

36 ലക്ഷത്തിന്‍റെ കടം, വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗകുടുംബത്തെ കണ്ടെത്തി
പാലക്കാട്: വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി. കർണാടകയിലെ ചാമരാജ് നഗറിൽ ഒരു ഫാം ഹൗസിൽ നിന്നാണ് ഷൊർണൂർ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കുടുംബത്തെ കണ്ടെത്തിയത്. കാണാതായി ഏഴ് ദിവസത്തിനു ശേഷമാണ് മൂവരേയും കണ്ടെത്തിയത്.
ഏകദേശം 300-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കുടുംബം ചാമരാജ് നഗറിലുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. മൈസൂരിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയാണിത്. ബിസിനസുമായി ബന്ധപ്പെട്ട 36 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയാണ് ഇവരെ നാടുവിടാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇവരിൽ നിന്ന് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മൊഴിയെടുത്ത ശേഷം കുടുംബവുമായി പൊലീസ് സംഘം കേരളത്തിലേക്ക് മടങ്ങും.
കുടുംബത്തെ കാണാതായതിനു പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആസൂത്രിതമായി തീരുമാനമെടുത്താണ് കുടുംബം പോയതെന്ന് വ്യക്തമായിരുന്നു. പാലും പത്രവും ഉൾപ്പെടെ വിതരണം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. മൂവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആക്കിയതും അന്വേഷണത്തെ ബാധിച്ചു. തിരച്ചിലിനായി ബാബു ഭാസ്കറിന്റെ മൂത്തമകൻ വൈശാഖും കർണാടകയിൽ എത്തിയിരുന്നു.