പശ്ചിമ ബംഗാളിലെ ഫാൽത്തയിൽ മുഴുവൻ ബൂത്തുകളിലും 21ന് റീപോളിങ്

 

symbolic image

Election

പശ്ചിമ ബംഗാളിലെ ഫാൽത്തയിൽ മുഴുവൻ ബൂത്തുകളിലും 21ന് റീപോളിങ്

29ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ ബിജെപിയുടെ ചിഹ്നത്തിനു നേരേയുള്ള ബട്ടൺ മറച്ച് ടേപ്പ് ഒട്ടിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

MV Desk

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഫാൽത്ത അസംബ്ലി മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷൻ 21ന് മുഴുവൻ ബൂത്തുകളിലും റീപോളിങ് പ്രഖ്യാപിച്ചു. 29ന് നടന്ന വോട്ടെടുപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നാണ് അസാധാരണവും അത്യപൂർവവുമായ നടപടി. 21ന് 285 പോളിങ് ബൂത്തുകളിലും കനത്ത സുരക്ഷയിൽ വോട്ടെടുപ്പു നടക്കും. 24നാകും വോട്ടെണ്ണൽ. അഥവാ സംസ്ഥാനത്തു പുതിയ സർക്കാർ വന്നശേഷമാകും ഫാൽത്തയിൽ തെരഞ്ഞെടുപ്പ്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണു കമ്മിഷൻ നടപടി.

29ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ ബിജെപിയുടെ ചിഹ്നത്തിനു നേരേയുള്ള ബട്ടൺ മറച്ച് ടേപ്പ് ഒട്ടിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ കമ്മിഷൻ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും പോളിങ് ബൂത്തുകളിൽ അനധികൃതമായി പലരും കയറിയെന്നും വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്തിനു ശ്രമിച്ചെന്നും കണ്ടെത്തി. ഇതേത്തുടർന്നാണു മണ്ഡലത്തിലെ വോട്ടെടുപ്പ് പൂർണമായി റദ്ദാക്കിയത്.

പോളിങ് ബൂത്തുകൾക്കുള്ളിൽപ്പോലും വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതും പോളിങ്ങിൽ ഇടപെടുന്നതും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്വതന്ത്രമായി വോട്ട് ചെയ്യാൻ വോട്ടർമാർക്കു സാധിച്ചോ എന്നതിൽ സംശയമുണ്ടെന്നാണു നിരീക്ഷകർ റിപ്പോർട്ട് നൽകിയത്.

കമ്മിഷൻ തീരുമാനം ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ സ്വാഗതം ചെയ്തു. തൃണമൂലിന്‍റെ ഭീഷണി നേരിട്ട വോട്ടർമാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ വിജയമാണിതെന്നു മജുംദാർ. ആരോപണത്തിൽ കഴമ്പില്ലെന്ന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി പറഞ്ഞു. എന്നാൽ, പശ്ചിമ ബംഗാളിലും അസമിലും വ്യാപക ക്രമക്കേടുണ്ടായെന്നു കോൺഗ്രസ് നേതാവ് റഷീദ് ആൽവി പറഞ്ഞു. ജഹാംഗീർ ഖാനാണ് ഫാൽത്തയിൽ തൃണമൂൽ സ്ഥാനാർഥി. ബിജെപിക്കു വേണ്ടി ദേബാങ്ഷു പാണ്ഡയും കോൺഗ്രസിനു വേണ്ടി അബ്ദുർ റസാക്ക് മുല്ലയും മത്സരിക്കുന്നു. 2021ൽ 41000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് തൃണമൂൽ കോൺഗ്രസിന്‍റെ ശങ്കർ കുമാർ നസ്കർ ജയിച്ച മണ്ഡലമാണിത്.

മേഘവും ഇരുട്ടും പ്രശ്നമല്ല; ഇന്ത്യൻ ഉപഗ്രഹം ദൃഷ്ടി ഭ്രമണപഥത്തിൽ

സൺറൈസേഴ്സിനെ 'അട്ടിമറിച്ച' നൈറ്റ് റൈഡേഴ്സിനു സ്ഥാനക്കയറ്റം

''ബ്രിജ് ഭൂഷണിന്‍റെ ആറ് ഇരകളിൽ ഒരാൾ ഞാൻ തന്നെ'', ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

ഗണേഷ് കുമാറും കെ.കെ. ഷൈലജയും തോൽക്കും, ബിജെപിക്ക് 2 സീറ്റ്; കേരളത്തിൽ തുടർഭരണം പ്രവചിച്ച് കനഗോലു!

സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ; ഞായറാഴ്ച 5 ജില്ലകളിൽ യെലോ അലർട്ട്