ജടാശങ്കർ, പച്മഡി, മധ്യപ്രദേശ്.
VK Sanju
പച്മഡിയിൽ പുലർച്ചെ ശിവക്ഷേത്രമായ ജടാശങ്കർ ഗുഹ, വെള്ളച്ചാട്ടമായ ബീ ഫോൾസ്, ഭോപ്പാലിലേക്കുള്ള മടക്കയാത്ര, സമയക്കുറവിനിടയിൽ ഭീംബേട്ക സന്ദർശിക്കാനുള്ള സഞ്ചാരികളുടെ തർക്കം എന്നിവ. വി.കെ. സഞ്ജു എഴുതിയ എട്ടു ഭാഗങ്ങളുള്ള മധ്യപ്രദേശ് യാത്രാവിവരണം. സാഞ്ചി സ്തൂപം, പച്മഡി, ധൂപ്ഗഢ്, ഭീംബേട്ക ഗുഹാചിത്രങ്ങൾ, ഭോപ്പാൽ ട്രൈബൽ മ്യൂസിയം, ഓംകാരേശ്വർ, മധ്യപ്രദേശിലെ മലയാളി സമൂഹം എന്നിവ ഉൾപ്പെടുന്ന, ടൂറിസം ബോർഡിന്റെ ക്ഷണപ്രകാരമുള്ള മാധ്യമ പര്യടനത്തിലെ അനുഭവങ്ങൾ, ഭാഗം 5.
വി.കെ. സഞ്ജു
''സൂര്യോദയത്തിനു മുൻപ് ജടാശങ്കർ ഗുഹാക്ഷേത്രത്തിലേക്ക്, പിന്നെ ബീ ഫോൾസ് എന്ന വെള്ളച്ചാട്ടം, അതുകഴിഞ്ഞ് ഭോപ്പാലിലേക്കുള്ള മടക്കയാത്രയിൽ സമയമുണ്ടെങ്കിൽ മാത്രം ഭീംബേട്ക.'' മോഹിത് അവസ്ഥിയുടെ പ്രഖ്യാപനം വന്നു, അതിലെ അവസാന ഭാഗം നെഞ്ചിൽ തുളച്ചു കയറി. സമയമുണ്ടെങ്കിൽ മാത്രം പോകാനുള്ള ഇടമാണോ ഭീംബേട്ക! വെള്ളച്ചാട്ടം ഒഴിവാക്കി ഭീംബേട്കയ്ക്കു സമയമുണ്ടാക്കണമെന്നായി സൗത്തിന്ത്യക്കാർ. മുക്കിനു മുക്കിനു വെള്ളച്ചാട്ടമുള്ള ഇടുക്കി വഴിയൊക്കെ ഒരുവട്ടമെങ്കിലും കറങ്ങിയിട്ടുള്ളവർക്ക് ബീ ഫോൾസിന്റെ ഫോട്ടൊ കണ്ടിട്ടു തന്നെ പുച്ഛം. പക്ഷേ, ഉത്തരേന്ത്യൻ ലോബി സമ്മതിക്കുന്നില്ല. അവർക്ക് വെള്ളച്ചാട്ടത്തിൽ കുളിച്ചേ പറ്റൂ!
അങ്ങനെ പരമാവധി പുലർച്ചെ ജടാശങ്കറിലേക്കു പുറപ്പെടാമെന്നായി. ബീ ഫോൾസിൽ കുളിയും കഴിഞ്ഞ് എത്രയും വേഗം മടക്കയാത്ര തുടങ്ങിയാൽ ഭീംബേട്ക കാണാം. കൊച്ചുവെളുപ്പാൻകാലത്ത് പച്മഡിയിലെ 17 ഡിഗ്രി തണുപ്പത്ത് തുറന്ന ജീപ്പിൽ ജടാശങ്കറിലേക്കു പോകുന്ന കാര്യം ഓർത്തപ്പോൾ തന്നെ പലരും പിൻമാറി. ഈ തണുപ്പ് പ്രതീക്ഷിക്കാത്തതിനാൽ മിക്കവരും കമ്പിളിക്കുപ്പായങ്ങളും കരുതിയിട്ടില്ല. ഭക്ഷണം കഴിഞ്ഞ പാടേ അത്യാവശ്യക്കാർക്കുള്ള കമ്പിളിപ്പുതപ്പുകൾ ഹോട്ടലിൽനിന്നു തന്നെ ഷമ അറേഞ്ച് ചെയ്തു. ജീപ്പിലല്ല, അർബേനിയയിലായിരിക്കും യാത്ര എന്നും അറിയിപ്പ് വന്നതോടെ പോകാൻ അത്യാവശ്യം ആളായി.
