.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചിയിലെ സീൻ ആർക്കനുകൂലം?
symbolic image
ജിബി സദാശിവൻ
കൊച്ചി: ടൂറിസം ഭൂപടത്തിൽ പ്രശസ്തമായ പഞ്ചായത്തുകളായ ചെല്ലാനവും കുമ്പളങ്ങിയും കൊച്ചി കോർപ്പറേഷനിലെ മട്ടാഞ്ചേരിയും ഫോർട്ട്കൊച്ചിയും തോപ്പുംപടിയുമടക്കം 20 വാർഡുകളും ചേരുന്നതാണ് കൊച്ചി നിയമസഭാ മണ്ഡലം. ഇത്തവണ എറണാകുളം ജില്ലയില്‍ ഏറ്റവും കരുത്തുറ്റ പോരാട്ടത്തിനു സാക്ഷ്യം വഹിക്കുന്ന മണ്ഡലവും കൊച്ചിയാണ്.
2016ലും 2021ലും വിജയിച്ചു കയറിയ സിപിഎമ്മിന്‍റെ കെ.ജെ. മാക്സിയെ തന്നെയാണ് ഇടതുപക്ഷം ഇത്തവണയും സ്ഥാനാർഥിയാക്കിയിരിക്കുന്നത്. ജില്ലയിൽ കോൺഗ്രസിന്‍റെ സ്ഥാനാർഥി നിർണയ ചർച്ചകളിലെ കീറാമുട്ടിയായി നിന്നതും കൊച്ചിയിലെ സ്‌ഥാനാർഥിത്വമാണ്.
തന്‍റെ അടുത്ത അനുയായി കൂടിയായ ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനു വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയാണ് ഇവിടെ സീറ്റ് ഉറപ്പിച്ചത്. കേരളത്തിലെ ഏറ്റവും മിടുക്കനായ ഡിസിസി അധ്യക്ഷനാണ് ഷിയാസെന്നും ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നിങ്ങൾ ഷിയാസിനെ പരിഗണിക്കുക എന്നുമായിരുന്നു സതീശൻ ഉയർത്തിയ ചോദ്യം.
ഇടതു സ്ഥാനാർഥിയെ അപേക്ഷിച്ച് പ്രചാരണം വൈകിയാണ് തുടങ്ങിയതെങ്കിലും ഷിയാസും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ്. ഒരു സ്ഥാനാർഥിയുടെ മാത്രമായി എവിടേയും പോസ്റ്ററുകൾ കാണാൻ കഴിയില്ല. ഒരു ഭാഗത്ത് മാക്സിയുടേത് ഉണ്ടെങ്കിൽ മറുഭാഗത്ത് ഷിയാസിന്‍റെതും ഉണ്ടാകും. ത്രികോണ മത്സരത്തിന്‍റെ ഒരു സൂചനയുമില്ലാത്ത മണ്ഡലത്തിൽ മത്സരം മാക്സിയും ഷിയാസും തമ്മിലാണെന്ന് മണ്ഡലത്തിലൂടെ യാത്ര ചെയ്താൽ അറിയാം. "മാക്സി തുടരും കൊച്ചി വളരും' എന്ന മുദ്രാവാക്യവുമായി ഇടതുമുന്നണിയും "നമ്മുടെ കൊച്ചി നമ്മുടെ ഷിയാസ് ' എന്ന മുദ്രാവാക്യവുമായി വലതുപക്ഷവും നേരിട്ട് കൊമ്പ് കോർക്കുന്നു.
പുത്തൻതോട് മുതൽ മാനാശേരി വരെ എല്ലാ മഴക്കാലത്തും ആർത്തടിച്ചെത്തുന്ന തിര വീടുകളിലൂടെ കയറിയിറങ്ങിപ്പോകും. പിന്നെ കുറെക്കാലം സ്കൂളുകളിലെ പുനരധിവാസ ക്യാംപുകളിലോ ബന്ധുവീടുകളിലോ ആണ് ഇവരുടെയൊക്കെ ജീവിതം. തിരിച്ചുവരുമ്പോൾ വീടുകളുടെ നല്ലൊരു ഭാഗം മണലിൽ പൂഴ്ന്നിട്ടുണ്ടാവും. ഈ പ്രദേശങ്ങളിലെ മിക്ക വീടുകളുടേയും തറ മണൽ നിറഞ്ഞിരിക്കുകയാണ്. ചെല്ലാനത്ത് മാത്രമാണ് ടെട്രാപാഡ് ഉള്ളത്. ഇവിടെയാകട്ടെ ഇപ്പോൾ ഏറെക്കുറെ ശാന്തമാണ്.
