.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കഴക്കൂട്ടം അത്ര ചെറിയ കളമല്ല
പി.ബി. ബിച്ചു
തിരുവനന്തപുരം: എൽഡിഎഫിനായി സിറ്റിങ് എംഎൽഎയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ, എൻഡിഎയ്ക്കു വേണ്ടി മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, യുഡിഎഫിനായി മുൻ എംഎൽഎ ടി. ശരത് ചന്ദ്രപ്രസാദ് എന്നിവർ തെരഞ്ഞെടുപ്പ് ഗോദയിൽ കളം നിറഞ്ഞതോടെ ടെക് സിറ്റി എന്നു വിളിക്കപ്പെടുന്ന കഴക്കൂട്ടത്ത് തീ പാറുന്ന ത്രികോണ പോരാട്ടമാണ് ഇത്തവണ.
തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ ഭാഗമായ മണ്ഡലത്തിൽ ടെക്നോപാർക്ക്, ഇൻഫോസിസ്, മെഡിക്കൽ കോളെജ്, വൻകിട ഷോപ്പിങ് മാളുകൾ, അപ്പാർട്ട്മെന്‍റുകൾ ഉൾപ്പടെ തിരക്കറിയ പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടുന്നു. 2016ൽ കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചാണ് കടകംപള്ളി സുരേന്ദ്രൻ ഇവിടെനിന്ന് നിയമസഭയിലേക്കെത്തിയത്. 2021ലും കടകംപള്ളിയെ തുണച്ച മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയതു ശ്രദ്ധേയമായി.
സീറ്റ് നിലനിർത്താൻ എൽഡിഎഫും തിരികെ പിടിക്കാൻ യുഡിഎഫും ഒരുങ്ങുമ്പോൾ വലിയ അട്ടിമറി വിജയമാണ് എൻഡിഎ പ്രതീക്ഷ. ഈഴവ, നായർ സമുദായങ്ങൾക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ 20-23 ശതമാനത്തോളം മുസ്‌ലിം വോട്ടുകളുമുണ്ട്. കൂടാതെ ക്രിസ്ത്യൻ, നാടാർ വിഭാഗങ്ങളും എസ്‌സി, എസ്ടി വിഭാഗം വോട്ടുകളും നിർണായകമാണ്.
1965ല്‍ രൂപീകരിച്ച ഈ മണ്ഡലത്തിൽ നിന്നായിരുന്നു 1977ലെ ഉപതെരഞ്ഞെടുപ്പില്‍ 8,000ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എ.കെ. ആന്‍റണി മുഖ്യമന്ത്രിയായത്. ആദ്യകാലത്ത് യുഡിഎഫിന്‍റെ ശക്തമായ കോട്ടയായിരുന്ന കഴക്കൂട്ടം പിന്നീട് ഇടതുസ്വഭാവം കാട്ടിത്തുടങ്ങിയതോടെ യുഡിഎഫിന്‍റെ ഭൂരിപക്ഷവും കുറഞ്ഞുതുടങ്ങി.
1982ല്‍ എം.എം. ഹസന്‍ വെറും 1,193 വോട്ടിനായിരുന്നു സിപിഎം സ്ഥാനാര്‍ഥി തോപ്പില്‍ ധര്‍മജനെ പരാജയപ്പെടുത്തിയത്. മാസങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ 1987ല്‍ നബീസ ഉമ്മാളിനെ സ്വതന്ത്രയായി മത്സരിപ്പിച്ച് ഇടതുപക്ഷം ജയം കണ്ടു. പിന്നീട് സിപിഎം വിട്ടെത്തി സിഎംപി സ്ഥാപിച്ച മുൻ മന്ത്രി എം.വി. രാഘവനു സുരക്ഷിത മണ്ഡലം വേണമെന്നു പറഞ്ഞപ്പോള്‍ 1991ല്‍ യുഡിഎഫ് അവസരം നല്‍കിയതു കഴക്കൂട്ടത്തായിരുന്നു. അന്ന് നബീസ ഉമ്മാളിനെ വെറും 689 വോട്ടിനാണ് രാഘവന്‍ പരാജയപ്പെടുത്തിയത്. പിന്നീടു 96ല്‍ സ്വതന്ത്രൻ ഇ.എ. റഷീദിനെ വീഴ്ത്തി കടകംപള്ളി ആദ്യ വിജയം സ്വന്തമാക്കി. എന്നാല്‍ 2001ല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന എം.എ. വാഹിദ് സ്വതന്ത്രനായി മത്സരിച്ച് രണ്ടു മുന്നണികളെയും തോല്‍പിച്ച് മണ്ഡലം പിടിച്ചു. ലീഗിനായിരുന്നു യുഡിഎഫില്‍ സീറ്റ്. 2016 വരെ വാഹിദ് മണ്ഡലം നിലനിര്‍ത്തി. 2016ല്‍ ബിജെപി ശക്തമായി വോട്ടുപിടിച്ചതോടെ വാഹിദ് മൂന്നാമതായി. കടകംപള്ളി വീണ്ടും നിയമസഭയിലേക്ക്. 2021ലും ഈ മണ്ഡലം കടകംപള്ളിക്കൊപ്പം നിന്നു.
