പച്ച്മഡിയിലെ ധൂപ്‌ഗഢിൽനിന്നുള്ള സൂര്യാസ്തമയ ദൃശ്യം.

 

VK Sanju

Literature

ഭൂമിയെ സൃഷ്ടിച്ചത് മണ്ണിര; ഗോണ്ട് പറഞ്ഞ കഥ

പച്മഡിയിലെ ധൂപ്ഗഢ് സൂര്യാസ്തമയവും ഗോണ്ട് ജനതയുടെ ഉത്പത്തിക്കഥയും; കാട്ടുതേനിന്‍റെയും ശിലാജിത്തിന്‍റെയും വിശേഷങ്ങൾ. മധ്യപ്രദേശ് യാത്രാ പരമ്പര, ഭാഗം 4

VK SANJU

പച്മഡിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ധൂപ്ഗഢിലെ സൂര്യാസ്തമയക്കാഴ്ച, ഗൈഡ് ഇർഫാൻ പറഞ്ഞ ഗോണ്ട് ജനതയുടെ ഉത്പത്തിക്കഥ, പ്രാദേശിക ഉത്പന്നങ്ങളായ കാട്ടുതേൻ, ശിലാജിത് എന്നിവ, സഹയാത്രികരുമായുള്ള വിശേഷങ്ങൾ. വി.കെ. സഞ്ജു എഴുതിയ എട്ടു ഭാഗങ്ങളുള്ള മധ്യപ്രദേശ് യാത്രാവിവരണം. സാഞ്ചി സ്തൂപം, പച്മഡി, ധൂപ്ഗഢ്, ഭീംബേട്ക ഗുഹാചിത്രങ്ങൾ, ഭോപ്പാൽ ട്രൈബൽ മ്യൂസിയം, ഓംകാരേശ്വർ, മധ്യപ്രദേശിലെ മലയാളി സമൂഹം എന്നിവ ഉൾപ്പെടുന്ന, ടൂറിസം ബോർഡിന്‍റെ ക്ഷണപ്രകാരമുള്ള മാധ്യമ പര്യടനത്തിലെ അനുഭവങ്ങൾ, ഭാഗം 4.

വി.കെ. സഞ്ജു

പാണ്ഡവ് കേവ്സ് കണ്ട് കുന്നിറങ്ങി ചെല്ലുമ്പോൾ, വന്ന ജീപ്പ് കാണാനില്ല. മറ്റൊരെണ്ണത്തിൽ തൂങ്ങിപ്പിടിച്ച് ധൂപ്ഗഢിലേക്ക്. ചെന്നിറങ്ങുമ്പോൾ പഴയ ഗൈഡ് കാത്തു നിൽക്കുന്നുണ്ട്. കൈയിൽ അഞ്ചാറ് വെള്ളാരംകല്ലുകൾ.

''ഇങ്ങനെയുള്ള കല്ലുകൾ നിങ്ങളെവിടെയെങ്കിലും കണ്ടിട്ടുണ്ടോ?''

ഞങ്ങൾ പരസ്പരം നോക്കി. പുഴയിലൊക്കെ കാണുന്ന തരം മിനുസമുള്ള കല്ലുകൾ.

''സമുദ്ര നിരപ്പിൽ നിന്ന് 4400 അടി ഉയരത്തിലാണ് ധൂപ്‌ഗഢ്. പക്ഷേ, വെള്ളത്തിൽ കാണുന്നതു പോലുള്ള കല്ലുകളാണ് ഇവിടെയെങ്ങും. ഇവിടത്തെ പർവതനിരകൾ കണ്ടാലറിയാം, വെള്ളം കെട്ടിനിന്നതു പോലുള്ള പാടുകൾ....''

മധ്യേന്ത്യയിലെ വനമേഖലകളിൽ പ്രകൃതിയോട് ഇഴുകിച്ചേർന്ന് ജീവിക്കുന്ന ഗോണ്ട് ജനതയുടെ വിശ്വാസങ്ങളുമായി ചേർന്നു പോകുന്നതാണ് ഇർഫാൻ പങ്കുവച്ച ഈ പ്രപഞ്ച വീക്ഷണം. ഗോണ്ടുകളുടെ ചുവർചിത്രങ്ങളിലും പാട്ടുകളിലും നിറഞ്ഞുനിൽക്കുന്ന ഉത്പത്തിക്കഥയിൽ ഇതു വ്യക്തമാണ്. അവരുടെ പുരാവൃത്തങ്ങൾ പ്രകാരം ആദിയിൽ പ്രപഞ്ചം മുഴുവൻ ഇരുളടഞ്ഞ, അനന്തമായ ജലപ്പരപ്പായിരുന്നു. അതിനു മുകളിൽ ഏകാകിയായ പ്രപഞ്ചനാഥൻ 'ബഡാ ദേവ്'.

