഷേ, മധ്യപ്രദേശിലെ ടൂറിസം വകുപ്പ് വിചാരിച്ചാൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സാഞ്ചി സ്മാരകം തുറപ്പിക്കാനൊന്നും പറ്റില്ലെന്ന് മോഹിത് അവസ്ഥി തീർത്തു പറഞ്ഞു.
സാഞ്ചിയിലെ സ്തൂപം, രാത്രി വെളിച്ചത്തിൽ.
Metro Vaartha
നേരത്തെ പറഞ്ഞ എസിഎസുമായുള്ള കൂടിക്കാഴ്ചയാണ് സാഞ്ചിയിലേക്കുള്ള യാത്ര രണ്ടു മണിക്കൂറോളം വൈകിച്ചത്. മധ്യപ്രദേശിനെ ഇന്ത്യയുടെ ഹൃദയമെന്നാണ് സംസ്ഥാന ടൂറിസത്തിന്‍റെ വക്താക്കൾ ആവർത്തിച്ചു വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതാണ് ഇന്ത്യയുടെ ഹൃദയമെങ്കിൽ അത്യാവശ്യമായി ഒരു പേസ് മേക്കർ വയ്ക്കേണ്ടി വരുമെന്നു പറയാൻ തോന്നി. പക്ഷേ, ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്താൻ സമയമെടുത്തതുകൊണ്ട് ഞാൻ മിണ്ടാതെ നിന്നു.
പര്യടനത്തിന്‍റെ സംഘാടകരിൽ ഒരാളായ സുരേഷ് ത്രിപാഠിയോട് സാഞ്ചിയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഈ സ്തൂപത്തിന്‍റെ വളപ്പിൽ തന്നെയാണോ നടക്കുന്നതെന്നു ഞാൻ നേരത്തെ ചോദിച്ചിരുന്നു. അതിയാൻ അങ്ങകലെ സത്പുര മലനിരകളിലെ പേരറിയാത്ത ഏതോ കുന്നിനപ്പുറത്തേക്ക് വിരൽ ചൂണ്ടി. പക്ഷേ, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്കു സമയമായപ്പോൾ സ്തൂപത്തിലേക്കുള്ള പ്രവേശന കവാടം തന്നെയാണ് ഞങ്ങൾക്കു മുന്നിൽ തുറക്കപ്പെട്ടത്. അതോടെ ഇംഗ്ലിഷ് സ്പീക്കിങ്ങിനു ഞാനങ്ങു ഫുൾ സ്റ്റോപ്പിട്ടു. വല്ലതും ബോൽത്തണമെങ്കിൽ ഹിന്ദിയിൽ ബോൽത്തണം, അല്ലെങ്കിൽ ഛുപ്പ് രഹോ എന്നു സ്വയം നിർദേശിച്ചു.
ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ സമയം എഴുതിവച്ചിരിക്കുന്നു. ഹിന്ദി 7.00 മണി, ഇംഗ്ലിഷ് 7.50! ഇംഗ്ലിഷ് സമയം വെട്ടിക്കളഞ്ഞിരിക്കുന്നതു കൂടി കണ്ടപ്പോൾ ഉറപ്പിച്ചു, എന്തോ പന്തികേടുണ്ട്.
യഥാർഥ സ്തൂപത്തിന്‍റെ ചെറിയൊരു പതിപ്പ് പോലെ പുറത്ത് മറ്റൊരെണ്ണം. മുന്നിൽ നിരത്തിയിട്ട പ്ലാസ്റ്റിക് കസേരകളിൽ സ്തൂപം കാണാനാവാത്തതിന്‍റെ നിരാശകൾ ഞങ്ങൾ ഇറക്കിവച്ചു. ചുറ്റുമുള്ള പ്രകാശങ്ങളെല്ലാം അണഞ്ഞപ്പോൾ തൊട്ടപ്പുറത്ത് യഥാർഥ സ്തൂപം നേർത്ത നിലാവെളിച്ചത്തിൽ അൽപ്പാൽപ്പമായി തെളിഞ്ഞു വന്നു. അപ്പോഴേക്കും ഷോ നടത്തുന്ന ചെറു സ്തൂപത്തിലേക്ക് ദൃശ്യങ്ങൾ പ്രോജക്റ്റ് ചെയ്തു തുടങ്ങി. പേര് ഓർമ കിട്ടാത്ത ഏതോ ഹിന്ദി നടന്‍റെ ഘനഗംഭീരമായ ശബ്ദത്തിൽ വിവരണം, മധ്യപ്രദേശിലെ അലിയാര് മാഷ് ആയിരിക്കണം.
