പോർട്ട് ഓറഞ്ച് സ്വദേശിയായ 31 കാരൻ ലൂക്ക് ഹെർബർട്ടാണ് ഫ്ലാഗർ കൗണ്ടി ഷെരീഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ഫ്ലോറിഡ: ഒരു വർഷത്തോളമായി അജ്ഞാത നമ്പറുകളിൽ നിന്ന് തുടർച്ചയായി ഫോൺ വിളിച്ചും വ്യാജ പരാതി നൽകിയും യുവതിയെ ദ്രോഹിച്ച ഫ്ലോറിഡ സ്വദേശി അറസ്റ്റിലായി. പോർട്ട് ഓറഞ്ച് സ്വദേശിയായ 31 കാരൻ ലൂക്ക് ഹെർബർട്ടാണ് ഫ്ലാഗർ കൗണ്ടി ഷെരീഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ഒരു വർഷത്തോളമായി ആയിരക്കണക്കിനു കോളുകൾ ചെയ്ത് യുവതിയെ പ്രതി ബുദ്ധിമുട്ടിച്ചിരുന്നു. ഒരു ആഴ്ചയിൽ മാത്രം യുവതിയുടെ ഫോണിലേയ്ക്ക് ഇയാൾ 213 തവണയാണ് വിളിച്ചത്. ഇന്‍റർനെറ്റ് അധിഷ്ഠിത നമ്പറുകളും ബ്ലോക്കു ചെയ്ത നമ്പറുകളും ഉപയോഗിച്ചാണ് ഇയാൾ വിളികൾ നടത്തിയിരുന്നത്.
ഫോൺ വിളികൾക്കു പുറമേ യുവതിയുടെ കുടുംബത്തിനെതിരേ ശിശു സംരക്ഷണ വകുപ്പിനു വ്യാജ ശിശു പീഡന പരാതിയും ഇയാൾ നൽകി. എന്നാൽ അന്വേഷണത്തിൽ ഈ പരാതി വ്യാജമാണെന്നു തെളിഞ്ഞു.
സൈബർ ക്രൈം യൂണിറ്റിന്‍റെ സഹായത്തോടെ നടത്തിയ വിദഗ്ധ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. സ്റ്റാക്കിങ്, വ്യാജ പരാതി നൽകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റു ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.