എൽദോസ് കുന്നപ്പിള്ളി 
Crime

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസ്: മൊഴിമാറ്റിയിട്ടില്ലെന്ന് പരാതിക്കാരി

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയിട്ടില്ലെന്നും മൊഴിമാറ്റിയെന്ന വാർത്ത പൂർണ്ണമായും തെറ്റാണെന്നും പരാതിക്കാരി വ്യക്തമാക്കി

Thiruvananthapuram Bureau

തിരുവനന്തപുരം: മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ മൊഴി മാറ്റിയെന്ന വാർത്ത തെറ്റാണെന്ന് പരാതിക്കാരി. കോടതിയിൽ പ്രതികൾക്ക് അനുകൂലമായി ഒരു മൊഴിയും നൽകിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ വിചാരണ നടപടികൾ നെയ്യാറ്റിൻകര കോടതിയിൽ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പരാതിക്കാരിയും പ്രതികളും കോടതിയിൽ ഹാജരായിരുന്നു. പ്രതികളെ തിരിച്ചറിയൽ നടപടിക്കുശേഷം പരാതിക്കാരിക്ക് അസ്വസ്ഥത ഉണ്ടാകുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതേത്തുട‍ർന്ന് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. അടച്ചിട്ട കോടതിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്.

അതിനിടെ, പരാതിക്കാരി അടക്കം നാലുപേർ കൂറുമാറിയെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, താൻ മൊഴിമാറ്റിയിട്ടില്ലെന്നും അത്തരത്തിലുള്ള പ്രചരണം തെറ്റാണെന്നും പരാതിക്കാരി പറഞ്ഞു. തിരിച്ചറിയൽ നടപടികൾക്കായി നാലുപേർ പ്രതിക്കൂട്ടിൽ ഉണ്ടായിരുന്നു. ഇതിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. അപ്പോഴേക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടനെ തന്നെ മാറ്റിയിരുത്തി. അതിനുശേഷം കേസ് അടുത്ത ദിവസം പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് താൻ ആശുപത്രിയിലേക്കു പോയെന്നും പരാതിക്കാരി പറഞ്ഞു.

നിലവിൽ കേസുമായി മുന്നോട്ട് പോകുകയാണ്. കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദമുണ്ട്. പ്രതികളെ തിരിച്ചറിയുന്ന നടപടി മാത്രമാണുണ്ടായത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ കുറ്റപത്രത്തില്‍ പറയുന്നു. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്.

അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്തതെന്നാണ് പരാതി. 2022 ജൂലൈ നാലിനായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ച് എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നും കുറ്റപത്രത്തില്‍ പറയുന്നു. കോവളത്ത് വച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്. എംഎല്‍എ ബലാത്സംഗം ചെയ്തത് അഞ്ച് വര്‍ഷമായി പരിചയമുള്ള യുവതിയെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കെസി ഇടപെട്ടു; കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്

സെപ്റ്റംബർ 15നും വൈദ‍്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി

അങ്കമാലിയിൽ ട്രാഫിക് പരിഷ്കാരം: മൂന്ന് ദിവസം ട്രയൽ റൺ

അയോധ്യ രാമക്ഷേത്ര സിഇഒ നിയമനത്തെച്ചൊല്ലി വിവാദം; അഭിമുഖത്തിന് ഹാജരാകാത്ത ആളെ സിഇഒയായി നിയമിച്ചെന്ന് ആരോപണം

ഏകദിനത്തിൽ ഏറ്റവും കൂടുതൽ കാലം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം; സച്ചിന്‍റെ റെക്കോഡ് തകർത്ത് സിംബാബ്‌വെൻ താരം