നിക്കി ഭാട്ടിയും പ്രതി വിപിൻ ഭട്ടിയും
ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ തീകൊളുത്തിക്കൊന്ന കേസിൽ 4 പേർ അറസ്റ്റിൽ. മരിച്ച യുവതി നിക്കി ഭാട്ടിയുടെ ഭർത്താവ്, ഭർതൃ മാതാവ്, ഭർതൃ സഹേദരൻ, ഭർതൃ പിതാവ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ശനിയാഴ്ച നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയെ അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ ഞായറാഴ്ചയോടെ മാതാവിനെയും തിങ്കളാഴ്ച രാവിലെയോടെ പിതാവിനെയും സഹോദരനേയും അറസ്റ്റു ചെയ്യുകയായിരുന്നു.
ഓഗസ്റ്റ് 21 നാണ് ഭർത്താവ് വിപിനും വീട്ടുകാരും ചേർന്ന് നിക്കിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. നിക്കിയുടെ ആറു വയസുകാരനായ മകന്‍റെയും സഹോദരി കാഞ്ചനയുടെയും മുന്നിൽ വച്ചായിരുന്നു കൊലപാതകം.
2016 ഡിസംബർ 10 നാണ് നിക്കിയുടെയും സഹോദരി കാഞ്ചനയുടെയും വിവാഹം കഴിഞ്ഞത്. സഹോദരന്മാരായ വിപിൻ നിക്കിയെയും, രോഹിത് കാഞ്ചനയെയുമാണ് വിവാഹം ചെയ്തത്. വിവാഹ സമയത്ത് അച്ഛൻ കാർ, ബൈക്ക്, പണം, എന്നിവ സ്ത്രീധനമായി നൽകിയിരുന്നു.
വിവാഹത്തിന് ശേഷവും അച്ഛൻ അവർക്ക് പണം നൽക്കാറുണ്ടായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷം നിക്കിയെ വിപിൻ സ്ത്രീധനത്തിന്‍റെ പേരിൽ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് കാഞ്ചന പറഞ്ഞു. വ്യാഴാഴ്ച രാത്രി വിപിന്‍റെ മുന്നിൽവച്ച് അയാളുടെ മാതാപിതാക്കളാണ് നിക്കിയെ തീകൊളുത്തിയതെന്നും, സഹോദരങ്ങളായ വിപിനും രോഹിതിനും മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നും എന്നും കാഞ്ചന പറഞ്ഞു.
സംഭവത്തിന്‍റെ നടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നിക്കിയുടെ ഭർത്താവ് വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് നിക്കിയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ദൃശ്യങ്ങളിലുളളത്. മറ്റൊരു വിഡിയോ ദൃശ്യത്തിൽ തീപടർന്ന ശരീരവുമായി നിക്കി പടിക്കെട്ടുകളിലൂടെ ഓടുന്നതും ഒടുവിൽ നിലത്തിരിക്കുന്നതും കാണാം. സഹോദരി കാഞ്ചനയാണ് ദൃശ്യങ്ങൾ പകർത്തിയത്.