അങ്ങനെയിരിക്കെ ജീവന്‍റെ തുടിപ്പുകൾ സൃഷ്ടിച്ചു തുടങ്ങിയ ബഡാ ദേവ്, അവർക്ക് വസിക്കാൻ മണ്ണ് വേണമെന്നോർത്തു. അങ്ങനെ ഭൂമി രൂപപ്പെടുത്താൻ അദ്ദേഹം പ്രകൃതിയിലെ ചെറുജീവികളെ നിയോഗിച്ചു. കടലിന്‍റെ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മണ്ണ് പുറത്തെടുക്കാൻ ആമ, ഞണ്ട്, മണ്ണിര തുടങ്ങിയ ജീവികളെയായിരുന്നു ചുമതലപ്പെടുത്തിയത്. കടലാഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങിയ മണ്ണിര അവിടെനിന്ന് ചെളി വിഴുങ്ങി മുകളിൽ കൊണ്ടുവന്ന് ഓരോ തരിയായി പുറന്തള്ളാൻ തുടങ്ങി. ആ മൺതരികൾ ജലപ്പരപ്പിൽ അടിഞ്ഞുകൂടുകയും കാലക്രമേണ അതൊരു വലിയ കരഭൂമിയായി മാറുകയും ചെയ്തു എന്നാണ് ഗോണ്ട് ജനതയുടെ വിശ്വാസം.

ഭോപ്പാലിലെ ട്രൈബൽ മ്യൂസിയത്തിൽ നിന്നു നേരത്തെ കണ്ടും കേട്ടുമറിഞ്ഞ കഥകൾ ഇർഫാന്‍റെ വാക്കുകളിലൂടെ പരാവർത്തനം ചെയ്യപ്പെടുകയായിരുന്നു. മിത്തും യാഥാർഥ്യവും വ്യക്തമായി വേർതിരിച്ച് സംസാരിക്കാൻ ഇർഫാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നി. അവിടെ കണ്ട അംഗീകൃത ഗൈഡുകൾ എല്ലാവരും അങ്ങനെ തന്നെയായിരുന്നു. രാജസ്ഥാൻ യാത്രയിലും മറ്റും പ്രാദേശിക വിശ്വാസങ്ങളിൽ മുറുകെപ്പിടിച്ചുള്ള വിവരണങ്ങളാണ് കേട്ടിട്ടുള്ളത്. മധ്യ പ്രദേശിൽ അങ്ങനെയല്ല.

പക്ഷേ, രാജസ്ഥാനിലേതു പോലെ തന്നെ, പ്രാദേശിക ഉത്പന്നങ്ങൾ പരിചയപ്പെടുത്താനും അവ വിൽക്കുന്ന കടകളിൽ കൊണ്ടുപോകാനും ഗൈഡുകൾ ഇവിടെയും ഉത്സാഹം കാണിച്ചു. ലോകത്ത് ഏറ്റവും മികച്ച കാട്ടുതേൻ കിട്ടുന്ന അഞ്ച് സ്ഥലങ്ങളിലൊന്ന് പച്മഡിയാണെന്ന് ഇർഫാൻ പറഞ്ഞു. ഇവിടത്തെ കാടുകളിൽനിന്നു നേരിട്ടു ശേഖരിക്കുന്ന തേൻ വ്യാജമാണെന്നു തെളിയിച്ചാൽ ലക്ഷക്കണക്കിന് രൂപ സമ്മാനം കൊടുക്കാമെന്നു വരെ ചില കച്ചവടക്കാർ വെല്ലുവിളിക്കും. യഥാർഥ തേൻ തിരിച്ചറിയാൻ ഫ്ളെയിം ടെസ്റ്റ്, വാട്ടർ ടെസ്റ്റ് തുടങ്ങി അനായാസം ചെയ്തു നോക്കാവുന്ന പരീക്ഷണങ്ങളുമുണ്ട്. പഞ്ചസാരയോ ശർക്കരയോ വെള്ളമോ ഒക്കെ ചേർത്തിട്ടുണ്ടെങ്കിൽ ഇതുവഴി കണ്ടുപിടിക്കാനാവും.