സാഞ്ചിയിലെ സ്തൂപത്തോട് അനുബന്ധിച്ചുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ വേദി.
VK Sanju
പെട്ടെന്ന് ശബ്ദം നിലച്ചു, ലൈറ്റുകൾ അണഞ്ഞു, ഇരുട്ടിന്‍റെ മൂലകളിലെവിടെയോ ജനറേറ്റർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിന്‍റെ അപൂർണമായ മുരൾച്ചകൾ ഉയർന്നു. ഇന്ത്യയുടെ ഹൃദയം വല്ലാതെ ഇരുണ്ടുകിടന്നു.
തൊട്ടപ്പുറത്തിരുന്ന കോഴിക്കോട്ടുകാരനായ അപരിചിതൻ, കൊച്ചിയിലെ ബ്രോഡ്‌വേയിൽ പോയതിന്‍റെ വിശേഷങ്ങൾ ഹിന്ദിക്കാരായ സുഹൃത്തുക്കളോടു പറഞ്ഞു കൊടുക്കുന്നതു കേട്ടിരിക്കാൻ രസമുണ്ടായിരുന്നു. കേരളം കണ്ടിട്ടുള്ള മറ്റാരും അക്കൂട്ടത്തിലില്ലെന്ന ആത്മവിശ്വാസം അയാളുടെ തള്ളുകളിൽ നിറഞ്ഞു നിന്നു. ഞാനും സുഹൃത്തും മലയാളത്തിൽ സംസാരിച്ചു തുടങ്ങിയതോടെ ബ്രോഡ്‌വേ പെട്ടെന്ന് മിഠായിത്തെരുവിനു വഴിമാറി. അതോടെ ആ നേരമ്പോക്കിനും അവസാനമായി.
ലൈറ്റ് ആൻഡ് സൗണ്ട് ഷോ.
Metro Vaartha
കാത്തിരിപ്പിനൊടുവിൽ ജനറേറ്ററിന്‍റെ ശബ്ദത്തിനു മീതേ വീണ്ടും ഹിന്ദി നടന്‍റെ വോയിസ് ഓവർ. സ്തൂപത്തിൽ ചരിത്രം ദൃശ്യങ്ങളായി ഇതളുകൾ വിടർത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്ഥലമാണ്, വ്യക്തമായ ചരിത്രരേഖകളുടെ പിൻബലമുള്ള നിർമിതി. എന്നിട്ടും ഇനിയും കൃത്യമായി വ്യാഖ്യാനിക്കപ്പെടാത്ത, ചരിത്രപരമായ ദുരൂഹതകളുടെ ഒരാവരണം സാഞ്ചിയെ മൂടി നിൽക്കുന്നുണ്ട്. എന്നുവച്ച് ഇതൊരു നിഗൂഢതയല്ല, ആദ്യകാല രൂപത്തിൽ ഈ സ്തൂപത്തിനുണ്ടായിരുന്ന പ്രതീകാത്മക സ്വഭാവം, തകർച്ച, പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട കൗതുകങ്ങളാണ് അതിലേറെയും.
സാഞ്ചിയുടെ കഥ കേട്ട് ഇരുട്ടിലേക്ക് ഇറങ്ങി നടക്കുമ്പോൾ അടുത്ത ദിവസത്തെ യാത്രയെക്കുറിച്ചുള്ള ആശങ്കയായിരുന്നു മനസിൽ. സാഞ്ചിയിലെ സ്തൂപത്തിന്‍റെ ഗേറ്റ് തുറപ്പിക്കാൻ നോക്കുന്നതു പോലെയല്ല ഇനിയുള്ള കാര്യങ്ങൾ. അഡീഷണൽ ചീഫ് സെക്രട്ടറിയെന്നല്ല, മുഖ്യമന്ത്രി പറഞ്ഞാലും ധൂപ്ഗഢിലെ സൂര്യാസ്തമയത്തിന്‍റെ സമയം മാറില്ലല്ലോ! എങ്ങനെയും അതിനു മുൻപ് പച്മഡിയിലെത്തണം....
(തുടരും)