സഹോദരിമാരുടെ എഐ നഗ്ന ഫോട്ടോകൾ പുറത്തുവിടുമെന്ന് ഭീഷണി; ഹരിയാനയിൽ 19കാരൻ ജീവനൊടുക്കി

 
Crime

സഹോദരിമാരുടെ എഐ നഗ്ന ഫോട്ടോകൾ പുറത്തുവിടുമെന്ന് ഭീഷണി; ഹരിയാനയിൽ 19കാരൻ ജീവനൊടുക്കി

പണം നൽകിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും വിഡിയോയും പുറത്തുവിടുമെന്നായിരുന്നു ഭീഷണി.

നീതു ചന്ദ്രൻ

ഫരീദാബാദ്: സഹോദരിമാരുടെ എഐ നഗ്നചിത്രങ്ങളും വിഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ ഹരിയാനയിൽ 19കാരൻ ആത്മഹത്യ ചെയ്തു. ഫരീദാബാദിലെ ഡിഎവി കോളെജ് വിദ്യാർഥിയായ രാഹുൽ ഭാർതിയാണ് മരിച്ചത്. രാഹുലിന്‍റെയും മൂന്നു സഹോദരിമാരുടെയും മുഖം ചേർത്തു നിർമിച്ച എഐ നഗ്ന ചിത്രങ്ങളും അശ്ലീല വീഡിയോയും പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെട്ടതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ച മുൻപ് രാഹുലിന്‍റെ ഫോൺ ഹാക്ക് ചെയ്താണ് സഹോദരിമാരുടെ ചിത്രങ്ങൾ കൈക്കലാക്കിയത്.

പിന്നീട് സഹിൽ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്ന് രാഹുലിന്‍റെയും സഹോദരിമാരുടെയും നഗ്നചിത്രങ്ങൾ കാണിച്ച് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിന്‍റെ തെളിവുകൾ പൊലീസ് രാഹുലിന്‍റെ സമൂഹമാധ്യമങ്ങളിലെ ചാറ്റുകളിൽ നിന്ന് കണ്ടെത്തി. പണം നൽകിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും വിഡിയോയും പുറത്തുവിടുമെന്നായിരുന്നു ഭീഷണി. 15 ദിവസത്തോളമായി രാഹുൽ ശരിയായി ഭക്ഷണം പോലും കഴിക്കാതെ മുറിയിൽ തന്നെ അടച്ചിരിക്കുകയായിരുന്നുവെന്ന് അച്ഛൻ മനോജ് ഭാർതി പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച രാവിലെ 7 മണിയോടെ രാഹുൽ അമിതമായി ഗുളികകൾ കഴിക്കുകയായിരുന്നു.

അവശ നിലയിലായ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുലിന്‍റെ പിതാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. രാഹുലിന്‍റെ ഫോൺ അന്വേഷണത്തിന്‍റെ ഭാഗമായി പിടിച്ചെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥൻ സുനിൽ കുമാർ വ്യക്തമാക്കി.

"പരാതി നൽകിയത് 15 വർഷങ്ങൾക്ക് ശേഷം''; സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

"പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ, മുടക്കുന്നവരുടെ കൂടെയല്ല''; സിപിഐയ്ക്ക് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം

മുസ്തഫാബാദ് ഇനി കബീർധാം എന്നറിയപ്പെടും; വീണ്ടും സ്ഥലപ്പേര് മാറ്റി യോഗി സർക്കാർ

മുഖ്യമന്ത്രിയുടെ അനുനയ ശ്രമവും പാളി; പിഎം ശ്രീയിൽ നിലപാടിലുറച്ച് സിപിഐ

ഡിജിറ്റൽ അറസ്റ്റ്; സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസയച്ചു