മോഹിത്തിന്റെ അഞ്ച് മണിയെന്നാൽ ആറാണെന്ന് അതിനകം തന്നെ മനസിലായിരുന്നതിനാൽ പുലർച്ചെ നിരാശയുണ്ടായില്ല. നല്ല തണുപ്പുള്ള പുലരിയിൽ കൂറ്റനൊരു പാറക്കെട്ടിനു മുന്നിൽ വണ്ടിയിറങ്ങി ജടാശങ്കറിലേക്കു നടന്നു തുടങ്ങി. ഭസ്മാസുരൻ വരം പരീക്ഷിക്കാൻ വന്ന സമയത്ത് ശിവൻ ഒളിച്ചിരുന്ന ഗുഹയാണത്രെ ഇവിടെ. പരമേശ്വരൻ ഒളിച്ചു വച്ച ശിവജടയാണ് വലിയ ഗുഹാമുഖങ്ങൾക്കുള്ളിൽ ഇപ്പോൾ കൂറ്റൻ കൽത്തൂണുകളായി നിൽക്കുന്നതെന്ന് വിശ്വാസം.
തിരക്കായിട്ടില്ല. വഴിയോരക്കടകളെല്ലാം മഞ്ഞയും നീലയും പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിക്കിടന്നു. സന്ദർശകരായി ഞങ്ങളുടെ സംഘം മാത്രം.
''ഹർ ഹർ മഹാദേവ്....''
മഹാരാഷ്ട്ര ഗ്യാങ് ഉറക്കെ വിളിച്ച് ഓളം വച്ച് നടന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും മാറാല പിടിച്ച ത്രിശൂലങ്ങളും ലക്ഷണമൊക്കാത്ത ശിൽപ്പങ്ങളുമെല്ലാം ചേർന്ന് പ്രാചീനമായ ഗുഹാമുഖങ്ങളുടെ ചാരുത കുറച്ചൊക്കെ കവർന്നെടുത്തിട്ടുണ്ട്. പാറയിടുക്കിലൂടെ നുഴഞ്ഞു കയറിയാൽ, ഗുഹയ്ക്കുള്ളിൽ ഒഴുകുന്ന കുഞ്ഞരുവിയിൽനിന്ന് വെള്ളം കോരിയെടുത്ത് ശിവലിംഗത്തിൽ അഭിഷേകം നടത്താം. വിയറ്റ്നാമിലെ ഹാങ് സുങ് സോട് ഗുഹാശൃംഖലയെ ഓർമിപ്പിക്കുന്ന, അത്രയും വലുപ്പമില്ലാത്തതും അതിനെക്കാൾ ദുർഘടവുമായ ജടാശങ്കർ കണ്ടിറങ്ങി മണിയടിച്ച് മടങ്ങുമ്പോൾ കോൺക്രീറ്റ് പാത വിജനം. കൂട്ടം തെറ്റിയിരിക്കുന്നു, പക്ഷേ, വഴി തെറ്റിയിട്ടില്ല. ഇനി തെറ്റിയാലും ചോദിക്കാൻ വഴിയിൽ കുരങ്ങന്മാരല്ലാതെ മറ്റു ജീവികളൊന്നുമില്ല.
പ്ലാസ്റ്റിക് പുതച്ച വഴിയോരക്കടകളുടെ അടയാളം പിടിച്ച്, കൈയാലകളിൽ മുക്കുറ്റി പോലുള്ള കുഞ്ഞു പൂക്കളുടെ സമൃദ്ധിയും കണ്ട് തിരികെ ബസിനടുത്തു തന്നെയെത്തി. ആന്ധ്ര ടീമിലെ അണ്ണൻ ബസിറങ്ങിയ സ്ഥലത്തു തന്നെ ഒരു ഒഴിഞ്ഞ കടയിൽ കയറി ഇരിപ്പാണ്. വെറുതേ ബസിൽ കയറി വന്നെന്നേയുള്ളൂ. മലയിടുക്ക് താണ്ടി അമ്പലത്തിൽ പോകാനൊന്നും വയ്യ. തെലുങ്ക് മാത്രം സംസാരിക്കുന്ന പുള്ളിക്കൊരു കമ്പനി കൊടുത്ത് അവിടെ മിണ്ടാതിരുന്നു. കൂട്ടത്തിലുള്ളവർ എനിക്കു മിസ്സായ വല്ല കാഴ്ചയും കാണാൻ പോയോ എന്നറിയാൻ വിളിച്ചു നോക്കി. ഇല്ല, ഒന്നും മിസ്സായിട്ടില്ല, അവരങ്ങനെ ആടിപ്പാടി വരുന്നതേയുള്ളൂ.
