ഓംകാരേശ്വറിലെ ഏകാത്മ ധാം- ശ്രീശങ്കര പ്രതിമ.
File
മധ്യപ്രദേശ് ട്രാവൽ മാർട്ടിനോടനുബന്ധിച്ച് നടത്തിയ മാധ്യമ സംഘത്തിന്റെ പര്യടനം. കാലടിയിൽ ജനിച്ച ആദിശങ്കരൻ അദ്വൈതം പഠിച്ച ഓംകാരേശ്വറിലെ 108 അടി ഉയരമുള്ള ഏകാത്മ ധാം, കേരളത്തിൽ നിന്ന് മധ്യപ്രദേശിലേക്ക് ടൂറിസ്റ്റുകൾ അധികം വരാത്തതിനെക്കുറിച്ചുള്ള ചർച്ച. വി.കെ. സഞ്ജു എഴുതിയ എട്ടു ഭാഗങ്ങളുള്ള മധ്യപ്രദേശ് യാത്രാവിവരണം. സാഞ്ചി സ്തൂപം, പച്മഡി, ധൂപ്ഗഢ്, ഭീംബേട്ക ഗുഹാചിത്രങ്ങൾ, ഭോപ്പാൽ ട്രൈബൽ മ്യൂസിയം, ഓംകാരേശ്വർ, മധ്യപ്രദേശിലെ മലയാളി സമൂഹം എന്നിവ ഉൾപ്പെടുന്ന, ടൂറിസം ബോർഡിന്റെ ക്ഷണപ്രകാരമുള്ള മാധ്യമ പര്യടനത്തിലെ അനുഭവങ്ങൾ, ഭാഗം 7.
വി.കെ. സഞ്ജു
അന്നു തന്നെ മടങ്ങേണ്ടവരെയെല്ലാം ഡിപ്പാർച്ചർ ഗേറ്റ് ക്ലോസ് ചെയ്യുന്നതിനു തൊട്ടു മുൻപ് എയർപോർട്ടിൽ എത്തിച്ചു. ഞങ്ങൾ വീണ്ടും ഹോട്ടലിലേക്ക്. പച്മഡിയിലേക്കു പോകാൻ ചെക്കൗട്ട് ചെയ്യണമെന്നു പറഞ്ഞപ്പോൾ ലഗേജ് എടുക്കണമെന്നു പ്രത്യേകം പറഞ്ഞില്ലെന്ന കാരണത്താൽ സംഗീത ഹാൻഡ് ബാഗ് മാത്രമെടുത്താണ് വന്നിരിക്കുന്നത്. പക്ഷേ, അവസാന ദിവസത്തെ താമസം മറ്റൊരു ഹോട്ടലിലും. ആദ്യം താമസിച്ച ഹോട്ടലിലേക്കു തന്നെ തിരിച്ചുപോകണമെന്ന് അവർ വാശി പിടിച്ചതോടെ ഭോപ്പാൽ നഗരമധ്യത്തിൽ ഞങ്ങളുടെ അർബേനിയ കുറച്ചു സമയം മാർഗതടസം സൃഷ്ടിച്ചു. പിന്നെ, അവരുടെ പഴയ ഹോട്ടലിൽ പോയി ലഗേജ് എടുത്ത് ഞങ്ങളുടെ ഹോട്ടലിലേക്ക്. അന്ന് എല്ലാവരും അവിടെയാണ്. ഇന്നെങ്കിലും ഡിന്നറിന് വല്ല നോൺ വെജ് തരമാക്കാം എന്നു വിചാരിച്ചപ്പോൾ, അതൊക്കെ ടൂറിസം ബോർഡ് മുൻകൂർ ബുക്ക് ചെയ്തിട്ടുണ്ട്- വെജ് ബുഫെ വിത്ത് പുഴുങ്ങിയ മുട്ട തന്നെ!
