ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് നടത്തുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

 

Freepik.com

Crime

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

പ്രമുഖ ആശുപത്രികളുടെ ഒപി അപ്പോയിന്‍റുകൾക്കായും കോൺടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ് നടക്കുന്നതെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്.

Thiruvananthapuram Bureau

തിരുവനന്തപുരം: പ്രമുഖ ആശുപത്രികളുടെ ഒപി അപ്പോയിന്‍റുകൾക്കായും കോൺടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ്.

വ്യാജ എപികെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് സാമ്പത്തിക തട്ടിപ്പ്. ഗൂഗിൾ സെർച്ചിൽ കാണുന്ന വ്യാജ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുമ്പോൾ, ആശുപത്രി ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി 'ഹോസ്പിറ്റൽ അപ്പോയ്മെന്‍റ് ബുക്കിങ്' എന്ന പേരിലോ സമാനമായോ ഉള്ള വ്യാജ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ (എപികെ) ഫയലുകൾ അയച്ചുകൊടുക്കുന്നു. ഇത് ഇൻസ്റ്റോൾ ചെയ്യുന്നതോടെ ഉപയോക്താവിന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും രഹസ്യവിവരങ്ങൾ, ഒടിപി, യുപിഐ സേവനങ്ങൾ എന്നിവ ചോർന്ന് അനധികൃത സാമ്പത്തിക ഇടപാടുകൾ നടക്കുകയും ചെയ്യുന്നു.

ഫോണിലുള്ള ഫോൺ പേ, ഗൂഗിൾ പേ, തുടങ്ങിയ യുപിഐ ആപ്പുകൾ തെറ്റായി ദുരുപയോഗം ചെയ്യപ്പെടാനും, ഉപയോക്താവ് അറിയാതെ ഇതേ ഫോണിൽ മറ്റ് പേയ്മെന്‍റ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടാനും സാധ്യതയുണ്ട്. പ്രത്യേകിച്ചും യുപിഐ ലൈറ്റ് സജീവമാക്കിയിട്ടുള്ള ഫോണുകളിൽ, പരിധിക്കുള്ളിലുള്ള ചെറിയ തുകകളുടെ കൈമാറ്റത്തിന് പ്രത്യേക ഒടിപി ആവശ്യമായി വരാറില്ല. അതിനാൽ 1,000 രൂപയിൽ താഴെയുള്ള ചെറിയ തുകകളുടെ തുടർച്ചയായ വ്യാജ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ചെറിയ തുകയാണെന്നു കരുതി അവഗണിക്കരുതെന്നും പൊലീസ് വ്യക്തമാക്കുന്നു.

  • ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ഗൂഗിൾ സെർച്ചിൽ കാണുന്ന നമ്പറുകൾ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വെരിഫൈഡ് സോഷ്യൽ മീഡിയ പേജുകൾ വഴിയോ മാത്രം സ്ഥിരീകരിക്കുക.

  • അപ്പോയിൻമെന്‍റ് ബുക്കിങ്, കെവൈസി, റീഫണ്ട് തുടങ്ങിയ ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് വഴി ലഭിക്കുന്ന എപികെ ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റോൾ ചെയ്യരുത്.

  • ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് മാത്രം ഇൻസ്റ്റോൾ ചെയ്യുക.

  • അപരിചിതമായ ആപ്പുകൾക്ക് എസ്എംഎസ്, നോട്ടിഫിക്കേഷൻസ്, കോൺടാക്റ്റ്സ്, ഫോൺ തുടങ്ങിയ പെർമിഷനുകൾ നൽകാതിരിക്കുക.

  • വ്യാജ എപികെ ഇൻസ്റ്റോൾ ചെയ്തതായി സംശയം തോന്നിയാൽ ഉടൻ ഇന്‍റർനെറ്റ് വിച്ഛേദിച്ച് ബാങ്കുമായോ യുപിഐ സർവീസ് പ്രൊവൈഡറുമായോ ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാക്കണം.

  • സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലോ പരാതി നൽകണം.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്