മോഹിത്ജിയും ത്രിപാഠിയും കൂടി ഒരുവിധം എല്ലാവരെയും പെറുക്കിക്കൂട്ടി ബസിൽ കയറ്റി വീണ്ടും ഹോട്ടലിലേക്ക്. എല്ലാവരും ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് വെള്ളച്ചാട്ടത്തിൽ കുളിക്കാൻ കുട്ടിനിക്കറും തോർത്തുമായി ഓപ്പൺ ജീപ്പിൽ കയറിയിരിപ്പാണ്. അങ്ങനെ, ബീ ഫോൾസ് യാത്ര മുടക്കി ഭീംബേട്ക ഉറപ്പാക്കാനുള്ള അവസാന ഗൂഢാലോചനയും പരാജയപ്പെട്ടു.
ജടാശങ്കർ ഗുഹാക്ഷേത്രത്തിലേക്കുള്ള വഴിയോരക്കാഴ്ച.
കോൺക്രീറ്റിങ് നടക്കുന്ന റോഡുകളുടെ ഇടുക്കവും കുടുക്കവും കടന്നൊരു കുന്നിൻമുകളിലെ മരക്കൂട്ടങ്ങൾക്കിടയിലുള്ള പാർക്കിങ് ഏരിയയിൽ ജീപ്പുകൾ ചെന്നു നിന്നു. അതിരപ്പിള്ളി പോലെ താഴേക്ക് കുത്തിറക്കം ഇറങ്ങിപ്പോകണം. ഇതെങ്ങനെ തിരിച്ചുകയറുമെന്ന് ഓരോ പടിയും വിളിച്ചു ചോദിച്ചുകൊണ്ടിരുന്നു. കാട്ടരുവിയിലെ ചെറിയ കുത്തൊഴുക്കും ഒരു വെള്ളച്ചാട്ടത്തിന്റെ മിനിയേച്ചർ എന്നു പറയാവുന്ന ബീഫോൾസും.
ഉദിത് നാരായണിന്റെ രൂപസാദൃശ്യമുള്ള മിലൻ നനഞ്ഞ മുടിയിളക്കി സംഗീതയെ നോക്കി ഹിന്ദി പാട്ട് പാടി. ഉമർ വഴിയേ പോകുന്നവരെക്കൊണ്ടെല്ലാം വിവിധ ക്ലീഷേ പോസുകളിൽ സ്വന്തം ഫോട്ടൊ എടുപ്പിക്കുന്നതു തുടർന്നു. എത്രയും വേഗം ഹോട്ടലിലേക്കു മടങ്ങണം, ഭീംബേട്ക മിസ് ചെയ്യരുതെന്ന് നിർബന്ധമുള്ളവർ വേറെയുമുണ്ട് കൂട്ടത്തിൽ.
പച്മഡിയിലെ ജടാശങ്കർ ഗുഹാക്ഷേത്രത്തിനുള്ളിൽ നിന്ന് പുറത്തേക്കുള്ള കാഴ്ച.
പച്മഡിയിലേക്കുള്ള യാത്രയിലെന്ന പോലെ മടക്കത്തിലും പഞ്ചാബി ധാബയിൽ നിന്നു തന്നെ ഭക്ഷണം. പോയപ്പോഴത്തേതു പോലുള്ള കയറ്റുകട്ടിലും കുറുകെ വച്ച പലകയിലെ പലഹാരങ്ങളുമൊന്നുമല്ല, സാദാ മേശയും കസേരയുമൊക്കെ തന്നെ. തിരിച്ച് ബസിൽ കയറി ഒരുറക്കം കൂടി കഴിഞ്ഞ് വീണ്ടും ലൊക്കേഷൻ ഇട്ടു നോക്കി. ജടാശങ്കറിലും ബീഫോൾസിലുമെല്ലാം പരമാവധി നേരം വൈകിച്ച മഹാരാഷ്ട്ര ഗ്യാങ് ഇപ്പോൾ ആശങ്കാകുലരാണ്. അവർക്കെല്ലാം രാത്രി ഫ്ളൈറ്റ് പിടിക്കണം, ഞങ്ങൾക്കൊക്കെ പുലർച്ചെയാണ് മടക്കം.
മോഹിത്തിന്റെ ചിരിക്കുന്ന മുഖത്തിനു പിന്നിലെ ഗൂഢ പദ്ധതികൾ ഞങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഭീംബേട്ക ഒഴിവാക്കി നേരേ ഭോപ്പാൽ എയർപോർട്ട് പിടിക്കാനുള്ള മുംബൈ - പൂനെ സംഘങ്ങളുടെ നിർദേശം അദ്ദേഹം സ്വീകരിച്ചെന്നു തന്നെ തോന്നിച്ചു. പക്ഷേ, ഒരിക്കൽക്കൂടി ഗൂഗ്ൾ മാപ്പ് നോക്കുമ്പോൾ, ഭീംബേട്കയിലേക്കുള്ള ചെറിയ വഴിയിലൂടെയാണ് വണ്ടി നീങ്ങുന്നതെന്നു മനസിലായി!
(തുടരും)