"ഇവിടിപ്പോ സീൻ ഒന്നുമില്ലെന്ന് ' നാട്ടുകാർ പറയുന്നു. ചെല്ലാനത്ത് ടെട്രാപാഡ് ഉപയോഗിച്ച് കടൽഭിത്തി നിർമിച്ചത് മാത്രമല്ല, മനോഹരമായ നടപ്പാത കൂടി ഇവിടെ നിർമിച്ചിട്ടുണ്ട്. ചെല്ലാനം മുതൽ പുത്തൻതോട് വരെയുള്ള 7.3 കിലോമീറ്റർ ദൂരം ടെട്രാപോഡ് കടൽഭിത്തി സ്ഥാപിച്ചതു തന്നെയാണ് ഈ മേഖലയിൽ ഇടതുപക്ഷത്തിന്‍റെ പ്രധാന പ്രചരണായുധം. 347 കോടി രൂപ മുടക്കിയായിരുന്നു കടൽഭിത്തി നിർമാണം. വർഷകാലമായാൽ ഇപ്പോഴും രൂക്ഷമായ കടലാക്രമണം നേരിടുന്ന പുത്തൻതോട്, കണ്ണമാലി, ചെറുകടവ്, കാട്ടിപ്പറമ്പ് മാനാശേരി വരെയുള്ള കടൽഭിത്തി നിർമാണത്തിന്‍റെ ഉദ്ഘാടനം മാർച്ച് ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. 6.1 കിലോമീറ്റർ നീളത്തിൽ 404 കോടി രൂപ മുടക്കിയാണ് ഇതിന്‍റെ നിർമാണം. കടൽഭിത്തി ഇടതുപക്ഷത്തിന് അനുകൂലമാകുമോയെന്ന ആശങ്ക യുഡിഎഫിനും ഇല്ലാതെയില്ല.
എന്നാൽ ഇതൊന്നും വോട്ട് ചെയ്യുന്നതിനെ ബാധിക്കില്ലെന്ന് പറയുന്നവരുമുണ്ട്.ഇത് അടിവരയിടുന്നതാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പു ഫലം. ചെല്ലാനം പഞ്ചായത്തിലെ 21 വാർഡുകളിൽ 12 എണ്ണം യുഡിഎഫും ആറെണ്ണം എൽഡിഎഫുമാണ് നേടിയത്. കുമ്പളങ്ങി പഞ്ചായത്തിലെത്തുമ്പോൾ 11 സീറ്റുകൾ യുഡിഎഫും അഞ്ചെണ്ണം എൽഡിഎഫുമാണ്. കൊച്ചി കോർപ്പറേഷനിലെ 20 വർഡുകളിൽ എട്ടെണ്ണം വീതം ഇരു മുന്നണികളും വിജയിച്ചപ്പോൾ എൻഡിഎയ്ക്ക് കിട്ടിയത് 3 സീറ്റുകൾ.
ഓരുവെള്ള ഭീഷണി നേരിടുന്ന കുമ്പളങ്ങി പഞ്ചായത്തും കൊച്ചി മണ്ഡലത്തിലാണ്. നല്ല റോഡുകൾ ഇല്ലാത്തതും കുമ്പളങ്ങിക്കാരുടെ വർഷങ്ങളായുള്ള പരാതിയാണ്.
മുസ്‍ലിം ലീഗ് സ്ഥിരമായി ജയിച്ചുകൊണ്ടിരുന്ന മട്ടാഞ്ചേരി 2011ലെ മണ്ഡല പുനർനിർണയത്തിലൂടെ കൊച്ചി മണ്ഡലമായി. ഇതോടെ സിറ്റിങ് എംഎൽഎ ആയിരുന്ന അന്തരിച്ച വി.കെ. ഇബ്രാഹിം കുഞ്ഞ് കളമശേരിയിലേക്ക് ചുവടുമാറ്റി. 2011ൽ വിജയിച്ചത് കോൺഗ്രസിന്‍റെ ഡൊമിനിക് പ്രസന്‍റേഷൻ. എന്നാൽ 2016ൽ കളം മാറി. ഡൊമിനിക്കിനെതിരേ ശക്തമായ ജനവികാരത്തിലൂടെ കെ.ജെ. മാക്സി എന്ന കോർപ്പറേഷൻ കൗൺസിലറിലൂടെ സിപിഎം മണ്ഡലം പിടിച്ചു.
ഒരേ സമുദായക്കാർ ആയിരുന്നിട്ടും യുഡിഎഫിന് വേണ്ടി മത്സരിച്ച മുൻ മേയർ ടോണി ചമ്മിണി 2021ൽ പരാജയപ്പെട്ടു. ടോണി ചമ്മിണി വൈപ്പിനിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയാണ്. കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചെങ്കിലും കൊച്ചി നിയമസഭാ മണ്ഡലത്തിൽ വരുന്ന ഡിവിഷനുകളിൽ ഇരുമുന്നണികളും എട്ടു സീറ്റുകൾ വീതമാണ് നേടിയത്.
ഇത്തവണയും കൊച്ചിക്കാരൻ എന്ന പ്രതിച്ഛായ മാക്സിക്കുണ്ട്. എന്നാൽ ഷിയാസ് മണ്ഡലത്തിൽ അപരിചിതനുമല്ല. ഊർജസ്വലനായ ഡിസിസി അധ്യക്ഷൻ എന്ന പേര് ഷിയാസിനുണ്ട്.
ഷിയാസ് എത്തിയതോടെ മണ്ഡലത്തിലെ പ്രവർത്തകരും ആവേശത്തിലാണ്. ഇവിടെ സീനൊന്നുമില്ലെന്ന് ഇരു പാർട്ടികളും അവകാശപ്പെടുന്നുണ്ടെങ്കിലും സീൻ ആർക്ക് അനുകൂലമാകുമെന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം.