കൊച്ചി: ലണ്ടനിൽനിന്ന് പത്തനംതിട്ട വരെ ഒറ്റയ്ക്ക് കാറിൽ യാത്ര ചെയ്ത രാജേഷ് കൃഷ്ണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അനുഭവങ്ങൾ പങ്കുവയ്ക്കാനെത്തുന്നു. 'യാത്ര കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും' എന്ന സെഷനിലാണ് രാജേഷ് പങ്കെടുക്കുക. പുഴു, ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നീ ചിത്രങ്ങളിലൂടെ സിനിമ നിര്‍മാണ രംഗത്തെത്തിയ രാജേഷ്, മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്‍റെയും സഹ നിര്‍മാതാവാണ്.
49 ദിവസം നീണ്ട ലണ്ടൻ ടു കേരള സോളോ യാത്രയിൽ 19 രാജ്യങ്ങളിലെ 75 മഹാനഗരങ്ങളിലൂടെയാണ് രജേഷ് കടന്നുപോയത്. ഓരോ യാത്രയിലൂടെയും അനുഭവിച്ചറിഞ്ഞത് പ്രകൃതിയുടെ മനോഹര ദൃശ്യങ്ങൾ മാത്രമല്ലെന്നും, വിവിധ നാടുകളിലെ മനുഷ്യരുടെ പച്ചയായ ജീവിതങ്ങൾ കൂടിയാണെന്നും രാജേഷ് പറയുന്നു.
ഓരോ യാത്രകളും സമ്മാനിക്കുന്നത് പുതിയ അറിവുകളും കാഴ്ചപ്പാടുകളുമാണ്. ചിന്തകള്‍ക്ക് പുതിയമാനം നല്‍കാന്‍ യാത്രകള്‍ക്കു സാധിക്കുമെന്നും രാജേഷ്. മനസിനു നല്‍കാവുന്ന ഏറ്റവും നല്ല ഔഷധമാണ് യാത്രകളെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
താന്‍ നടത്തിയ മനോഹരയാത്രകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ച് വായനക്കാര്‍ക്ക് കുളിര്‍മയേകുന്ന യാത്രാനുഭവം സമ്മാനിക്കുന്നതിനായി രാജേഷ് പുസ്തകവും പുറത്തിറക്കുന്നുണ്ട്. യാത്രകളില്‍ കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിതങ്ങളും രാഷ്ട്രീയവും ഏകാന്തയാത്രയുടെ സൗന്ദര്യവും എല്ലാം ചര്‍ച്ച ചെയ്യുന്ന പുസ്തകത്തിന്‍റെ പ്രസാധകര്‍ ഡിസി ബുക്‌സാണ്.
ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 23 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചിലാണ് നടത്തുന്നത്. യാത്ര കണ്ടറിഞ്ഞതും വായിച്ചറിഞ്ഞതും എന്ന സെഷനില്‍ രാജേഷിനെ കൂടാതെ, സുജിത് ഭക്തന്‍, ബാബു പണിക്കര്‍ എന്നിവരും പങ്കെടുക്കും. ഹണി ഭാസ്‌കരനാണ് മോഡറേറ്റര്‍.