വെള്ളം കെട്ടി നിന്ന ശേഷം ഇറങ്ങിപ്പോയതെന്ന പ്രതീതി ഉണർത്തുന്ന പാറക്കൂട്ടങ്ങൾ, പച്ച്മഡി, മധ്യപ്രദേശ്.

ശിലാജിത് ആണ് ഇവിടെ വിൽക്കുന്ന മറ്റൊരു പ്രധാന പ്രാദേശിക ഉത്പന്നം. പാറക്കെട്ടുകളിൽനിന്ന് ഊർന്നുവരുന്ന കടും തവിട്ട് നിറമുള്ള ഒരു പശയാണിത്. പുരുഷൻമാരുടെ പ്രത്യുത്പാദന ശേഷി വർധിപ്പിക്കാൻ വരെ ഉത്തമമെന്ന് കച്ചവടക്കാരുടെ അവകാശവാദം!

ഏതായാലും തേനും ശിലാജിത്തുമൊന്നും പരീക്ഷിക്കാൻ നിൽക്കാതെ നേരേ ധൂപ്ഗഢ് വ്യൂ പോയിന്‍റിലേക്കു നടന്നു. മഴക്കാറൊഴിഞ്ഞ മാനത്ത് മലമുകളിൽ ചുവപ്പ് രാശി പടർത്തിക്കൊണ്ട് സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ തുടുത്തു നിന്നു. ക്യാമറയുടെ ഫ്രെയിമിൽ അസ്തമയ സൂര്യനൊപ്പം കോൽക്കത്തയിൽനിന്നുള്ള പത്രപ്രവർത്തക ഷമയും അകപ്പെട്ടിരുന്നു.

''അണ്ണാ... താങ്ക്സ്!''

ഫോട്ടൊ അയച്ചുകൊടുത്തപ്പോൾ ഷമ പറഞ്ഞു.

ബംഗാളിയിൽ അണ്ണാ ഒക്കെയുണ്ടോ എന്നാലോചിച്ച് അധികം വണ്ടറടിക്കും മുൻപേ മനസിലായി, കൂട്ടത്തിലുള്ള റിട്ട. സിവിൽ സർവീസുകാരൻ കല്യാണം അ‍യ്യങ്കാർ പഠിപ്പിച്ചു കൊടുത്ത സംബോധനയായിരിക്കണം.

പച്ച്മഡിയിലെ ധൂപ്‌ഗഢിൽനിന്നുള്ള സൂര്യാസ്തമയ ദൃശ്യം.

ഗുജറാത്തിൽനിന്നും മഹാരാഷ്ട്രയിൽ നിന്നും വന്നവരെല്ലാം അതിനകം ഒരു ഗ്യാങ്ങായി മാറിക്കഴിഞ്ഞിരുന്നു. അവർക്കു ബദലായി ചരിത്രപരമായി ഒരുമിച്ചു നിൽക്കാറുള്ള കേരളവും തമിഴ്നാടും ആന്ധ്ര പ്രദേശും ബംഗാളും ഇവിടെയും അങ്ങനെ തന്നെയായി. അനുവദിക്കപ്പെട്ട താമസസ്ഥലങ്ങളും രണ്ടിടത്തായപ്പോൾ ഈ 'വിഭജനം' ഏറെക്കുറെ പൂർണമായി.

മടക്കയാത്രയിൽ ഉടനീളം കുന്നുകളുടെ വശങ്ങളിൽ വെള്ളം കെട്ടിനിന്നതു പോലുള്ള പാടുകൾ കണ്ടു. അവസാനത്തെ സൂര്യകിരണത്തെയും മറച്ച് ധൂപ്ഗഢ് ഒരു കോട്ടയായി തലയുയർത്തി നിന്നു. രാത്രിയുടെ അരണ്ട വെളിച്ചത്തിൽ കന്‍റോൺമെന്‍റ് ഏരിയയിൽ ജീപ്പിറങ്ങി ഹോട്ടലിലേക്ക് നടന്നു. ക്യാമറ കുരങ്ങൻ കൊണ്ടുപോകാതെ സൂക്ഷിക്കാൻ ഗൈഡ് പറഞ്ഞതനുസരിച്ച് ജാക്കറ്റിനുള്ളിൽ തിരുകി.

നടക്കുന്ന വഴി ശിലാജിത്തും കാട്ടുതേനും വാങ്ങാൻ നേരത്തേ പുറപ്പെട്ട സഹയാത്രികരെ കണ്ടു. സാഞ്ചിയുടെ സങ്കടം അതിനകം പച്മഡി കഴുകിക്കളഞ്ഞിരുന്നു.

(തുടരും)