1996ലും 2016ലും 2021ലും ഒപ്പം നിന്ന കഴക്കൂട്ടം നാലാമതും തന്നെ തുണയ്ക്കുമെന്ന ആത്മവിശ്വാസമാണ് മുൻ ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളിക്കുള്ളത്. ശബരിമല സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെ ശക്തമായ ആരോപണങ്ങളാണ് പ്രതിപക്ഷവും ബിജെപിയും ഉന്നയിക്കുന്നതെന്നതിനാൽ 10 വർഷത്തെ വികസനം പറഞ്ഞാണ് കടകംപള്ളി ജനങ്ങളിലേക്കിറങ്ങുന്നത്. എന്നാൽ, വർഷങ്ങൾക്ക് മുമ്പു പണി തുടങ്ങിയ കഴക്കൂട്ടം- കുളത്തൂർ റോഡിന്‍റെ പൂർത്തീകരണം നടക്കാത്തതും സിവറേജ് ലൈനുകളുടെ നിർമാണം തീർക്കാത്തതും ഗതാഗതക്കുരുക്കുമെല്ലാം വലിയ ചർച്ചയാണ്.
വര്‍ഷങ്ങളോളം കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ഉറപ്പോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ടി. ശരത്ചന്ദ്ര പ്രസാദിന്‍റെ പ്രചാരണം. ചെമ്പഴന്തി എസ്എൻ കോളെജ് വിദ്യാഭ്യാസ കാലത്ത് വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ശരത്ചന്ദ്ര പ്രസാദിന് മണ്ഡലത്തിലുള്ള വിപുലമായ ബന്ധമാണ് മുതൽക്കൂട്ട്. മുൻകാല തെരഞ്ഞെടുപ്പുകളിൽ ഏറിയ കൂറും വിജയിച്ചത് കോൺഗ്രസാണെന്നതും മുൻതൂക്കമാണ്. പക്ഷേ, 2016 തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനക്കാരായപ്പോൾ കിട്ടിയ വോട്ടുകളിൽ 2021ൽ വീണ്ടും കുറവ് സംഭവിച്ചത് മറികടക്കുക എന്നതും വെല്ലുവിളിയാണ്.
ശബരിമല യുവതീപ്രവേശന വിഷയം ഉയര്‍ത്തി മറ്റു മുന്നണികള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് പ്രചാരണവേളയില്‍ ശരത്ചന്ദ്ര പ്രസാദ് ഉന്നയിക്കുന്നത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന നിലപാടില്‍ സിപിഎം ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണോ എന്നും സുപ്രീം കോടതി വിധിക്കെതിരേ നിയമം വേണമെന്ന് കോണ്‍ഗ്രസ് പലതവണ പറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ തയാറായില്ലെന്നും ശരത് ചോദിക്കുന്നു.
രണ്ടാം സ്ഥാനം ഒന്നാക്കാനുള്ള കഠിന പ്രയത്നത്തിലാണ് എൻഡിഎ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനമാണ് അവരുടെ ആത്മവിശ്വാസം കൂട്ടുന്ന ഘടകം. കഴക്കൂട്ടം മണ്ഡലത്തിലെ 13 നഗരസഭാ വാർഡുകളിലും വിജയിച്ചത് ബിജെപിയാണ്.
9 വാർഡുകളിൽ എൽഡിഎഫിന് ജയിക്കാനായപ്പോൾ യുഡിഎഫിന് രണ്ട് വാർഡുകകൾ മാത്രമാണ് ലഭിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ 42,732 വോട്ട് നേടി മണ്ഡലത്തില്‍ രണ്ടാമതെത്താന്‍ കഴിഞ്ഞതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രന്‍ ശക്തമായ പോരാട്ടം നടത്തിയതുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി വി. മുരളീധരന്‍റെ ആത്മവിശ്വാസം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപിക്കു കഴിഞ്ഞതും മണ്ഡലത്തില്‍ പ്രതിഫലിക്കുമെന്നാണ് മുരളീധരൻ പറയുന്നത്.
ടെക്നോ പാർക്ക് ഉൾപ്പെടെ ഐടി കമ്പനികൾ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ പരമ്പരാഗത രീതികളിൽ നിന്നും വിട്ടുമാറി ന്യൂജെൻ യുവാക്കളെ ആകർഷിക്കാനുള്ള ഡിജിറ്റൽ പ്രചാരണ തന്ത്രങ്ങളും മൂന്നു മുന്നണികളും പയറ്റുന്നു.