ഡോ. റഷീദ് പാനൂർ പരിഭാഷപ്പെടുത്തിയ 'ഖലിൽ ജിബ്രാൻ കഥകൾ 'എം.കെ ഹരികുമാർ കാവ്യസാഹിതി ഭാരവാഹികളായ കാവാലം അനിലിനും സുഷമ ശിവരാമനും നൽകി കൊച്ചിയിൽ പ്രകാശനം ചെയ്യുന്നു
കൊച്ചി: വയസായ ചെറുകഥകൾ ആവശ്യമില്ലെന്ന് പ്രമുഖ വിമർശകനും കോളമിസ്റ്റുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു. കാവ്യസാഹിതി യുടെ ആഭിമുഖ്യത്തിൽ കലൂർ റിന്യുവൽ സെന്‍ററിൽ സംഘടിപ്പിച്ച സംസ്ഥാനതല കഥാക്യാമ്പ് ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം . വയസായ ചെറുകഥകൾ ചിന്തയിൽ ജരാനര ബാധിച്ചതുകൊണ്ടു നമ്മെ ക്ഷീണിപ്പിക്കും. കഥ യൗവ്വനത്തിന്‍റെ ആഹ്വാനമായിരിക്കണം. പ്രായത്തെ എതിർത്ത് എഴുത്തുകാരൻ യുവത്വത്തെ ആർജിക്കുമ്പോഴാണ് മികച്ച കഥകളുണ്ടാവുന്നത്. കാലഹരണപ്പെട്ട പ്രമേയങ്ങളും ദുർബലമായ ഭാഷയും മനം മടുപ്പിക്കും.
യുവത്വം ഒരു കഥാകാരന്‍റെ ആദർശമാകണം. സാമൂഹിക പ്രതിബദ്ധത പഴയ സങ്കല്പമാണ്. അവനവനോടു സത്യസന്ധനാവുകയാണ് കഥാകാരന്‍റെ വെല്ലുവിളി. അവനവൻ വികാരപരമായി അനുഭവിച്ചതാണ് എഴുതേണ്ടത്. മറ്റൊരാളുടെ കണ്ണിലൂടെ ജീവിതത്തെ നോക്കുമ്പോൾ സത്യസന്ധത നഷ്ടപ്പെടും. ഓരോ വാക്കിലും ജീവിക്കുകയല്ലാതെ വേറെ വഴിയില്ല.
ജീവിതം അളക്കാനാവാത്ത ആഴമാണ് തുറന്നിടുന്നത്. അത് ഉപരിപ്ളവമായി വിവരിക്കുന്നത് കഥയാകില്ല. കഥാരചനയിൽ ഒരാശയമോ മുദ്രാവാക്യമോ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് അതിന്‍റെ കലാമൂല്യം ഇല്ലാതാക്കും .കലയുടെ ആവിഷ്കാരമാണ് ഉണ്ടാകേണ്ടത്. കൂട്ടമായി സഞ്ചരിക്കുകയല്ല കൂട്ടം തെറ്റുകയാണ് പ്രധാനമെന്നും ഹരികുമാർ കൂട്ടിച്ചേർത്തു.
റഷീദ് പാനൂർ പരിഭാഷപ്പെടുത്തിയ 'ഖലിൽ ജിബ്രാൻ കഥകൾ' എം.കെ. ഹരികുമാർ കാവാലം അനിലിനും സുഷമ ശിവരാമനും നൽകി പ്രകാശനം ചെയ്തു.