ഭാഷയുടെയും ഭക്ഷണത്തിന്റെയും പ്രശ്നം കൊണ്ടാണ് സൗത്ത് ഇന്ത്യക്കാർ മധ്യ പ്രദേശിലേക്കു ടൂർ വരാത്തതെന്ന കണ്ടുപിടിത്തം നടത്തിയ അഡീഷണൽ ചീഫ് സെക്രട്ടറിയെ ഞങ്ങൾ അപ്പോൾ ഉച്ചത്തിൽ സ്മരിച്ചു. സത്യത്തിൽ, ഹിന്ദി അൽപ്പം വീക്ക് ആണെങ്കിലും സൗത്ത് ഇന്ത്യക്കാർക്ക് ഭാഷ അത്ര വലിയൊരു പ്രായോഗിക പ്രശ്നമാകാറില്ല. പിന്നെ, ഭക്ഷണത്തിന്റെ കാര്യം പറഞ്ഞാൽ, ഏതു നാട്ടിൽ ചെന്നാലും അവിടത്തെ സ്പെഷ്യാലിറ്റി രുചിച്ച് നോക്കുക കൂടി ചെയ്താലേ ആ യാത്രയ്ക്കൊരു പൂർണത വരൂ. സംഗതി, ചോറും ചാളക്കറിയും വേണമെന്നൊക്കെ തോന്നുമെങ്കിലും ഉള്ളതു വച്ച് അഡ്ജസ്റ്റ് ചെയ്യാനും നമുക്കറിയാം. ബീഫൊന്നുമില്ലെങ്കിലും, പുഴുങ്ങിയ മുട്ടയ്ക്കു പകരം ഇച്ചിരെ ചിക്കൻ 65 എങ്കിലും വയ്ക്കാമായിരുന്നു എന്നു തോന്നി.
നേരിട്ട് ഫ്ളൈറ്റ് കിട്ടാതെ മാറിക്കയറി വരുന്നതിന്റെ കഷ്ടപ്പാട് ഓർക്കുമ്പോഴാണ് മലയാളികൾ പല ഉത്തരേന്ത്യൻ നഗരങ്ങളിലേക്കുമുള്ള വിനോദയാത്ര വേണ്ടെന്നു വയ്ക്കാറുള്ളതെന്നും അന്നു ഞങ്ങൾ അഡീഷണൽ ചീഫ് സെക്രട്ടറിയോടു പറഞ്ഞിരുന്നു. പക്ഷേ, ഭാഷയും ഭക്ഷണവുമാണ് പ്രശ്നമെന്ന സ്വന്തം കണ്ടെത്തലിൽ നിന്നു മാറി ചിന്തിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ളതു പോലെ. എസിഎസ് പോകാൻ നേരം ഞങ്ങൾ രണ്ടു മലയാളികളെ തിരിച്ചറിഞ്ഞ് ഒരു കുഴപ്പിക്കുന്ന ചോദ്യം കൂടി ചോദിച്ചു:
''കേരളത്തിലെ കാലടിയും മധ്യപ്രദേശിലെ ഓംകാരേശ്വറും തമ്മിൽ ഒരു ബന്ധമുണ്ട്, എന്താണെന്നു പറയാമോ?''
ഉത്തരം കിട്ടില്ലെന്ന് ഉറപ്പുള്ള ചിരിയോടെ അദ്ദേഹം സ്വന്തം ചോദ്യത്തിനു പെട്ടെന്നു തന്നെ മറുപടിയും പറഞ്ഞു:
''കാലടിയിൽ ജനിച്ച ശങ്കരാചാര്യർ ധ്യാനിച്ചിട്ടുള്ള സ്ഥലമാണ് ഓംകാരേശ്വർ, അവിടെയിപ്പോൾ അദ്ദേഹത്തിന്റെ പ്രതിമയും നിർമിച്ചിരിക്കുന്നു!''
ഓംകാരേശ്വറിലെ ഏകാത്മ ധാം- ശ്രീശങ്കര പ്രതിമ.
ഹൈന്ദവവിശ്വാസമനുസരിച്ച്, 'ഓം' എന്നതിന്റെ ആകൃതിയുള്ള ദ്വീപാണ് ഓംകാരേശ്വർ. ശിവ ഭഗവാന്റെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇവിടെയാണ് തന്റെ ഗുരുവായ ഗോവിന്ദ ഭഗവദ്പാദരെ ആദിശങ്കരൻ കണ്ടുമുട്ടുന്നതും അദ്വൈത വേദാന്തം അഭ്യസിക്കുന്നതും.
ശങ്കരന്റെ ജ്ഞാനോദയത്തിനു വേദിയായ ഓംകാരേശ്വറിൽ നർമദാ തീരത്ത് മാന്ധാതാ പർവതത്തിലാണ് 108 അടി ഉയരമുള്ള 'ഏകാത്മ ധാം' നിർമിച്ചിരിക്കുന്നത്. പന്ത്രണ്ടാം വയസിലെ ബാലശങ്കര രൂപമാണ് പ്രതിമയ്ക്കു നൽകിയിരിക്കുന്നത്.
നാലുപാടും കരയാൽ ചുറ്റപ്പെട്ട സംസ്ഥാനമാണ് മധ്യപ്രദേശ്. കേരളത്തിലെയോ ഗോവയിലെയോ പോലെ കടലും ബീച്ചുമൊന്നുമില്ല. എങ്കിലും മധ്യ പ്രദേശിലെ വലിയ തടാകങ്ങളിൽ സ്കൂബ ഡൈവിങ് പോലുള്ള വിനോദങ്ങൾ ഏർപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളെക്കുറിച്ചൊക്കെ ടൂറിസം അധികൃതർ വിശദമായി സംസാരിച്ചു.
മധ്യ പ്രദേശ് ഭരണകൂടം എന്നതിന്റെ ചുരുക്കമായി മ. പ്ര. ശാസൻ എന്നെഴിതിയിരിക്കുന്ന കാർ.
അതും പറഞ്ഞ് അവർ പോയ കാറിന്റെ പിന്നിൽ മപ്ര ശാസൻ എന്ന് ഹിന്ദിയിൽ എഴുതിയിരുന്നു. മധ്യ പ്രദേശ് ഭരണകൂടം എന്നാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ മപ്ര ശാസന്റെ തണലിൽ നാലഞ്ചു ദിവസം ഇന്ത്യയുടെ ഹൃദയത്തിൽ കുളിച്ചുണ്ട് മടങ്ങുമ്പോൾ, ദക്ഷിണേന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചുമൊക്കെ അന്നാട്ടുകാർക്കുള്ളത് അത്ര മോശം പ്രതിച്ഛായയല്ലെന്ന ധാരണ കിട്ടിയിരുന്നു. എസിഎസ് സാബിനെ കണ്ട് സാഞ്ചിയിലേക്കു പോകാൻ അർബേനിയയിൽ കയറി ഇരിക്കുമ്പോൾ ഡ്രൈവർ പറയുന്നുണ്ടായിരുന്നു, ''ഗുജറാത്തികളും മഹാരാഷ്ട്രക്കാരും എപ്പോഴും ലേറ്റാണ്, സൗത്തിന്ത്യക്കാർ ഓൺ ടൈമാണ്, കണ്ടില്ലേ....''
വൈകി വന്ന ഉത്തരേന്ത്യൻ വസന്തങ്ങൾ ഹോട്ടലിലേക്കുള്ള വഴിയിൽ ദേശി ദാരു (നാടൻ മദ്യം) കിട്ടുമോ എന്ന് ഡ്രൈവറോട് അന്വേഷിക്കുന്നുണ്ടായിരുന്നു. കിട്ടും പക്ഷേ, വേണമെങ്കിൽ ഓട്ടോ പിടിച്ച് പൊയ്ക്കോളണം, അല്ലാതെ വഴിയിലൊന്നും താൻ വണ്ടി നിർത്തി തരില്ലെന്ന് ഡ്രൈവർ കട്ടായം പറഞ്ഞു.
(തുടരും)